വിദ്വേഷ പ്രചരണം; ചാനലുകള്‍ക്ക് പിഴ

ന്യൂഡല്‍ഹി: സമൂഹത്തില്‍ സപർധയുണ്ടാക്കാൻ ശ്രമിക്കുകയും, വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് വിവിധ വാർത്താ മാധ്യമങ്ങളില്‍ നിന്ന് പിഴ ഈടാക്കി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റല്‍ സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.ഡി.എസ്.എ).ടൈംസ് നൗ നവ് ഭാരതിന് ഒരു ലക്ഷം രൂപയും, ന്യൂസ് 18 ഇന്ത്യക്ക് 50000 രൂപയുമാണ് പിഴ.

വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ സിക്രിയാണ് എൻ.ബി.ഡി.എസ്.എയുടെ തലവൻ. ഏഴ് ദിവസത്തിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും അതോറിറ്റി നിർദേശിച്ചു.വിദ്വേഷ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആജ് തക് ചാനലിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ചാനലിലെ വിവിധ പരിപാടികള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോർപഡെ നല്‍കിയ പരാതിക്ക് പിന്നാലെയാണ് നടപടി.

മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പരസ്പര വിശ്വാസത്തോടെയുള്ള പ്രണയത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ചതിനാണ് ടൈംസ് നൗ നവ്ഭാരതില്‍ നിന്നും പിഴ ഈടാക്കിയത്. അവതാരകൻ ഹിമാൻഷു ദീക്ഷിത് നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സംപ്രേഷണം ചെയ്ത അമൻ ചോപ്രയും അമീഷ് ദേവ്ഗനും നടത്തുന്ന പരിപാടികളുടെ പേരിലാണ് ന്യൂസ് 18ന് പിഴ ചുമത്തിയത്.

ശ്രദ്ധ വാക്കർ വധക്കേസിനെ ലൗജിഹാദാക്കി മാറ്റിയതിനും ന്യൂസ് 18ന് പിഴ ചുമത്തിയിട്ടുണ്ട്. രാമനവമി ആഘോഷങ്ങള്‍ക്കിടെ മുസ്ലിങ്ങള്‍ക്ക് നേരെ അതിക്രമങ്ങളെ നിസാരവത്കരിച്ചതിനാണ് ആജ് തക്കിന് മുന്നറിയിപ്പ് ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കൊള്ളക്കാരനായി ചിത്രീകരിക്കുന്ന വീഡിയോ നീക്കം ചെയ്യാനും നിർദേശമുണ്ട്.

എല്ലാ ഇതരമത വിവാഹത്തേയും ലൗജിഹാദിനോട് ഉപമിക്കുന്ന പ്രവണത ഇത്തരം മാധ്യമങ്ങളില്‍ കാണുന്നുണ്ടെന്നും രാജ്യത്തെ എല്ലാ പൗരനും അവരുടെ താത്പര്യത്തിനിണങ്ങിയ വ്യക്തിയെ വിവാഹം ചെയ്യാൻ അവകാശമുണ്ടെന്നും പരാതി പരിശോധിച്ച സമിതി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഏത് വിഷയത്തിലും ചർച്ച നടത്താനുള്ള അവകാശമുണ്ട്.

ലവ് ജിഹാദ് എന്നത് ഒരു സാധാരണ പദമായി കണക്കാക്കരുത്. വ്യക്തമായ തെളിവുകളുള്ള കേസുകളില്‍ മാത്രം ഇത്തരം പരാമർശങ്ങള്‍ നടത്താൻ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. മാധ്യമ പരിപാടികളെ മതവത്ക്കരിക്കുന്നത് രാജ്യത്തെ സാഹോദര്യത്തെ കളങ്കപ്പെടുത്തും.

ടൈംസ് നൗ നവ്ഭാരതിന്റെ പരിപാടിക്കിടെ അവതാരക ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തെ ലൗ ജിഹാദായി പരാമർശിച്ചു. പ്രതിയുടെ മതത്തെ മുൻനിർത്തി മുൻവിധിയോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നതാണിത്. ഇത്തരം പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ മാധ്യമങ്ങള്‍ പാലിക്കേണ്ട നിഷ്പക്ഷത വസ്തുനിഷ്ഠത തുടങ്ങിയ നിയമങ്ങള്‍ എന്നിവ ലംഘിക്കുകയയാണെന്നും സമിതി പറഞ്ഞു.