കൊറോണ വാക്സിൻ: സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി : കൊറോണ രോഗ പ്രതിരോധ വാക്സിനായ കൊവീഷീഡിൻ്റെ പാർശ്വഫലങ്ങൾ വിദഗ്ദ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ.

കൊവീഷിൽഡ് നിർമ്മിച്ച ആസ്ട്രസെൻക്ക കമ്പനി , വാക്സീന് ചെറിയ രീതിയിൽ പാർശ്വഫലങ്ങൾ ഉണ്ടാവാമെന്ന് സമ്മതിച്ച സാഹചര്യത്തിൽ ആണ് ഹർജി.

വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട്കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്പോസിസ് വിത്ത് ത്രോന്പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയിൽ ഫെബ്രുവരിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വാക്സീനെടുത്തതിന് പിന്നാലെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ
നാൽപ്പത്തിനാലുകാരൻ നൽകിയ കേസിലാണ് കമ്പനി സത്യവാങ്മൂലം സമർപ്പിച്ചത്. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ആസ്ട്രസെനക കൊവിഷീൽഡ് വാക്സീൻ അവതരിപ്പിച്ചത്.

എന്നാൽ, വാക്സീനെ കുറിച്ച് മറച്ചുവച്ച വിവരങ്ങളല്ല ഇപ്പോൾ പുറത്തുവരുന്നതെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.നേരത്തെ തന്നെ അംഗീകരിച്ച വസ്തുതകളാണെന്നും ടിടിഎസ് അടക്കമുള്ള പാർശ്വഫലങ്ങൾ വളരെ വിരളമായ സാധ്യത മാത്രമാണെന്നും, ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.