ജനവാസമേഖലയിൽ കാട്ടാനയിറങ്ങി

In Main Story
October 11, 2023

കണ്ണൂർ: ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയതോടെ കണ്ണൂർ ഉളിക്കലിൽ നാട്ടുകാർ ആശങ്കയിൽ. ഉളിക്കൽ ടൗണിലെ കടകൾ അടച്ചിട്ടു. വയത്തൂർ വില്ലേജിലെ അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി നല്കി.

മലയോര ഹൈവേയോട് ചേർന്ന ഉളിക്കൽ നഗരത്തിന്‍റെ ഒത്തനടുക്കായാണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. വനാതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഉളിക്കൽ. ചൊവ്വാഴ്ച അർധരാത്രിയാണ് കാട്ടാന നഗരത്തിലെത്തിയത്. രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.

വനംവകുപ്പും പോലീസും ആർആർസി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചുറ്റും ജനവാസമേഖലയായതിനാൽ നിലവിലെ സാഹചര്യത്തിൽ ആനയെ വനത്തിലേക്ക് തുരത്തുന്നത് വെല്ലുവിളിയാണ്. മയക്കുവെടി വച്ച് ആനയെ കാട്ടിൽ കൊണ്ടുവിടുന്നതാണ് പ്രായോഗികമെന്നാണ് കണക്കൂകൂട്ടൽ.

ആനയിറങ്ങിയ സാഹചര്യത്തിൽ ജനങ്ങളോട് ഉളിക്കൽ ടൗണിലേക്ക് എത്തരുതെന്നും ആനയെ കാണാൻ കൂട്ടംകൂടരുതെന്നും അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതികൾ ഉൾപ്പെടെ നിർത്തിവച്ചിരിക്കുകയാണ്.