അരൂപി .
കോണ്‍ഗ്രസ്സ് നേതൃത്വത്തിന് നിരന്തരം തലവേദന സമ്മാനിച്ചു കൊണ്ടുള്ള വിവാദങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുകയാണ് ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വച്ചു നീട്ടിയ നയതന്ത്ര പ്രതിനിധി സംഘത്തലവന്‍റെ പദവി സ്വീകരിച്ചതിലൂടെ കോണ്‍ഗ്രസ്സിന് നല്‍കിയ പ്രഹരം കൊണ്ട് മാത്രം തരൂര്‍ തൃപ്തനായില്ലന്ന് തോന്നുന്നു.
അതുകൊണ്ടായിരിക്കണം വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ അദ്ദേഹം മോദിയെ മുക്തകണ്ഠം പ്രശംസിച്ചു കൊണ്ട് “ദി ഹിന്ദു”വില്‍ ലേഖനമെഴുതിയത്.
എം.പി.മാരുടെ നേതൃത്വത്തിലുള്ള ഏഴ് സമിതികളുടെ നയതന്ത്ര വിദേശ പര്യടനം മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയായിരുന്നുവെന്നും മോദിയുടെ ഊര്‍ജ്ജം, തന്ത്രപരമായ ചലനാത്മകത, സൗമനസ്യം എന്നിവ ആഗോള വേദിയില്‍ ഇന്‍ഡ്യയുടെ ആസ്തിയാണെന്നും പ്രധാനമന്ത്രി കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നുമെല്ലാം തരൂര്‍ ആ ലേഖനത്തില്‍ പറഞ്ഞു വെച്ചു.
ഇന്‍ഡ്യയുടെ വിദേശ നയം മോദി അമേരിക്കക്ക് അടിയറ വച്ചുവെന്ന് നിരന്തരം ആരോപിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഈ മോദി സ്തുതി സൃഷ്ടിച്ച തലവേദന ഊഹിക്കാവുന്നതേയുള്ളു.
ബി.ജെ.പിയാണെങ്കില്‍ കോണ്‍ഗ്രസ്സില്‍ തരൂരിനേ വിവരമുള്ളുവെന്ന മട്ടില്‍ ആ ലേഖനത്തെ പുകഴ്ത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ എക്സ് അക്കൌണ്ടില്‍ ആ ലേഖനം പങ്ക് വക്കപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.
മുമ്പ് തരൂരിന്‍റെ പ്രസ്താവനകളെ വിമര്‍ശിക്കാന്‍ ജയറാം രമേഷിനെപ്പോലുള്ള ചിലരേ മെനക്കെടാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ലേഖനത്തോടെ സാക്ഷാല്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ തന്നെ രംഗത്തു വന്നു.
പത്രസമ്മേളനം വിളിച്ചുകൂട്ടിയാണ് ഖാര്‍ഗേ ശശി തരൂരിനെ വിമര്‍ശിച്ചത്. ശശി തരൂരിന്‍റെ ഭാഷ വളരെ നല്ലതാണ്. അതിനാലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത്. തങ്ങള്‍ക്ക് പ്രധാനം രാജ്യമാണ്, പിന്നീടേ പാര്‍ട്ടിയുള്ളു. എന്നാല്‍ ചില ആളുകള്‍ക്ക് മോദിയാണ് പ്രധാനം എന്നായിരുന്നു ഖാര്‍ഗേയുടെ വിമര്‍ശനം.
ഖാര്‍ഗേക്ക് മറുപടിയുമായി ഉടന്‍ വന്നു, തരൂരിന്‍റെ ട്വീറ്റ്. ഒരു കുരുവിയുടെ പടത്തിനോടോപ്പം “പറക്കാന്‍ അനുമതി ചോദിക്കേണ്ട കാര്യമില്ല. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേയും സ്വന്തമല്ല” എന്നായിരുന്നു ആ മറുപടി.
“പക്ഷികള്‍ പറക്കാന്‍ അനുമതിയൊന്നും ചോദിക്കണ്ട. എന്നാല്‍ ആകാശത്ത് നോക്കി പറക്കണം. കഴുകന്മാരും പരുന്തുകളും റാഞ്ചാനുണ്ടാകും” എന്ന് പറഞ്ഞു കൊണ്ട് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം.പി. മാണിക്യം ടാഗോര്‍, തരൂരിന് ഉടനടി ഉപദേശവും നല്‍കി.
