December 12, 2024 6:46 pm

ചന്ദ്രയാൻ ഇന്ന് ചരിത്രം കുറിക്കും

ബംഗളൂരു :  ഐ എസ് ആർ ഒ യുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് ലഭിക്കും.

ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള പത്തൊൻപത് മിനുട്ടുകളിൽ ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

ഓരോ പരാജയസാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ വിജയിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ഐ എസ് ആർ ഒ.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

കാൻബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കും. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്.

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News