January 18, 2025 8:07 pm

മഹാരാഷ്ട്ര: വോട്ടുകണക്കിൽ അഞ്ചുലക്ഷത്തിന്റെ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ‘ദി വയർ ‘ എന്ന  ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി സഖ്യത്തിനായിരുന്നു വിജയം.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പോളിംഗ് ഡാറ്റയും ഓരോ പോളിംഗ് സ്റ്റേഷനിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഫോം 17 സിയും സംബന്ധിച്ച് ഉന്നയിച്ച ആശങ്കകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ പൊരുത്തക്കേടുകള്‍. .

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പൊരുത്തക്കേടുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഡാറ്റ സുതാര്യതയുടെയും കൃത്യതയും സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിപ്പിക്കുന്നു . വ്യക്തത തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും ‘വയര്‍’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് കണക്കുകള്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ എട്ടുമണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവായിരുന്നു എണ്ണിയ വോട്ടുകളുടെ എണ്ണം. ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയിരുന്നു. പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും പ്രകടമായ പൊരുത്തക്കേടുകള്‍ സംഭവിച്ചിരിക്കുന്നത്.

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണപ്പെട്ട പട്ടികയില്‍ ഉള്‍പ്പെട്ട വിവിധ മണ്ഡലങ്ങളിലെ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. നവപൂര്‍ (പട്ടികവര്‍ഗം) അസംബ്ലി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം മൊത്തം വോട്ടര്‍മാരുടെ എണ്ണം 2,95,786 ആയിരുന്നു,തിരഞ്ഞെടുപ്പ് ദിവസം 2,40,022 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് കണക്ക്. എന്നാല്‍ നിലവിലെ ഫലപ്രഖ്യാപനത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ എണ്ണിയത് 2,41,193 വോട്ടുകളാണ്. ഇത് പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 1,171എണ്ണം കൂടുതലാണ്. ഇവിടെ വിജയിച്ച ഭൂരിപക്ഷം 1,122 വോട്ടുകളാണ്.

മാവല്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം മൊത്തം വോട്ടര്‍മാരുടെ എണ്ണം 3,86,172 ആണ്. തിരഞ്ഞെടുപ്പ് ദിവസം പോള്‍ചെയ്തത് 2,80,319 വോട്ടുകളായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണപ്പെട്ട വോട്ടുകള്‍ 2,79,081 ആയിരുന്നു. ഇത് പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 1,238 വോട്ടുകള്‍ കുറവാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News