സാമൂഹ്യ പരിഷ്ക്കര്‍ത്താവായ പത്രാധിപര്‍

പി.രാജന്‍

ലോകത്തെ ആദ്യ സാമൂഹിക പരിഷ്ക്കര്‍ത്താവായി അംഗീകരിക്കപ്പെടേണ്ട ഒരേയൊരു പത്രാധിപര്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയാണ്. സമത്വ പൂര്‍ണ്ണമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പത്രാധിപരാണദ്ദേഹം.

സാമൂഹിക സമത്വം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചരിത്രപരമായ കാരണങ്ങളാല്‍ അധഃസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ട ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍. അദ്ദേഹം ഈ ആവശ്യമുന്നയിക്കുന്ന വേളയില്‍ ലോകം യൂറോപ്യന്‍ സാമ്രാജ്യത്വ ശക്തികളുടെ കീഴിലായിരുന്നു. മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ഉണ്ടായിരുന്നില്ല.

തലമുറകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പിന്നോക്ക സമുദായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് വാദിച്ചിരുന്ന അദ്ദേഹം തീര്‍ച്ചയായും ദീര്‍ഘവീക്ഷണമുള്ളയാളായിരുന്നു. പക്ഷേ, ആ മഹാനായ സാമൂഹ്യ പരിഷ്ക്കര്‍ത്താവിനെ ജാതീയ വാദിയായി ആരോപിക്കപ്പെട്ടുവെന്നതാണ് വിരോധാഭാസം. ഇന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് അനിവാര്യമായി അംഗീകരിക്ക പ്പെട്ടിരിക്കുന്നു. എന്നാല്‍ അന്ന് സാര്‍വ്വത്രിക വിദ്യാഭ്യാസത്തിനായി വാദിച്ച രാമകൃഷ്ണ പിള്ളയെ ജാതീയവാദിയായി ചില പാശ്ചാത്യവിദ്യാസമ്പന്നര്‍ വിശേഷിപ്പിക്കുകയുണ്ടായി.

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച സ്വദേശാഭിമാനിയുടെ ജീവചരിത്രം എഴുതിയ ടി.വേണുഗോപാല്‍ സോഷ്യലിസ്റ്റ്, ജനാധിപത്യ രാഷ്ട്രം വിഭാവനം ചെയ്ത ഇന്‍ഡ്യയിലെ ആദ്യ സാമൂഹിക പരിഷ്ക്കര്‍ത്താവ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയാണെന്ന് തെളിയിക്കാന്‍ ധാരാളം വസ്തുതകള്‍ നിര്‍ത്തിയിട്ടുണ്ട്. മഹാനായ ആ പത്രാധിപര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ടതിന് യാതൊരു വിധ ന്യായീകരണങ്ങളുമില്ല.

മഹാ പണ്ഡിതനായ വക്കം മൗലവി എന്തുകൊണ്ട് തന്‍റെ പത്രത്തിന്‍റെ പത്രാധിപരായി ചെറുപ്പക്കാരനായ രാമകൃഷ്ണ പിള്ളയെ നിയമിച്ചു എന്ന് സത്യസന്ധരായ ഏത് ഗവേഷകനും ചോദിക്കേണ്ട ചോദ്യമാണ്. തന്‍റെ പത്രത്തിന് നല്‍കിയ ‘സ്വദേശാഭിമാനി’ എന്ന പേരു തന്നെ രാഷ്ട്ര സങ്കല്‍പ്പത്തെ സൂചിപ്പിക്കുന്നു.

സമത്വസുന്ദരമായ സമൂഹം എന്ന ആശയത്തിന്‍റെ ബീജാവാപകന്‍ എന്ന നിലയില്‍ ലോകമാകെ അറിയപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമായ മലയാളിയാണ് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള.

അതുപോലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ആവിഷ്ക്കാരം എന്‍.എസ്.എസ്സിന്‍റെ ലക്ഷ്യങ്ങളിലും കാണാനാവും. സാധുജന സേവനം എന്‍.എസ്.എസ്സിന്‍റെ പ്രഖ്യാപിത ലക്ഷയങ്ങളില്‍ പ്രധാനമായിരുന്നു. ഗാന്ധിജിയുടെ “ഹരിജന”ല്ല അയ്യന്‍കാളിയുടെ “സാധുജനം” എന്ന പദമാണ് എന്‍.എസ്.എസ്. സ്വീകരിച്ചതെന്നും നാം പ്രത്യേകം ഓര്‍മ്മിക്കണം.

-———————————————————————————————-

(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക