ദിവസം 4000 രൂപവരെ; പരിശീലനം നേടിയ 32,926 പേർ; തെങ്ങു കയറാൻ ആളില്ല

In Featured, Special Story
October 08, 2023

കൊച്ചി: ദിവസം 4000 രൂപവരെവരുമാനം .. പരിശീലനം നേടിയ 32,926 പേർ.. തെങ്ങു കയറാൻ ആളില്ല.‘ഒരു പഞ്ചായത്തില്‍ 10 തെങ്ങു കയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ് കണക്ക്. ആകെ 10,000 പേര്‍ എന്നു കണക്കാക്കിയാല്‍ പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നു പേരെ പ്പോലും ലഭിക്കുന്നില്ല. നല്ല വരുമാനമുള്ള സ്ഥിര ജോലിയായിട്ടും ആരും വരുന്നുമില്ല.’

ഇതേസമയം മരുഭൂമിയിൽ ഒട്ടകത്തെ നോക്കാനും, കൊടും തണുപ്പിൽ ആപ്പിൾ പറക്കാനും വിസക്ക് ജന ലക്ഷങ്ങൾ വാരി നിൽക്കുന്നു. കേരളത്തിൽനിന്നും മാറിയാൽ മലയാളി ഏതു തരം ജോലിക്കും തയ്യാറാണെന്ന് മനശ്ശാസ്ത്രജ്ഞനായ ജോൺ കല്ലിയാമ്പറമ്പിൽ പറയുന്നു. ” മലയാളിയുടെ കപട സദാചാരത്തിന്റെ പൊയ്മുഖങ്ങളാണ് ഇവയൊക്കെ ” ജോൺ കൂട്ടിച്ചേർത്തു.

2011ല്‍ ആരംഭിച്ച പദ്ധതി പ്രകാരമാണ് ഇത്രയും പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കിയത്. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നല്‍കി. 94 രൂപ വാര്‍ഷിക പ്രീമിയത്തില്‍ ഓരോരുത്തര്‍ക്കും അഞ്ചുലക്ഷത്തിന്റെ അപകട, മരണ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി. ദിവസം 4000 രൂപവരെ വരുമാനവും ഉറപ്പാക്കി. എന്നിട്ടും  ആവശ്യത്തിന് ആളെ കിട്ടാനില്ല . ഈ സാഹചര്യത്തില്‍  ഒരു കോള്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചതായി നാളികേര വികസന ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ മിനി മാത്യു പറയുന്നു .

 നാളികേര കര്‍ഷകര്‍ക്ക് ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ട’ത്തിന്റെ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന കോള്‍ സെന്റര്‍ കൊച്ചി കേന്ദ്രീകരിച്ച് നവംബറില്‍ ആരംഭിക്കും. തെങ്ങു കയറ്റ പരിശീലനം നേടിയ 1552 പേര്‍ ഇതിനകം കോള്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ സേവനം ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ ലഭ്യമാക്കും. സംസ്ഥാനത്തുള്ള 700 പേര്‍ക്ക് പുറമെ 275 പേര്‍ തമിഴ്നാട്ടില്‍ നിന്നും 227 പേര്‍ ആന്ധ്രയില്‍ നിന്നും 350 പേര്‍ കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. പ്രവര്‍ത്തനങ്ങള്‍ ആഴ്ചതോറും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.