ചവാൻ ബിജെപിയിൽ: മഹാരാഷ്ടയിൽ കോൺഗ്രസ് മുടന്തുന്നു

മുംബൈ : മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ ബിജെപിയിൽ ചേർന്നു.എഴ് എം എൽ എ മാർ കൂടി അദ്ദേഹത്തിനോടൊപ്പം പോകുമെന്ന് സൂചനയുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.നേരത്തെ മഹാരാഷ്ട്ര കോൺഗ്രസിലെ വലിയ നേതാക്കളായ ബാബാ സിദ്ദിഖി, മിലിന്ദ് ദേവ്‌റ, അമർനാഥ് രാജൂർക്കർ എന്നിവരും പാർട്ടി വിട്ടിരുന്നു.

മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാൻ പാർട്ടി അംഗത്വം സ്വീകരിച്ചത് .മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.

“ഞാൻ കോൺഗ്രസിനൊപ്പമുണ്ടായിരുന്നപ്പോൾ ആത്മാർത്ഥത പുലർത്തിയിരുന്നു, ഇപ്പോൾ, ലോക്‌സഭയിലായാലും സംസ്ഥാന തെരഞ്ഞെടുപ്പായാലും എൻ്റെ വലയത്തിൽ ബിജെപി വിജയിക്കുമെന്ന് ഞാൻ ഉറപ്പാക്കും”- ചവാൻ പറഞ്ഞു. “ഇത്രയും വർഷമായി ഞാൻ ഉൾപ്പെട്ട പാർട്ടിയിൽ ആർക്കെതിരെയും അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ചയാണ് അശോക് ചവാൻ കോൺഗ്രസ് വിട്ടത്. എംഎൽഎ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാൻ നാളെ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാൻ പറഞ്ഞു. താൻ ഉൾപ്പെട്ട ആദർശ് ഭവന കുംഭകോണക്കേസിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “കേസ് ഹൈക്കോടതിയിലാണ്. നിയമം അതിൻ്റെ വഴിക്ക് പോകും. അതൊരു രാഷ്ട്രീയ തന്ത്രമാണെന്ന് മാത്രമേ ഞാൻ പറയൂ.”