ന്യൂഡൽഹി: യോഗാചാര്യൻ ബാബാ രാംദേവിൻ്റെ പതഞ്ജലിയുടെ ‘കൊറോണിൽ’ മരുന്നിന് കോവിഡ് ഭേദമാക്കാനാകുമെന്നത് അടക്കമുള്ള പരാമർശങ്ങൾ മൂന്നു ദിവസത്തിനകം സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
ലക്ഷക്കണക്കിനാളുകൾ കോവിഡ് ബാധിച്ച് മരിച്ചതിനു കാരണം അലോപ്പതി മരുന്നുകളാണെന്നും പതഞ്ജലി ആരോപിച്ചിരുന്നു. ഈ പരാമർശങ്ങൾ 3 ദിവസത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കണമെന്ന് കോടതി ബാബാ രാംദേവിന് നിർദേശം നൽകി. അത് ചെയ്തില്ലെങ്കിൽ സമൂഹമാധ്യമങ്ങൾ സ്വമേധയാ ഇവ നീക്കണമെന്നും ജസ്റ്റിസ് അനൂപ് ജയ്റാം ഭാംഭാനി ഉത്തരവിട്ടു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നായി ലൈസൻസ് ലഭിച്ച കൊറോണലിനെ കോവിഡിനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം നൽകിയതിനെതിരെ ഉള്ള ഹർജിയിൽ ആയിരുന്നു ഈ ഉത്തരവ്. ഡോക്ടർമാരുടെ സംഘടനകൾ 2021ൽ ബാബാ രാംദേവിനും സഹായി ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെ നൽകിതായിരുന്നു ഹർജി.
കോവിഡ് ബാധിച്ച് ആളുകൾ മരിച്ചതിന് കാരണം അലോപ്പതി മരുന്നുകളാണെന്ന് ബാബാ രാംദേവ് പ്രസ്താവന നടത്തിയിരുന്നു. ഇതു വിശ്വസിച്ച് ജനങ്ങൾ ആശുപത്രിയിൽ ചികിത്സ തേടാതിരിക്കാൻ കാരണമായെന്നും ഹർജിയിൽ ആരോപിക്കുന്നു.