സംസ്ഥാനംതന്നെ ഇല്ലാതാകുന്നതിലേക്കോ ?

In Featured
August 14, 2023

കെ. ഗോപാലകൃഷ്ണന്‍

കേരളത്തിലെ പല സംഭവങ്ങളും-അധികാരസ്ഥാനത്തുള്ളവര്‍ക്ക് എതിരേയുള്ള ആരോപണങ്ങളെയും കുറ്റാരോപണങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍, സംസ്ഥാന സര്‍ക്കാരോ അധികാരത്തിലിരിക്കുന്നവരോ അറിയാതെ ചട്ടവിരുദ്ധമായി നടക്കുന്ന രഹസ്യ സംഭവങ്ങള്‍, അധികാരത്തിലുള്ളവരോ അവരുടെ അടുപ്പക്കാരോ പ്രിയപ്പെട്ടവരോ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രഹസ്യ ഇടപാടുകള്‍, സംസ്ഥാനത്തെ കഷ്ടപ്പെടുന്ന ചെറുകിട കര്‍ഷകര്‍ക്ക് അവരുത്പാദിപ്പിച്ച ഭക്ഷ്യധാന്യങ്ങളുടെയോ കാര്‍ഷികോത്പന്നങ്ങളുടെയോ വില നല്‍കുന്നതില്‍ പരാജയപ്പെടുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നത്…

ഇത്തരം നിരവധി സംഭവങ്ങളില്‍ അന്വേഷണമില്ലാതിരിക്കുന്നതും നിയമനടപടികള്‍ ഉണ്ടാകാതിരിക്കുന്നതും കാണുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ തയാറാകാത്തതോ പരാജയപ്പെടുന്നതോ ആയ ഒരു സര്‍ക്കാരിനൊപ്പം സംസ്ഥാനംതന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കോ എന്നാണ് തോന്നിപ്പോകുന്നത്. അതും ഇടതുപക്ഷം നയിക്കുന്നതും ഏതാനും ചെറിയ പങ്കാളികളുമായി അധികാരം പങ്കിടുന്നതുമായ ഒരു സര്‍ക്കാര്‍.

സോഷ്യലിസത്തിന്റെ സാക്ഷാത്കാരത്തോടെ ഭരണകൂടം ഒടുവില്‍ കാലഹരണപ്പെടും എന്ന മഹാനായ ഫ്രെഡറിക് ഏംഗല്‍സിന്റെ മാര്‍ക്‌സിയന്‍ ആശയമല്ല ഇത്. കൂടാതെ സമൂഹത്തിന് സ്വയം ഭരിക്കാന്‍ കഴിയുന്നതിനാല്‍ ഭരണകൂടത്തിന്റെ ആവശ്യംതന്നെ ഇല്ലാതാകും. അതെ, ഭരണകൂടവും അതിന്റെ നിര്‍ബന്ധിത നിയമനിര്‍വഹണവും കൂടാതെ ജീവിക്കാനാകും. മാര്‍ക്സിനെയും ഏംഗല്‍സിനെയും പോലുള്ള മഹാന്മാരായ നേതാക്കള്‍ സോഷ്യലിസ്റ്റ് മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ആളുകളുടെ കൈകളില്‍ വ്യവസ്ഥിതിയോടുകൂടിയ ഒരു ആദര്‍ശ രാഷ്ട്രം സ്വപ്‌നം കണ്ടു.

അവിടെ ദുര്‍ബലര്‍ ചൂഷണം നേരിടാതെ എല്ലാവര്‍ക്കും തുല്യത ലഭിക്കും. എന്നാല്‍, സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളും പദവികളും മുറുകെപ്പിടിച്ചുകൊണ്ട് ആദം സ്മിത്തിന് സമാനമായ വീക്ഷണങ്ങളിലേക്കും മൂല്യങ്ങളിലേക്കും പിന്തിരിഞ്ഞുപോയ പല സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ഇത് നടപ്പാക്കാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍, സായുധ സംഘട്ടനങ്ങളിലേക്കു നീങ്ങുന്ന വിപ്ലവത്തിലേക്ക് നീങ്ങാന്‍ കഴിയുന്ന സാഹചര്യം ലോകത്ത് വികസിച്ചിട്ടില്ല.

  • കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല

അന്‍പതുകളുടെ പകുതി മുതല്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍, ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച്, അധികാരം ലഭിക്കാന്‍ പരമാവധി വോട്ടുകള്‍ നേടുന്നതിനായി എല്ലാവരെയും കൂട്ടുപിടിച്ച്, ഏറെക്കുറെ ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം പിടിച്ചെടുത്തു.