ഖാര്‍ഗേയുടെ വിമര്‍ശനത്തില്‍ ഇനി ശശി തരൂരിനോട് ഒരു മൃദുസമീപനവും ആവശ്യമില്ല എന്ന സന്ദേശമുണ്ട്. പുകഞ്ഞകൊള്ളി പുറത്ത് എന്ന നിലപാട് കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്നുവെന്നതിന്‍റെ തെളിവാണത്. പക്ഷേ തരൂരിനെ പുറത്താക്കി രക്തസാക്ഷി പരിവേഷം നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറല്ല. നിവൃത്തിയില്ലാതെ തരൂര്‍ തനിയേ പുറത്ത് പോകുമെന്നവര്‍ പ്രതീക്ഷിക്കുന്നുവെന്ന് തോന്നുന്നു.
കോണ്‍ഗ്രസ്സ് പ്രസിഡന്‍റിനെ മാത്രമല്ല രാഹുല്‍ ഗാന്ധിയേയും തരൂര്‍ വെറുതേ വിടുന്നില്ല. അടിയന്തിരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ദിരാഗാന്ധി എഴുതിച്ചേര്‍ത്ത ‘സോഷ്യലിസം’ ‘മതേതരത്വം’ എന്നീ പദങ്ങള്‍ മായ്ച്ച് കളയണമെന്ന ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാലേയുടെ ആവശ്യത്തെ രാഹുല്‍ ഗാന്ധി അതിശക്തമായാണ് വിമര്‍ശിച്ചത്.
ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവരും ഭരണഘടന കത്തിച്ചവരുമാണ് ആര്‍.എസ്.എസുകാരെന്നും, മനുസ്മൃതിയാണവരുടെ ഭരണഘടനയെന്നുമാണ് രാഹുല്‍ ആരോപിച്ചത്. എന്നാല്‍ ആര്‍.എസ്.എസുകാര്‍ പണ്ടത്തേതില്‍ നിന്നെല്ലാം ഒരുപാട് മാറിയിട്ടുണ്ടെന്ന അഭിപ്രായവുമായി തരൂര്‍ രംഗത്ത് വന്നു. ആര്‍.എസ്.എസിനോടുള്ള തരൂരിന്‍റെ ഈ മൃദു സമീപനം കോണ്‍ഗ്രസ്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ കൂടുതല്‍ ആഴത്തിലാക്കി.
ഇതോടെ തരൂര്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ പോകുന്നുവെന്ന അഭ്യൂഹം ശക്തമായി. ഇനിയും തരൂരിനെ പാര്‍ട്ടിക്കുള്ളില്‍ വച്ച് പൊറുപ്പിക്കരുതെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ തരൂരിന്‍റെ സാന്നിദ്ധ്യം തങ്ങളുടെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ആശങ്കപ്പെടുന്ന നേതാക്കള്‍ക്ക് മാത്രമേ മുമ്പ് ആ അഭിപ്രായം ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇന്ന് കോണ്‍ഗ്രസ്സിലെ സാധാരണ അണികളും ആ അഭിപ്രായം പങ്ക് വക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസ്സ് ഘടകം തരൂരിന് അര്‍ഹമായ പരിഗണന നല്‍കിയിരുന്നു. ഒരു സമയത്ത് തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി.
കോണ്‍ഗ്രസ്സിന്‍റെ കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞത് മാത്രമല്ല തരൂരിനെ കേരളത്തില്‍ അനഭിമതനാക്കിയിരിക്കുന്നത്. നിലമ്പൂരില്‍ കഴിഞ്ഞ മാസം നടന്ന ഉപ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തില്‍ ‘സ്റ്റാര്‍ കാമ്പയിനറായി’ തരൂരിനെ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും തരൂര്‍ നിലമ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല.
തന്നെ ആരും ക്ഷണിച്ചിട്ടില്ലന്നായിരുന്നു അദ്ദേഹത്തിന്‍റെ ന്യായീകരണം. എന്നാല്‍ ക്ഷണിക്കാന്‍ നിലമ്പൂരില്‍ നടന്നത് ആരുടെയെങ്കിലും കല്യാണമല്ലന്നായിരുന്നു കോണ്‍ഗ്രസ്സിന്‍റെ ഒരു മുതിര്‍ന്ന നേതാവിന്‍റെ പ്രതികരണം. നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കൂടി കഴിഞ്ഞതോടെ തരൂരിന്‍റെ നേതൃത്വമില്ലങ്കിലും ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷത്തെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ്സ് ഇന്ന് പ്രകടിപ്പിക്കുന്നു.
