അജ്ഞാതനായ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു

In Featured, Special Story
October 26, 2023

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയിലെ വടക്കന്‍ സ്‌റ്റേറ്റായ മെയ്‌നിലെ ബുധനാഴ്ചയായിരുന്നു സംഭവം. അക്രമവും മരണവും ലൂയിസ്റ്റണ്‍ സിറ്റി കൗണ്‍സിലര്‍ റോബര്‍ട്ട് മക് കാര്‍ത്തിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു റെസ്‌റ്റോറന്റിലും മറ്റൊരിടത്തുമായി രണ്ടിടങ്ങളിലായിട്ടാണ് വെടിവെയ്പ്പ് നടന്നത്.

അക്രമി ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അക്രമിയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ലോക്കല്‍ പോലീസ് ഇയാളുടെ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് സ്‌റ്റൈല്‍ ആയുധമാണ് ബൗളിംഗ് ആലിക്കുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടിടങ്ങളിലായി നടന്ന വെടിവെയ്പ്പിനെക്കുറിച്ച് ലോ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതായും ഫേസ്ബുക്കിലെ പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ 80 ലധികം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

തോക്കുകള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അമേരിക്കയില്‍ ഈ വര്‍ഷം 500-ലധികം കൂട്ട വെടിവയ്പ്പുകളാണ് രേഖപ്പെടുത്തിയത്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സര്‍ക്കാരിതര സംഘടനയുടെ അഭിപ്രായത്തില്‍, നാലോ അതിലധികമോ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത കൂട്ട വെടിവയ്പ്പ് നടന്നതായിട്ടാണ് പറയുന്നത്. ഇത് ആയുധങ്ങള്‍ വഹിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വര്‍ഷങ്ങളായി തോക്ക് നിയന്ത്രണം കര്‍ശനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല.