മരണം പ്രവചിക്കാൻ നിർമിത ബുദ്ധിയും

ലണ്ടന്‍: നിർമിത ബുദ്ധിയുടെ സഹായത്തോടെ ബ്രിട്ടണിലെ ആശുപത്രികള്‍ മരണം പ്രവചിക്കാൻ തയാറെടുക്കുന്നു.

ഇ.സി.ജി ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നവരുടെ ഡേറ്റ വിശകലനം ചെയ്താണ് പ്രവചനം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ രോഗിയുടെ മനസിലാക്കാൻ കഴിയാത്ത രോഗാവസ്ഥ വരെ കണ്ടെത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്.

പരീക്ഷണ ഘട്ടത്തില്‍ 78 ശതമാനം കൃത്യത ഉണ്ടെന്ന് പറയുന്നു.ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ കണ്ടെത്തുകയും ഹൃദയ ഘടന പരിശോധിച്ച്‌ ജനിതക സവിശേഷകള്‍ ഉള്‍പ്പെടെ മനസിലാക്കാൻ ഇതിലൂടെ കഴിയും.

ആരോഗ്യ ഏജൻസിയായ നാഷനല്‍ ഹെല്‍ത്ത് സർവീസിനു കീഴിലുള്ള ആശുപത്രികളിലാണ് ഈ പുതിയ രീതി ഉപയോഗിക്കുന്നത്. അഞ്ച് വർഷത്തിനുള്ളില്‍ രാജ്യവ്യാപകമായി എല്ലാ ആശുപത്രികളിലും നടപ്പാക്കാനാണ് പദ്ധതി.

ഗുരുതര അസുഖമുള്ള മധ്യവയസ്‌കരുടെ മരണം പ്രവചിക്കാന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനം കണ്ടെത്തിയിട്ടുണ്ട്  ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ  ഗവേഷകര്‍.

‘റാന്‍ഡം ഫോറസ്റ്റ്’, ‘ഡീപ് ലേണിങ്’ എന്നിങ്ങനെ പേരുനല്‍കിയിരിക്കുന്ന പുതിയ നിര്‍മിതബുദ്ധി മെഷീന്‍ ലേണിങ് മാതൃകകളുടെ പ്രവചനം  ഏറ്റവും നൂതനവും മികവുറ്റതുമാണത്രെ.

ഓരോ വ്യക്തിയിലും ചികിത്സാസംബന്ധിയും ഡെമോഗ്രാഫിക്, ബയോമെട്രിക്, ജീവിതശൈലീഘടകങ്ങളും പരിഗണിച്ചാണ് ഈ നിര്‍മിതബുദ്ധി ‘മരണം’ പ്രവചിക്കുക. കൂടാതെ വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്റെ ഘടകങ്ങളും ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകമായി നിര്‍മ്മിത ബുദ്ധി പരിഗണിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

രോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിലും കൃത്യമായി രോഗത്തെ തടഞ്ഞു നിര്‍ത്തുന്നതിനും ഇത് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 40-നും 69-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരിലാണ് ആദ്യഘട്ട പഠനം നടത്തിയത്.