അധികാരത്തോടുള്ള പ്രതിബദ്ധതമൂലം അധികാരത്തില്‍ വന്നവര്‍ ശക്തമായ പശക്കൂട്ടുകളില്‍ ഒന്നിച്ചുചേര്‍ന്നെങ്കിലും സൃഷ്ടിപരമായ പദ്ധതികള്‍ക്കും വികസനത്തിനും കഴിവുള്ളവര്‍ക്ക് കാര്യമായ അവസരങ്ങള്‍ നല്‍കിയില്ല. അധികാരത്തിലിരിക്കുന്നവരുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് കളിക്കാന്‍ തയാറുള്ളവര്‍ക്ക് മാത്രമേ വാണിജ്യസ്ഥാപനങ്ങള്‍ നിര്‍മിക്കാനും തൊഴില്‍ നല്‍കാനും കഴിയൂ. സംസ്ഥാന സര്‍ക്കാരിന്റെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും വാഗ്ദാനങ്ങളിലും സാധാരണക്കാരായ പുരുഷന്മാരും സ്ത്രീകളും അകപ്പെട്ടുപോയി, അതിന്റെ വിശദാംശങ്ങള്‍ സമീപകാലത്ത് കണ്ടു.

കേന്ദ്രവിഹിതം പരിമിതമാവുകയും വികസനത്തിന് ആവശ്യമായ ഫണ്ടുകള്‍ക്കും പദ്ധതികള്‍ക്കും സംസ്ഥാനം പാടുപെടുകയും ചെയ്ത സാഹചര്യത്തില്‍, കേരളത്തില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കും അടുത്ത തലമുറയുടെ വിദ്യാഭ്യാസത്തിനുമുള്ള മാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ സഹായിച്ചത് സംസ്ഥാനത്തിനു പുറത്ത്, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് താമസിക്കുന്ന മലയാളികളാണ്.

  • അവിശ്വസനീയവും അതിശയിപ്പിക്കുന്നതും

ജീവിതം തള്ളിനീക്കാന്‍ അത്ര സുഖകരമല്ലാത്ത വഴികളിലൂടെ കടന്നുപോകേണ്ടി വരുന്ന സംസ്ഥാനത്ത് ജീവിക്കുന്ന മലയാളികളെപ്പോലും ഞെട്ടിക്കുന്നതായിരുന്നു ഈ അടുത്ത കാലത്തായി വെളിപ്പെട്ട ദുഃഖകരമായ അവസ്ഥ. അവിശ്വസനീയവും അതിശയിപ്പിക്കുന്നതും. ഒരു വന്‍കിട വ്യവസായി, ഒരുപക്ഷേ സ്വന്തമായി പണച്ചാക്കുകളോ അല്ലെങ്കില്‍ അതിനുള്ള സ്വാധീനമോ ഉള്ള ഒരു വ്യക്തി, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഐക്യജനാധിപത്യ മുന്നണിയുടെയും മുതിര്‍ന്ന നേതാക്കള്‍ക്ക് കോടികള്‍ നല്‍കി.

 

 

(1) ടി.വീണ (2) വീണയ്ക്ക് സിഎംആർഎലിൽനിന്നു പണം ലഭിച്ചത് നൽകാത്ത സേവനത്തിനാണെന്നു വ്യക്തമാക്കി ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് നൽകിയ ഉത്തരവിന്റെ പകർപ്പ്.


മുതിര്‍ന്നവരുമായി അടുപ്പമുള്ള ചിലര്‍ക്ക്, മാസശമ്പളമായി കോടികള്‍! വി.എം. സുധീരനെയും രൂക്ഷമായി വിമര്‍ശനമുയര്‍ത്തിയ അഭിഭാഷകനും എംഎല്‍എയുമായ കുഴല്‍നാടനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മനസിനെയും ധാര്‍മികതയെയും അത് അസ്വസ്ഥമാക്കുക മാത്രമാണ് ചെയ്തത്. നേതാക്കള്‍ പണം സ്വീകരിക്കാറുണ്ടെന്നും അക്കൗണ്ടുകള്‍ അതതു പാര്‍ട്ടികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുഡിഎഫിലെ ചില മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി. സാധാരണ ശൈലിയില്‍ സിപിഎം ഒരു പ്രസ്താവന പുറപ്പെടുവിച്ചു: ”നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ ഒരു സേവനത്തിനായി ഒരു കരാറില്‍ ഏര്‍പ്പെടുകയും അതിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് പണം നല്‍കുകയും ചെയ്തു….വാര്‍ഷിക അടിസ്ഥാനത്തില്‍. ഒരു കമ്പനിയുടെ ഇന്‍കം ടാക്‌സ് വിലയിരുത്തല്‍ ഇപ്പോള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നു”.

