January 15, 2025 10:11 am

റാവുവിനും ചരണ്‍ സിംഗിനും സ്വാമിനാഥനും ഭാരത് രത്‌ന

ന്യുഡല്‍ഹി: മണ്‍മറഞ്ഞ രണ്ട് മുന്‍ പ്രധാനമന്ത്രിമാരടക്കം മൂന്ന് പേര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമർപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ആണ് ഈ അറിയിപ്പ് എന്നത് ശ്രദ്ധേയം.

കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായ പി.വി നരസിംഹ റാവു, സോഷ്യലിസ്റ്റ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിംഗ്, കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന മലയാളി എം.എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതി കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിക്കും പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.

കാര്‍ഷിക മേഖലയ്ക്കും കര്‍ഷകരുടെ ക്ഷേമത്തിനും രാഷ്ട്ര നിര്‍മ്മാണത്തിനും സാമ്ബത്തിക പരിഷ്‌കരണത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഈ പുരസ്‌കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് എന്ന സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ നിലകളിലും സുത്യര്‍ഹ സേവനം ചെയ്ത ചൗധരി ചരണ്‍ സിംഗ് അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്. ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത രാജ്യത്തിനു മുഴുവന്‍ പ്രചോദനമാകുന്നതായിരുന്നു. ചരണ്‍ സിംഗിന്റെ പാരമ്ബര്യവും രാജ്യത്തിന് നല്‍കിയ നിസ്തുല സേവനവും പരിഗണിക്കുമ്ബോള്‍ അദ്ദേഹത്തെ ആദരിക്കാന്‍ തന്റെ സര്‍ക്കാരിന് ലഭിച്ച ഭാഗ്യമാണെന്നും മോദി പറയുന്നു.

രാജ്യത്തിന്റെ സാമ്ബത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്നാണ് നരസിംഹ റാവുവിനെ വിശേഷിപ്പിക്കുന്നത്. സാമ്ബത്തിക വികസനത്തിന്റെ പുതിയ യുഗത്തിലേക്ക് നയിച്ച വീക്ഷണമുള്ള നേതാവായിരുന്നു റാവു. പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് ഇന്ത്യന്‍ വിപണി ലോകത്തിനു മുന്‍പില്‍ തുറക്കപ്പെട്ടത്. രാജ്യത്തിന്റെ സമൃദ്ധിക്കും വളര്‍ച്ചയ്ക്കുംഅടിത്തറ പാകി. സാമ്ബത്തി നയത്തില്‍ മാത്രമല്ല, വിദേശനയത്തിലും ഭാഷയിലും വിദ്യാഭ്യാസ മേഖലകളിലും അദ്ദേഹത്തിന്റെ വൈദഗ്ധ്യം പ്രകടമായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്നു.

രാജ്യത്തിന്റെ ഹരിത വിപ്ലവ പിതാവ് എന്നറിയപ്പെടുന്ന ഡോ.എം.എസ് സ്വാമിനാഥന് കാര്‍ഷിക അഭിവൃദ്ധിക്കും ഭക്ഷ്യസുരക്ഷയ്്ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ബഹുമതി നല്‍കുന്നത്. പ്രതിസന്ധിയുടെ ഘട്ടത്തിലും കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുകയും ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്ത കൈവരിക്കാന്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമായി.-മോദി കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News