പരസ്യപ്രസ്താവന പാടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് കോടതി

മൂന്നാർ:  ശാന്തൻപാറയിലെ  പാർട്ടി ഓഫീസ് നിർമാണം തടഞ്ഞതിൽ  അമിക്കസ് ക്യൂറിക്കെതിരെയും, ജില്ല കലക്ടർക്കെതിരെയും പരസ്യപ്രസ്താവനകൾ പാടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.മേഖലയിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടർന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ കാലതാമസത്തിൽ  അതൃപ്തി രേഖപ്പെടുത്തിയാണ് കലക്ടർക്ക് കോടതി നിർദേശം നൽകി

മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി നിർമാണം നടക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നിർമാണം നടത്തുന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ ശേഖരിച്ച് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാൻ  ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിവരങ്ങൾ ശേഖരിക്കാൻ ജില്ലാകലക്ടർ വില്ലേജ് ഓഫീസർമാരെ ചുമതലപ്പടുത്തണം.

 

16 വർഷമായി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകൾ  കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും, സമയബന്ധിതമായ നടപടി വേണമെന്നും കോടതി നിർദേശിച്ചു. ജില്ലയിൽ 326 കയ്യേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്നും, ഇതിൽ 20 എണ്ണം ഒഴിപ്പിച്ചിട്ടുണ്ടെന്നും കലക്ടർ മറുപടി നൽകി. ഭൂസംരക്ഷണ നിയമ പ്രകാരം ചില കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങി. സർവേ ആവശ്യമായ കേസുകളിൽ രണ്ട് മാസത്തിനകം  പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിക്കാൻ കഴിയുമോ എന്നും ആരാഞ്ഞു. വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ കോടതി കക്ഷി ചേർത്തു.

 

ശാന്തൻപാറയിൽ ചട്ടം ലംഘിച്ച് നിർമിക്കുന്ന  പാർട്ടി ഓഫീസ് നിർമാണം തടഞ്ഞതിൽ അമിക്കസ് ക്യൂറിക്കെതിരെയും, കലക്ടർക്കെതിരെയും പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസിന് കോടതി വാക്കാൽ നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ  അത് നീതി നിർവഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News