മൂന്ന് സംസ്ഥാനങ്ങളിൽ കൂടി പൗരത്വം നൽകി

ന്യൂഡൽഹി : കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം പശ്ചിമബംഗാൾ,​ ഹരിയാന,​ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ അപേക്ഷകർക്ക് പൗരത്വം നൽകി.പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇതിൽ കൂടുതലും.

ബംഗാളിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.

സി.എ.എ വിജ്ഞാപനം വന്ന് രണ്ട് മാസത്തിന് ശേഷം മേയ് 15ന് ന്യൂഡൽഹിയിലെ 14 അപേക്ഷകർക്ക് കേന്ദ്രം ആദ്യ ഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ ഉയർന്ന പ്രതിഷേധത്തി്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നിയമത്തിന്റെ ചട്ടങ്ങൾ 2024 മാർച്ച് 11നാണ് കേന്ദ്ര സ‌ർക്കാർ വിജ്ഞാപനം ചെയ്തത്.

അപേക്ഷകൾ ജില്ലാതല സമിതിയും സംസ്ഥാനതല സ​മിതിയും പരിശോധിച്ചാണ് കേന്ദ്രസമിതിക്ക് കൈമാറുന്നത്. സെൻസസ് ഡയറക്ടർ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ് പൗരത്വം നൽകുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു

2014 ഡിസംബർ 31 വരെ ഇന്ത്യയിൽ കുടിയേറിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവരിൽ നിന്നാണ് പൗരത്വത്തിന് അപേക്ഷ സ്വീകരിച്ചിരുന്നത്.

രാജസ്ഥാൻ,​ യു.പി,​ അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നൽകിയത്.