എട്ട് ട്രെയിനുകളിൽ ഓരോ കോച്ച് കൂട്ടാൻ റെയിൽവേ തീരുമാനം

In Main Story
October 29, 2023

തിരുവനന്തപുരം:  ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ എട്ട് ട്രെയിനുകളിൽ ഓരോ സെക്കൻഡ് ക്ളാസ് ജനറൽ കോച്ച് വീതം കൂട്ടാൻ റെയിൽവേ തീരുമാനിച്ചു. രണ്ടു പാസഞ്ചറുകൾ ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ വേഗത കൂട്ടി. കഴിഞ്ഞദിവസം മുതൽ അത് പ്രാബല്യത്തിലായി. ട്രെയിനുകളിലെ യാത്രാദുരിതം അതിരുവിടുന്നതു സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വഞ്ചിനാട്, വേണാട്,കണ്ണൂർ – ആലപ്പുഴ എക്സിക്യുട്ടീവ്, എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എന്നിവയുടെ ഇരുവശങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഓരോ ജനറൽ കോച്ച് വീതം കൂട്ടിയത്. നാളെയും മറ്റെന്നാളുമായി ഇത് നടപ്പാക്കും. ആലപ്പുഴ – എറണാകുളം, എറണാകുളം – കായംകുളം പാസഞ്ചറുകളുടെ വേഗത 20മിനിട്ട് വീതവും വേണാടിന്റെ വേഗത 10 മിനിട്ടുമാണ് കൂട്ടിയത്. യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള പാലരുവി,പരശുറാം ട്രെയിനുകളിൽ കോച്ച് കൂട്ടിയിട്ടില്ല.

വന്ദേഭാരത് തുടങ്ങിയതാണ് കേരളത്തിൽ ട്രെയിൻ യാത്രാദുരിതം ഉണ്ടാകാനിടയാക്കിയതെന്ന ആരോപണം റെയിൽവേ നിഷേധിച്ചു. തുടർച്ചയായ മഴയും കൊച്ചുവേളിയിലെ വെള്ളക്കെട്ട്, തിരുവനന്തപുരം – കൊല്ലം,തിരുവനന്തപുരം – നാഗർകോവിൽ സെക്ഷനുകളിലെ മണ്ണിടിച്ചിൽ എന്നിവ മൂലമാണ് ചില ട്രെയിനുകൾ വൈകിയത്. യാത്രക്കാരുടെ എണ്ണം അമിതമായി കൂടിയത് ദേശീയപാതയിലെ നിർമ്മാണജോലികൾ മൂലമാണ്. സിഗ്നൽ നവീകരണവും പാളം നന്നാക്കലും പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കും.

വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്ന റെയിൽവേയുടെ വിശദീകരണം ശരിയല്ലെന്നും വേണാടിന് വേഗതകൂട്ടിയെന്ന് പറയുന്നത് വസ്തുതയല്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽവേ പ്രതികരിച്ചു.