നെൽകൃഷി ‘സബ്സിസ്റ്റൻസ് അഗ്രികൾച്ചർ’ അതുപോലെ അക്കാദമിക് പണ്ഡിതന്മാരും

In Featured, Special Story
December 05, 2023
കൊച്ചി : എനിക്കു പരിചയമുള്ളവരിൽ ഒരു യഥാർത്ഥ സ്കോളർ എന്ന് തോന്നിയിട്ടുള്ള അപൂർവം ചിലരിൽ ഒരാളാണ് കുഞ്ഞാമൻ. അക്കാദമിക് അംഗീകാരമല്ലാതെ മറ്റൊരു സ്ഥാനമാനങ്ങളിലും താല്പര്യമില്ലാതിരുന്ന ഒരാൾ. അതുപോലും അദ്ദേഹത്തിനു പലപ്പോഴും നിഷേധിക്കപ്പെട്ടു. അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധൻ  സി. അച്യുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി   ഫേസ്ബുക്കിൽ എഴുതുന്നു .
“പക്ഷേ എപ്പോഴും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ അദ്ധ്യാപകമികവിൻ്റെ പ്രത്യക്ഷതെളിവ്. ഒരു അധ്യാപകനു വേറൊരു അംഗീകാരവും ആവശ്യമില്ല.” ‘നമ്മുടെ നെൽകൃഷി ‘സബ്സിസ്റ്റൻസ് അഗ്രികൾച്ചർ’ ആണ്, അതായത് വലിയ സർപ്ലസ് ഒന്നും ഇല്ല. പിന്നെ നിലം ഉള്ളതുകൊണ്ട് ഒരു ആചാരം പോലെ കൃഷി ചെയ്യുന്നു എന്നു മാത്രം. അതുപോലെയാണ് നമ്മുടെ അക്കാദമിക് പണ്ഡിതന്മാരും. വലിയ സർപ്ലസ് ഒന്നും ഉണ്ടാക്കുന്നില്ല”   രാമൻകുട്ടി തുടരുന്നു.

`വൈദ്യത്തിനു അവധികൊടുത്ത് സാമ്പത്തികശാസ്ത്രം പഠിക്കാൻ സി ഡി എസ്സിൽ ചെന്നപ്പോഴാണ് കുഞ്ഞാമനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ ഇളയ കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ കുട്ടിക്ക് ജന്മനാ ഉള്ള ഹൃദ്രോഗവും ഉണ്ടായിരുന്നു. അത് ആദ്യം കണ്ടെത്തിയത് ഞാനായിരുന്നു. അവളുടെ നെഞ്ചിൽ ഒരു ഡോക്ടരും സ്റ്റെതസ്കോപ്പ് വെച്ച് നോക്കിയിട്ടില്ല എന്നത് എനിക്കദ്ഭുതം ഉളവാക്കിയ കാര്യമായിരുന്നു. അന്ന് കണ്ടുപിടിച്ചതുകൊണ്ട് വിദഗ്ദ്ധചികിത്സ ചെയ്ത് കുറെക്കാലം അവളുടെ ജീവൻ നിലനിർത്താൻ കഴിഞ്ഞു. എങ്കിലും ആ കുഞ്ഞ് അകാലത്തിൽതന്നെ വിട്ടുപോയി. കുഞ്ഞാമനു വലിയ ഹൃദയവേദന ഉണ്ടാക്കിയ കാര്യമായിരുന്നു അത്. അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഒരു ദിവിസം അഞ്ചാറുവയസ്സുള്ള മൂത്തമകളെ നോക്കാൻ ആരുമില്ലാതെ അന്നവളെ എൻ്റെ ഹോസ്റ്റൽ മുറിയിൽ എൻ്റെ കൂടെ വിട്ടിട്ടാണ് അവർ പോയത്.
അന്നുമുതൽ തുടങ്ങിയ സൗഹൃദമാണ്.
അന്നൊക്കെ കുഞ്ഞാമനു ഡോ കെ എൻ രാജ് എന്നു പറഞ്ഞാൽ ദൈവമായിരുന്നു. അദ്ദേഹത്തിൻ്റെ പാണ്ഡിത്യത്തെപ്പറ്റി എത്രപറഞ്ഞാലും മതി വരില്ല. അദ്ദേഹത്തിൻ്റെ കൂടെയാണ് കുഞ്ഞാമൻ പി എഛ് ഡിക്ക് രെജിസ്റ്റർ ചെയ്തിരുന്നത്. പിന്നീടെപ്പോഴോ അവർ തമ്മിൽ തെറ്റി. ‘ഏറ്റവും നല്ലത് നല്ലതിൻ്റെ ശത്രുവാണെന്ന്’ ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഏകദേശം അതായിരുന്നു ആ പി എഛ് ഡിയുടെ ഗതി. പിന്നീട് കുഞ്ഞാമൻ കൊച്ചിസർവകലാകലാശാലയിൽ വളരെ പ്രായോഗികമതിയായ ഡോ. ജോർജിൻ്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് എടുത്തു.