ബിജെപി മാത്രമാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും 95 കോടി രൂപയുടെ പണം കൈമാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓര്‍ക്കുക, കഴിഞ്ഞയാഴ്ച നടന്ന അസംബ്ലി സമ്മേളനത്തില്‍ സാധാരണഗതിയില്‍ അമിതമായി സജീവമാകുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയം ഉന്നയിച്ചില്ല, കാരണം വിഷയം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് വ്യക്തം.

ലാവ്ലിന്‍ കേസിലെ സിബിഐ അന്വേഷണത്തിലെപോലെ കേന്ദ്രത്തിന് ഇതില്‍ നിഷ്‌ക്രിയമാകാനാകുമോ? ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരില്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ ഉള്‍പ്പെടുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ ബിജെപിയിലെ കൗശലക്കാരും മിടുക്കരും മിണ്ടാതിരിക്കാമോ അതോ കുറ്റവാളികളെ തുറന്നുകാട്ടുമോ? കാത്തിരുന്ന് കാണണം. നിര്‍ണായക പോരാട്ടങ്ങളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പലരും അഭിനയിക്കാനും ഭാഗ്യം പരീക്ഷിക്കാനും മുതിരും.

കഴിഞ്ഞയാഴ്ച പൊതുജനങ്ങള്‍ക്കു മുന്നില്‍ വന്ന മറ്റൊരു ഞെട്ടലിന്റെ കാര്യമെടുക്കുക. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ പല സംസ്ഥാനങ്ങളിലും ഇല്ലാത്ത ആളുകളുടെ പേരില്‍ പോലും ക്ലെയിം ഉന്നയിക്കപ്പെട്ടതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. കേരളത്തില്‍ 966 കേസുകള്‍. കേരളത്തിലെ ആശുപത്രികളില്‍നിന്നാണ് ഇത്തരത്തിലുള്ള കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3466 കേസുകള്‍ കണ്ടെത്തിയെന്ന് പാര്‍ലമെന്റിനു നല്‍കിയ സിഎജി റിപ്പോര്‍ട്ട് പറയുന്നു.

എങ്ങനെയാണ് ഇത്തരം ക്ലെയിമുകള്‍ ഉന്നയിക്കപ്പെട്ടതെന്ന് വിശദമായി അന്വേഷിക്കണമെന്നാണ് സിഎജി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഇത് അറിയാമായിരുന്നോ എന്ന് ഉറപ്പില്ല. തീര്‍ച്ചയായും ഇതു കേരളത്തിനു മഹത്വമല്ല. സിഎജി റിപ്പോര്‍ട്ട് അനുസരിച്ച് നിയമപരമായ സാധുതയില്ലാതെ ചില ആശുപത്രികള്‍ വലിയ തുക ക്ലെയിം ചെയ്തിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഒരു സ്ത്രീക്ക് മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 70 ദിവസത്തിലേറെ ജയിലിലില്‍ കിടത്തിയെന്നതാണ് മറ്റൊരു റിപ്പോര്‍ട്ട്. അവരുടെ വാദങ്ങള്‍ കണക്കിലെടുത്തില്ല. ഒടുവില്‍ എഴുപത് ദിവസങ്ങള്‍ക്കു ശേഷം സത്യം പുറത്തുവന്നു. ഒരു സ്ത്രീയെ ഇരുമ്പഴിക്കുള്ളില്‍ നിര്‍ത്തിയ ഈ ഭീകരമായ പ്രവൃത്തിക്കു പിന്നില്‍ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനുള്ള കാരണങ്ങളെങ്കിലും പൊതുജനങ്ങളുമായി പങ്കുവയ്ക്കണം. ഒരു സ്ത്രീയെ അത്തരം അവസ്ഥകളില്‍ നിര്‍ത്തുന്നത് ഒരു സ്വതന്ത്ര സമൂഹത്തില്‍ ഒരു തരത്തിലും സ്വീകാര്യമല്ല, കാരണമെല്ലാം ന്യായമായും വെളിപ്പെടുത്തണം.


സംസ്ഥാന പൊലീസ് പല കേസുകളിലും നടപടിയെടുക്കാത്തതിന് എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. മിക്ക കേസുകളിലും പ്രാദേശിക രാഷ്ട്രീയ സ്വാധീനം ഒരു പങ്കു വഹിക്കുന്നു. ചില ആളുകളുടെ കാര്യത്തില്‍ സിആര്‍പിസി നടപ്പിലാക്കിയിട്ടില്ല. ഇത്തരം കേസുകളില്‍ രാഷ്ട്രീയക്കാരുടെ സ്വാധീനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രി ഒരു പൊതുവേദിയില്‍ സംസാരിച്ചപ്പോഴുണ്ടായ സംഭവത്തിന്റെ പേരില്‍ ക്രമസമാധാന സംവിധാനം ചാടിയുണര്‍ന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും മോശം.

