ടെൽഅവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം തീരുന്നു. പതിനഞ്ച് മാസത്തോളമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് വിരാമം കുറിക്കുന്ന വെടിനിർത്തൽ കരാറിന് നെതന്യാഹു നയിക്കുന്ന ഇസ്രയേലിലെ സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗത്തിൽ അംഗീകാരമായി.കരാർ ഞായറാഴ്ച നിലവിൽ വരും.
24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നതിന് അനുകൂലമായി നിലപാടെടുത്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തു ബന്ദികളുടെ കൈമാററം സംബന്ധിച്ച രേഖ സർക്കാർ അംഗീകരിച്ചു എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.
കരാർ പ്രകാരം ആറാഴ്ചത്തെ വെടിനിർത്തലാണ് പ്രാബല്യത്തിൽ വരിക. ഹമാസ് ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെ വിട്ടയയ്ക്കും. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസതീൻ തടവുകാർക്കും മോചനം ലഭിക്കും.
അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യഥാര്‍ത്ഥ്യമായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചിരുന്നു.