കോടികളുടെ ബാങ്ക് തട്ടിപ്പ്; മുൻ മന്ത്രി മൊയ്തീനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: കോടിക്കണക്കിനു രൂപ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അ‌നധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തയാറെടുക്കുന്നു.

സി പി എം ഭരണം കയ്യാളുന്ന ബാങ്കിൽ നിന്ന് 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകൾ പറയുന്നു. അ‌ന്ന് സഹകരണ മന്ത്രിയായിരുന്ന മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം.

മുൻ സഹകരണ രജിസ്ട്രാർമാർ, തട്ടിപ്പിന്റെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയ ജില്ലാകമ്മിറ്റിയംഗം സി.കെ.ചന്ദ്രൻ, പ്രധാന പ്രതികളായ ബാങ്ക് മുൻ മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, പ്രധാന പ്രതിയായ മുൻ സെക്രട്ടറി സുനിൽകുമാറിന്റെ അച്ഛൻ എന്നിവരും മൊയ്തീന് പങ്കുണ്ടെന്ന് മൊഴിനൽകിയിരുന്നു.

സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനെയും വീണ്ടും ചോദ്യം ചെയ്യും.തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്ക് ഇഡി നോട്ടീസയച്ചിട്ടുണ്ട്.

വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു അമ്പലപ്പുരത്തെയുംവിളിപ്പിക്കും. കൂടുതൽ വിശദാംശങ്ങൾ തേടിയതിനു
ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക.

ഊ കേസിൽ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു.ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപട്ടികയിൽ അൻപത്തഞ്ചോളം പേരാണ് ഉണ്ടായിരുന്നത്.