മൈക്ക് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള രണ്ട് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു- കേട്ടുകേഴ്വിയുള്ള രീതിയല്ല. സോഷ്യല്‍ മീഡിയയടക്കം ഏറ്റെടുത്ത് വാര്‍ത്ത വൈറലായതോടെ, കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ ഉന്നത നേതൃത്വം പോലീസിനോട് ആവശ്യപ്പെടുകയും ആരോപണവിധേയമായ രണ്ട് ഉപകരണങ്ങള്‍ ക്രമസമാധാന സംവിധാനം കരാറുകാരന് തിരികെ നല്‍കുകയും ചെയ്തു!

  • സത്യം പറഞ്ഞതിന് നടപടി

അതിശയിപ്പിക്കുന്ന മറ്റൊരുകാര്യം, സിവില്‍ സപ്ലൈസ് സ്റ്റോര്‍ ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളോട് ചില സാധനങ്ങള്‍ സ്റ്റോക്കില്ലെന്നു പറഞ്ഞപ്പോള്‍, മേലാളന്മാര്‍ ദേഷ്യപ്പെടുകയും നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ്: അതെ, സത്യം പറഞ്ഞതിന്. സബ്സിഡിയുള്ള സാധനങ്ങള്‍ പോലും പലയിടത്തും സ്റ്റോക്കില്ലായിരുന്നു. വില കുതിച്ചുയരുമ്പോള്‍, ഇത്തരമൊരു സാഹചര്യത്തില്‍ ഈ ഓണം എങ്ങനെ ആഘോഷിക്കുമെന്ന് പലര്‍ക്കും അറിയില്ല.

പൊതുവിതരണ സമ്പ്രദായത്തിലേക്ക് സര്‍ക്കാര്‍ കടന്നുവരണമെന്ന് വാദിച്ച സിപിഐ നേതാവ് ചന്ദ്രശേഖരന്‍ നായരുടെ ഇടപെടലാണ് ഓര്‍മവരുന്നത്. വിപണിയില്‍ ഇടപെട്ടതുവഴി അന്ന് 25 ശതമാനമെങ്കിലും വില നിയന്ത്രിക്കാന്‍ കഴിഞ്ഞു. പൊതുസമൂഹത്തിന് ഓണം ഭാരമാകാതിരിക്കാന്‍ സിപിഐയുടെ പഴയകാല പ്രവര്‍ത്തകരെങ്കിലും അടിയന്തരമായി വിഷയത്തില്‍ ഇടപെടണം.

കേരളത്തില്‍ കണ്ടുവരുന്ന ശ്രദ്ധേയമായ കാര്യം, സംസ്ഥാനത്ത് നിരവധി തെറ്റായ പ്രവൃത്തികളും അത്യാഹിതങ്ങളും നടക്കുന്നുണ്ടെങ്കിലും അതിനെതിരേ നടപടിയെടുക്കുന്നില്ല എന്നതാണ്. കാരണം പലപ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരിക്കുന്ന പ്രധാനപ്പെട്ടവരാണ് ചില കാരണങ്ങളാല്‍ ഈ പരാജയത്തിനു പിന്നിലുള്ളത്. എങ്ങും പരിതാപകരമായ അവസ്ഥയാണ്. സാമ്പത്തിക സ്ഥിതി മോശമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ന്യായമല്ല. അതെ, വ്യവസ്ഥിതി വാടിപ്പോകുന്നു അധികാരികളുടെ ശ്രദ്ധയില്‍പ്പെടുന്നുമില്ല.

സ്വാഗതാര്‍ഹമായ അവസ്ഥയല്ല. തീര്‍ച്ചയായും തൊഴില്‍ മേഖലയും ശരിക്കും അസന്തുഷ്ടമാണ്. ക്രമസമാധാനപാലനത്തിലെ പരാജയം നിമിത്തം പലരും ഇപ്പോള്‍തന്നെ ജോലിക്കും വിദ്യാഭ്യാസത്തിനും നിക്ഷേപത്തിനും സംസ്ഥാനം വിട്ടുപോകുന്നതിനാല്‍ ശരിയായ സംവിധാനം സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തി കുറ്റവാളികളെ ശിക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

———————————————————————————————–

കടപ്പാട് : ദീപിക


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണന്‍,
മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു)

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

 

1 comments on “സംസ്ഥാനംതന്നെ ഇല്ലാതാകുന്നതിലേക്കോ ?
Leave a Reply