നിയമനിർമ്മാണത്തിൽ സ്ത്രീ ശക്തി

പി.രാജൻ

ടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ മൂന്നിലൊന്ന് വനിതാ സ്ഥാനാർത്ഥികളെ നിർത്തണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ അവഗണിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സാധിക്കാതെ വരും.

വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടു ശേഖരിച്ച ഒപ്പുകൾ നിരത്തി വെച്ചു കൊണ്ടാണ്, രക്തസാക്ഷി മണ്ഡപം മുതൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ മുന്നണികളുടെ ആസ്ഥാനങ്ങളിലേക്ക് സ്ത്രീ സംഘടനകളിലെ പ്രക്ഷാഭകർ നൂതന രീതിയിൽ സമരം നടത്തിയത്. ഇത് കൊണ്ട് മാത്രം സത്രീകൾക്കു അർഹമായ പ്രതിനിധ്യം നൽകാൻ രാഷ്ട്റീയ കക്ഷി നേതാക്കൾ തയാറാകുമെന്നു കരുതാനാവില്ല.

നിയമസഭകളിൽ വനിതാ പ്രാതിനിധ്യത്തിനു വണ്ടി നിയമനിർമാണം നടത്തുന്നതിനു മുന്നോടിയായി സ്ഥാനാർത്ഥികളിൽ പതിനഞ്ചു ശതമാനമെങ്കിലും വനിതകളെ നിയോഗിക്കണമെന്ന് 1975 ൽ തന്നെ ഫുൽ രേണു കമ്മിറ്റി നിർദ്ദേശിച്ചതാണ്. പക്ഷെ അത് നടപ്പിലായില്ല. പാർളിമെൻ്റിലുൾപ്പടെ സ്ത്രീപ്രാതിനിധ്യം കുറഞ്ഞു വരുകയാണുണ്ടായത്.

ലോകത്തിൽ ഏറ്റവും അധികം സ്ത്രീകൾ പങ്കെടുത്ത രാഷ്ടീയ സമരമാണ് ഭാരതത്തിൽ നടന്ന സ്വാതന്ത്ര്യ സമരമെന്ന് ഓർക്കണം. നീണ്ട് നിന്ന പ്രക്ഷോഭണങ്ങൾക്ക് ശേഷമാണ് ഇന്ന് വികസിത ജനാധിപത്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളിലും സ്ത്രീകൾക്ക് വോട്ടവകാശം തന്നെ ലഭിച്ചത് .

എന്നാൽ ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി പൗരാവകാശങ്ങളെക്കൂടി കണ്ണി ചേർത്തിരുന്നതുകൊണ്ട് സ്ത്രീകളുടെ വോട്ടവകാശം സ്വാതന്ത്ര്യത്തോടൊപ്പം കൈവന്ന സ്വാഭാവികമായ നേട്ടമായി. പക്ഷെ അതനുസരിച്ച് നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്കു പ്രാതിനിധ്യം ലഭിച്ചില്ല. ഇപ്പോൾ മൂന്നിലൊന്നു ജനപ്രതിനിധികൾ സ്ത്രീകൾ ആകുന്നതിനു നിയമ നിർമാണം നടത്തിയിട്ടുണ്ടെങ്കിലും അത് പ്രാബല്യത്തിൽ വരുത്തുന്നതിനു ഇനിയും പല കടമ്പകൾ കടക്കേണ്ടിവരും.

എൻ്റെ അറിവിൽ പഴയ കൊച്ചി നാട്ടുരാജ്യത്താണ് ലോകത്തിൽ ആദ്യമായി നിയമനിർമ്മാണ സഭയിൽ നിയമം മൂലം സ്ത്രീസംവരണം ഏർപ്പെടുത്തുന്നത്. അത് കൊണ്ട് സ്ത്രീകളെ ജന പ്രതിനിധികൾ ആക്കാൻ നിയമ വ്യവസ്ഥ വേണമെന്ന വാദത്തിൽ അതിരുകടന്ന വിപ്ലവമുണ്ടെന്നും വാദിക്കേണ്ടതില്ല. എന്തായാലും തെരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണയിക്കാവുന്ന തരത്തിൽ ഈ പ്രശ്നത്തിൽ സംഘടിത കൂട്ടായ്മയായി വനിതകൾ മുന്നോട്ട് വരുന്നില്ലെങ്കിൽ രാഷ്‌ട്രീയ നേതൃത്വങ്ങൾ ഈ സംഗതിയിൽ ശ്രദ്ധിക്കാനിടയില്ല.

സ്ത്രീകളുടെ രാഷ്ട്രിയാധികാരം മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കുന്നതിനുവേണ്ടി പ്രചാരണം നടത്തുന്നതിൽ മുന്നിട്ട് നിന്ന പഴയ പരിവർത്തനവാദികൾക്ക് അഭിമാനിക്കാവുന്നതാണ്. രാഷ്ടീയാധികാരത്തിലെ സ്ത്രീ സമത്വത്തിനുവേണ്ടി 1970 കളിൽ അവരെഴുതിയ മുദ്രാവാക്യം കേരളത്തിലെ ചില മതിലുകളിലെങ്കിലും മായാതെ കിടക്കുന്നുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News