പിന്നീട് തമ്മിൽ കാണൽ കുറവായിരുന്നെങ്കിലും വീടു വെച്ച അവസരത്തിലും പിന്നീട് ഇളയകുഞ്ഞിൻ്റെ മരണത്തിനും ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. എനിക്കു പരിചയമുള്ളവരിൽ ഒരു യഥാർത്ഥ സ്കോളർ എന്ന് തോന്നിയിട്ടുള്ള അപൂർവം ചിലരിൽ ഒരാളാണ് കുഞ്ഞാമൻ. അക്കാദമിക് അംഗീകാരമല്ലാതെ മറ്റൊരു സ്ഥാനമാനങ്ങളിലും താല്പര്യമില്ലാതിരുന്ന ഒരാൾ. അതുപോലും അദ്ദേഹത്തിനു പലപ്പോഴും നിഷേധിക്കപ്പെട്ടു. പക്ഷേ എപ്പോഴും അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിൻ്റെ അദ്ധ്യാപകമികവിൻ്റെ പ്രത്യക്ഷതെളിവ്. ഒരു അധ്യാപകനു വേറൊരു അംഗീകാരവും ആവശ്യമില്ല.
അടുത്തകാലത്തും ആരോഗ്യസംബന്ധിയായ ഒരു പ്രശ്നം ഉണ്ടായപ്പോൾ അദ്ദേഹം എന്നെ വിളിച്ചു. എനിക്ക് ഒരു സ്പെഷലിസ്റ്റ് ഡോക്ടറുടെ സഹായം എത്തിച്ചുകൊടുക്കാൻ കഴിഞ്ഞു. അതിനു നന്ദി പറയാനും വിളിച്ചിരുന്നു. എനിക്കു തോന്നിയത് അപ്പോൾ വളരെ സന്തുഷ്ടനായിരുന്നു എന്നാണ്. ഇനിയും കാണാം എന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.
ജീവിതവും അദ്ദേഹം പ്രവർത്തിച്ച സ്ഥാപനങ്ങളും അദ്ദേഹത്തിനു നീതി നിഷേധിച്ചു. ഒരുപക്ഷേ ടിസ്സ് ഒഴിച്ച്. ഒരിക്കൽ അപ്രതീക്ഷിതമായി ടിസ്സിലെ കാൻ്റീനിൽ വെച്ച് കണ്ടപ്പോൾ അദ്ദേഹം തികച്ചും സന്തുഷ്ടനായിരുന്നു. കേരളത്തിൽ അക്കാദമിക് ജംഗ്ഗിളിൽനിന്ന് രക്ഷപ്പെട്ടതിനെക്കു റിച്ച് ഒരുപാടു സംസാരിച്ചു. സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുവാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല, അത് ആരോടായാലും. അങ്ങിനെയുള്ളവരെ പൊറുപ്പിക്കാൻ നമ്മുടെ സമൂഹം തയ്യാറല്ല. പ്രത്യേകിച്ച് അദ്ദേഹത്തെപ്പോലെ പ്രിവിലെജുകൾ ഇല്ലാത്ത ചുറ്റുപാടിൽ നിന്നു വരുന്ന ഒരാളെ.
അദ്ദേഹം കേരളത്തിലെ അക്കാദമിക് പരിസ്ഥിതിയെപ്പറ്റി ഒരു സ്വകാര്യസംഭാഷണത്തിൽ ഇങ്ങിനെ പറഞ്ഞത് ഓർക്കുന്നു. ‘നമ്മുടെ നെൽകൃഷി ‘സബ്സിസ്റ്റൻസ് അഗ്രികൾച്ചർ’ ആണ്, അതായത് വലിയ സർപ്ലസ് ഒന്നും ഇല്ല. പിന്നെ നിലം ഉള്ളതുകൊണ്ട് ഒരു ആചാരം പോലെ കൃഷി ചെയ്യുന്നു എന്നു മാത്രം. അതുപോലെയാണ് നമ്മുടെ അക്കാദമിക് പണ്ഡിതന്മാരും. വലിയ സർപ്ലസ് ഒന്നും ഉണ്ടാക്കുന്നില്ല. നിവർത്തിയില്ലാത്തതുകൊണ്ട് പഠിപ്പിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്നു.

ഒരുതരം സബ്സിസ്റ്റൻസ് അക്കാദമിക്സ്’   എത്രകൃത്യമായ നിരീക്ഷണം!