അദാനി ഗ്രൂപ്പ് 32000 കോടി തട്ടിയെന്ന് രാഹുൽ

In Main Story
October 18, 2023

ന്യൂഡൽഹി: കൽക്കരി വില കൃത്രിമമായി കാണിച്ച് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി വ്യവസായ ഗ്രൂപ്പ് കോടികൾ തട്ടിയെടുത്തെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ജനങ്ങളുടെ കീശയിൽ നിന്ന് 32000 കോടി രൂപ അദാനി കൊള്ളയടിച്ചു. ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇന്ത്യയിൽ ഇരട്ടിവിലയ്ക്കു വിൽക്കുന്നു. ഈ കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നു.

വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല.– രാഹുൽ പറഞ്ഞു

അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. മാധ്യമങ്ങൾ അദാനിക്കെതിരെ വാർത്ത നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.