അഖിലേന്ത്യാ തലത്തില്‍ തരൂര്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അനഭിമതനായിരിക്കുന്നു . കേരളത്തില്‍ അദ്ദേഹത്തിന്‍റെ പ്രഭാവത്തിന് മങ്ങലേറ്റിരിക്കുന്നു. ഈ സാഹചര്യത്തില്‍ തരൂരിന്‍റെ അടുത്ത നീക്കം എന്തായിരിക്കുമെന്നറിയാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
തരൂരിനെ കോണ്‍ഗ്രസ്സ് പുറത്താക്കുമോ? അതോ തരൂര്‍ തനിയേ പുറത്ത് ചാടുമോ? ബി.ജെ.പി.യില്‍ ചേരുമോ? ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളാണ് മോദിയെന്നും ചെരിപ്പെടുത്ത് അടിച്ചു കൊല്ലാനും കൈകൊണ്ട് എടുത്തുകളയാനും കഴിയാത്ത സ്ഥിതിയാണെന്നും പറഞ്ഞ തരൂരിനെ ബി.ജെ.പി. സ്വീകരിക്കുമോ? ഇനി സ്വീകരിച്ചാല്‍ തന്നെ തരൂരിനെ പോലെ പ്രാഗത്ഭ്യമുള്ള ഒരു നേതാവിന് എന്ത് പദവി നല്‍കും?
തരൂരിനെ സ്വീകരിച്ച് കേരളത്തിന്‍റെ ചുമതല നല്‍കുമോ? അതോ കേന്ദ്രത്തില്‍ ഏതെങ്കിലുമൊരു സ്ഥാനം നല്‍കുമോ? അല്ലങ്കില്‍ പറഞ്ഞ് കേള്‍ക്കുന്ന പോലെ അമേരിക്കയിലോ ഐക്യരാഷ്ട്ര സഭയിലോ സ്ഥിരം പ്രതിനിധിയായോ ജി-20യിലെ ഷെര്‍പ്പയായോ അവരോധിക്കപ്പെടുമോ? ഇങ്ങിനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനായി അവര്‍ കാത്തിരിക്കുന്നു.
അതെന്തായാലും ശശി തരൂരിന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണഭൂതര്‍ സാക്ഷാല്‍ മോദിയും കൂട്ടരുമാണെന്ന് ചില നിരീക്ഷകരെങ്കിലും വിശ്വസിക്കുന്നു. അനുഭവ സമ്പത്തും, ആകര്‍ഷണ ശക്തിയും, പാണ്ഡിത്യവും, ബുദ്ധികൂര്‍മ്മതയുമെല്ലാം ഒത്തിണങ്ങിയ തരൂര്‍ കോണ്‍ഗ്രസ്സിന്‍റെ നേതൃസ്ഥാനത്തെങ്ങാനും എത്തിപ്പെട്ടാല്‍ അത് ദോഷം ചെയ്യുന്നത് ബി.ജെ.പിക്കായിരിക്കുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.
അതാണ് തരൂരിനെ എങ്ങിനെയെങ്കിലും കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തെത്തിക്കുക എന്നിട്ട് ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ നിര്‍ത്തുക എന്ന പദ്ധതി ആവിഷ്ക്കരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ആ ലക്ഷ്യം അവര്‍ കൈവരിച്ചിരിക്കുന്നു എന്നും അതുവഴി തങ്ങളുടെ എതിരാളി ആ യേക്കാവുന്ന ഒരാളെക്കൂടി അവര്‍ ഒതുക്കിയിരിക്കുന്നുവെന്നും ആ നിരീക്ഷകര്‍ കരുതുന്നു.
ഈ നിരീക്ഷണത്തെ അങ്ങിനെയങ്ങ് തള്ളിക്കളയേണ്ട. എല്ലാം രാഷ്ട്രീയമാണ്. അവിടെ ഒന്നും അസംഭാവ്യമല്ല.