കരുവന്നൂർ സഹ.ബാങ്ക് നടപടി വൈകില്ലെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറികളെക്കുറിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ നടപടികൾ ഉണ്ടാവുമെന്ന് സൂചന. ബാങ്കിലെ തട്ടിപ്പുകൾക്ക് പിന്നിൽ സി പി എം സംസ്ഥാന സമിതി നേതാക്കൾ ഉണ്ടെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് പറയുന്നത്.ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും അവർ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മൽസരിക്കുന്ന എൻ ഡി എ സ്ഥാനാർഥിയായ ഡോ.ടി.എൻ.സരസുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ നടപടികൾ താമസിയാതെ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സി പിഎം ഭരണസമിതിയുള്ള സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച് വിശദാംശങ്ങൾ കൈവശമുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ കർശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എൻഡിഎയുടെ വനിതാ സ്ഥാനാർഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് ‌‌സരസുവുമായി പ്രധാനമന്ത്രി സംസാരിച്ചത്.. ഇതിനിടെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് സരസു, പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുകയായിരുന്നു.

സംഭാഷണം ഇങ്ങനെ:

സരസു: കേരളത്തിൽ സിപിഎം നേതാക്കൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ഒരു പ്രശ്നമുണ്ട്. പാവപ്പെട്ടവർ ബാങ്കിൽ നിക്ഷേപിച്ച പണമാണ് അവർ കൊള്ളയടിക്കുന്നത്. അവർക്ക് പണം തിരികെ ലഭിക്കുന്നില്ല. അതിനാൽ, ഇവിടെയുള്ള ആളുകളിൽ നിന്ന് വലിയ പരാതിയുണ്ട്. ഇതിൽ താങ്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

മോദി: സ്ഥാനാർഥി എന്ന നിലയിൽ നിങ്ങൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട്. ഇത് നല്ല കാര്യമാണ്. ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ഇതിനെ കുറിച്ചു ചില വിശദാംശങ്ങൾ അറിയാം.
നിങ്ങൾ പറഞ്ഞത് ശരിയാണ്, ഒരുപാട് പാവപ്പെട്ടവരെ ഇതു ബാധിച്ചു. ഇതിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നമ്മുടെ സർക്കാർ കർശനമായ നടപടിയെടുക്കും. പാവപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും. ഇതു സംബന്ധിച്ച് ഞാൻ നിയമോപദേശം തേടും. ഇ.ഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടെ സാധാരണക്കാരുടെ പണം ഉൾപ്പെട്ടിരിക്കുന്നു. ഓരോ പൈസയും ബന്ധപ്പെട്ട വ്യക്തിക്ക് തിരികെ നൽകും. ഞങ്ങൾ അത് ഉറപ്പായും ചെയ്യും.

അതേസമയം, പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലായിരിക്കെ നേരിട്ട വിഷയങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറ്റു കാര്യങ്ങളെക്കുറിച്ചും സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കോളജിൽ സരവു പ്രിൻസിപ്പലായിരിക്കെ 2016 മാർച്ചിൽ വിരമിക്കുന്ന സമയത്ത്, എസ്എഫ്ഐ പ്രവർത്തകർ കോളേജ് മുറ്റത്തു കുഴിമാടം നിർമിച്ചു യാത്രയയപ്പു നൽകിയ സംഭവം വിവാദമായിരുന്നു.

തൻ്റെ സ്ഥാനാർഥിത്വം എസ് എഫ് ഐയ്ക്ക് ഉള്ള മറുപടിയാണെന്ന് ഡോ.സരസു പറഞ്ഞു. കുറെക്കാലം ഇടത് അധ്യാപക സംഘടനയുടെ ഭാഗമായിരുന്നു ഞാൻ. പക്ഷേ, പാർട്ടി അംഗത്വമൊന്നും ഉണ്ടായിരുന്നില്ല.

ഞാൻ വിരമിച്ചപ്പോൾ കോളജിലെ എസ്എഫ്ഐക്കാർ എനിക്കൊരു കുഴിമാടം ഉണ്ടാക്കിത്തന്നു. അന്ന് എന്നെ ആശ്വസിപ്പിക്കുകയും കൂടെനിൽക്കുകയും ചെയ്തത് ബിജെപി പ്രവർത്തകരാണ്. ഇന്നും അവർ എനിക്കൊപ്പം ഉണ്ട്. ഞാൻ ബിജെപിയിലേക്കു പോയതിന്റെ കാരണം അതാണ്.

ക്യാംപസ് രാഷ്ട്രീയം ഇവിടെ ഹൈക്കോടതി നിരോധിച്ചതാണ്. പക്ഷേ, ഇവിടത്തെ സർക്കാർ അത് നടപ്പാക്കിയില്ല. എസ്എഫ്ഐ ക്രൂരന്മാരെ സർക്കാർ അഴിച്ചു വിട്ടിരിക്കുകയാണ്. ഒരു പയ്യനെ പച്ചവെള്ളം പോലും കൊടുക്കാതെ അവർ പീഡിപ്പിച്ചു കൊന്നു. അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല.

പരീക്ഷ എഴുതിയില്ലെങ്കിലും അവർ പാസാകും.രക്ഷിതാക്കൾ മക്കളെ കോളജുകളിലേക്ക് അയയ്ക്കുന്നത് പഠിച്ച് വലിയ നിലയിലെത്താനാണ്. പക്ഷേ, അവരുടെ ചേതനയറ്റ ശരീരം തിരിച്ചു വന്നാൽ എങ്ങനെയിരിക്കും ? അവർ ചോദിച്ചു.