ബി ജെ പി വീണ്ടും നേടും; 300 സീററിൽ ജയിക്കും- പ്രശാന്ത് കിഷോർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ ജനരോഷമൊന്നുമില്ലെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചുരുങ്ങിയത്  300 മണ്ഡലങ്ങളിലെങ്കിലും ജയിക്കുമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. പ്രവചിക്കുന്നു. ഇന്ത്യ ടു ഡേ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുക അസാധ്യമാണ്.”ബിജെപിക്ക് 370 സീറ്റും എൻഡിഎ 400 സീറ്റും കടക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞപ്പോൾ അതിനു സാധ്യതയില്ലെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു.

പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കാനൂള്ള ശ്രമമായിരുന്നു മോദിയുടേത്. ബി ജെ പി 270 സീറ്റിന് താഴേയ്ക്കും പോകില്ല. മുൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച അതേ സീറ്റുകൾ തന്നെ ബിജെപിക്ക് നേടാനാകും. അത് 303 സീറ്റുകളോ അല്ലെങ്കിൽ കുറച്ചുകൂടി അധികമോ ആയിരിക്കും.

ബിജെപിയ്ക്ക് രാജ്യത്തിൻ്റെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാവില്ല.
തെക്കും കിഴക്കും സീറ്റുകൾ കുതിച്ചുയരും. അതുകൊണ്ടാണ 300 സീറ്റുകൾ ലഭിക്കുമെന്ന് താൻ കരുതുന്നത്.

2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി 303 സീറ്റുകൾ നേടിയത് എവിടെ നിന്നെല്ലാമായിരുന്നു എന്ന് പരിശോധിക്കണം.303 സീറ്റുകളിൽ 250 ഉം വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ നിന്നായിരുന്നു.

കിഴക്കൻ, തെക്ക് മേഖലകളിൽ ബിജെപിക്ക് നിലവിൽ 50 സീറ്റുകളാണുള്ളത്. ഈ മേഖലകളിൽ ബിജെപിയുടെ വോട്ട് വിഹിതം ഗണ്യമായി വർധിക്കും. അതിനാൽ, മൊത്തത്തിൽ, കിഴക്കും തെക്കും അവരുടെ സീറ്റ് വിഹിതം 15-20 സീറ്റുകൾ വരെ കൂടും. അതേസമയം വടക്കും പടിഞ്ഞാറും കാര്യമായ നഷ്ടവും ഉണ്ടാവില്ല- പ്രശാന്ത് കിഷോർ വിശദീകരിക്കുന്നു.