കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ , എംഎസ്‍സി എൽസ 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന്, 9531 കോടി രൂപ കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തി.
അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി. തുടർന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ചൊവ്വാഴ്ച രാവിലെ പുറപ്പെടാന്‍ സാധ്യതയുള്ള, എംഎസ്സി കമ്പനിയുടെ മറ്റൊരു കപ്പലായ അക്കിറ്റേറ്റ 2 കപ്പല്‍ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ ജസ്റ്റിസ് എം എ അബ്ദുള്‍ ഹക്കീം ഉത്തരവിട്ടു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിന് ശേഷം മാത്രം കപ്പല്‍ വിട്ടയച്ചാല്‍ മതി.
കപ്പലപകടത്തെ തുടര്‍ന്ന് മത്സ്യജല സമ്പത്തിന് വ്യാപക നാശനഷ്ടമുണ്ടാവുകയും ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിനുമായി കപ്പല്‍ കമ്പനി 9531 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
മുങ്ങിയ കപ്പലായ എല്‍സയില്‍ തങ്ങളുടെ കശുവണ്ടി ഉണ്ടായിരുന്നുവെന്നും തങ്ങള്‍ക്ക് ആറു കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നും വ്യക്തമാക്കി കൊണ്ട് കാഷ്യൂ പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹർജിയിലായിരുന്ന് ഈ ഉത്തരവ്.
ആറു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ തയാറാവുകയായിരുന്നു.
കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണത്തിനും മറ്റും പൊതുഖജനാവില്‍ നിന്ന് പണം ചെലവാക്കുന്നതിനെയും കോടതി ചോദ്യം ചെയ്തിരുന്നു.
കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സിക്ക് അന്വേഷണം നടത്താവുന്നതാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനും നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.