ഓർമകളിൽ ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി

In Featured, Special Story
April 10, 2024

കൊച്ചി: ആധുനിക മലയാള കവിതയിൽ ശൈലി, ശീല്, പ്രമേയം എന്നിവയുടെ മൗലികത്വം കൊണ്ട് വ്യത്യസ്തനായ കവിയാണ് ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി.  2000 ലെ ഏപ്രിൽ പത്തിനാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത് 

തറവാട്ടു പാരമ്പര്യം തളംകെട്ടിനില്‍ക്കുന്ന നാലുകെട്ടിലാണ് പിറന്നുവീണതെങ്കിലും മണ്ണിലെ മനുഷ്യന്‍റെ വേദന കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാമൂഹികവിമർശനവുമായാണ് അദ്ദേഹം കവിതയിലേക്ക് കടന്നുവന്നത്.

മറ്റു കുട്ടികൾ കളിപ്പാട്ടംകൊണ്ടു കളിച്ചപ്പോൾ ആനകളെ കുളിപ്പിച്ചും കളിപ്പിച്ചും ബാല്യം കഴിച്ചയാളാണ് ഒളപ്പമണ്ണ. നാട്ടാനകളെ കണ്ടുകണ്ടു രസം പിടിച്ച് ‘അകലെ കാട്ടുകുളത്തിൽ അതിഗംഭീരൻ കൊമ്പൻ നിൽപതു’ കാണാൻ വനാതിർത്തിയായ മണ്ണാർക്കാട്ടേക്ക് അദ്ദേഹം റബർ കൃഷിക്കു പോയി. റബറിനെ കാമധേനുവെന്നും മംഗളദേവതയെന്നും വിളിച്ചു കർഷകനായ കവി.കണ്ടമംഗലത്തെ കാട്ടിൽ കർഷകനായി ജീവിച്ച കാലത്തു പുതുമണ്ണിൽ പുതുകവിതകളും വിളഞ്ഞു. കോട്ടോപ്പാടം പഞ്ചായത്ത് രൂപീകൃതമായപ്പോൾ ആദ്യ പഞ്ചായത്ത് പ്രസിഡന്റായും ചുമതലയേറ്റു.

————————————————————————-

വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹം താമസിച്ച ലോഡ്ജ് മുറിയിൽ കയറി ബ്രിട്ടിഷ് പൊലീസ് കവിതാപുസ്തകം പിടിച്ചെടുത്തിട്ടുണ്ട്. ഒറ്റപ്പാലം ഹൈസ്‌കൂളിൽ പഠിക്കുകയായിരുന്ന കവി അന്നു താമസിച്ചിരുന്നത് കെസിഎസ്പി ലോഡ്ജിലായിരുന്നു. 1940ലെ മൊറാഴ കലാപത്തെത്തുടർന്നു കൊലപാതകക്കുറ്റം ചുമത്തി കെ.പി.ആർ.ഗോപാലനെ പൊലീസ് അന്വേഷിക്കുന്ന സമയം. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും അറസ്റ്റ് ചെയ്യാൻ പൊലീസിനു നിർദേശം കിട്ടി. വിദ്യാർഥിപ്രസ്ഥാനത്തിൽ സജീവമായിരുന്ന ഒളപ്പമണ്ണയുടെ മുറിയിൽ ഇഎംഎസിനെ അന്വേഷിച്ചാണു പൊലീസെത്തിയത്. പിടിച്ചെടുത്തതാകട്ടെ മഹാത്മജിയെക്കുറിച്ചും മറ്റും എഴുതിയ കവിതകൾ. 

————————————————————–

ഏതായാലും ആദ്യകവിതകൾ പ്രസിദ്ധീകരണത്തിനയച്ചു കാത്തിരിക്കേണ്ട ഗതികേട് ഒളപ്പമണ്ണയ്ക്കുണ്ടായില്ല. ‘തീവ്രവാദ സാഹിത്യ’മെന്നു സംശയിച്ച് അതു പൊലീസ് കൊണ്ടുപോയി. അങ്ങനെ ഒളപ്പമണ്ണ അപകടകാരിയായ കവിയാണെന്നു ബ്രിട്ടിഷുകാർ സാക്ഷ്യപ്പെടുത്തി. തീപാറുന്ന സ്വന്തം വിപ്ലവഗാനങ്ങൾ പാടി സ്വതന്ത്രതിരുവിതാംകൂർ വാദത്തിനെതിരെ വിദ്യാർഥിജാഥ നയിച്ചിട്ടുണ്ട് ഒളപ്പമണ്ണ.  പാലക്കാട് വിക്‌ടോറിയ കോളജിൽ ചേർന്നപ്പോൾ പുരോഗമന പ്രസ്ഥാനത്തിൽ സജീവമായി. ഉള്ളിൽ സമരവീര്യം ഇരമ്പിയതോടെ വിദ്യാഭ്യാസം നിലച്ചു. അക്കാദമിക് പഠനം തുടർന്നില്ലെങ്കിലും ഒളപ്പമണ്ണയുടെ കവിതകൾ പിന്നീടു ബിരുദ ക്ലാസുകളിലും ബിരുദാനന്തര ബിരുദ ക്ലാസുകളിലും പാഠപുസ്തകങ്ങളായി. 

വിക്‌ടോറിയ കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോഴാണ് ആദ്യ കവിതാസമാഹാരമായ ‘വീണ’ പുറത്തിറങ്ങുന്നത്. തുടക്കത്തിൽ പടപ്പാട്ടുകളെഴുതിയിരുന്നെങ്കിലും വാളല്ല സമരായുധമെന്നു തിരിച്ചറിഞ്ഞു പെട്ടെന്നുതന്നെ ‘മണിപ്പൊൻവീണ’ വാങ്ങിയ കവിയാണ് ഒളപ്പമണ്ണ. 

ഒറ്റപ്പാലം, വെള്ളിനേഴി, ഒളപ്പമണ്ണ മനയിൽ ജനിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കീഴിൽ വേദവും സംസ്‌കൃത അധ്യയനവും നടത്തി. ചരിത്രം ഐച്ഛിക വിഷയമായെടുത്തു പാലക്കാട്ടു വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും പൂർത്തീകരിച്ചില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടറായും കേരള കലാമണ്ഡലം ചെയർമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാലക്കാട് നഗരത്തിൽ ശ്രീനാരായണ ഗുരു ചികിത്സയ്ക്കു വന്നു താമസിച്ചപ്പോൾ ഒപ്പം സഹായിയായി വന്ന കുമാരനാശാൻ വീണപൂവിന്റെ ആദ്യശ്ലോകമെഴുതിയ ജൈനിമേട്ടിലേക്കാണു പിന്നീട് ഒളപ്പമണ്ണ താമസം മാറ്റിയത്. ഗുരു താമസിച്ച ജൈനപണ്ഡിതന്റെ വീട്ടിലെ ഡയറിയിലാണ് ‘ഹാ പുഷ്പമേ…’ എന്നു തുടങ്ങുന്ന വരികൾ ആശാൻ കുറിച്ചിട്ടത്. ഈ ഡയറി താൻ കണ്ടിട്ടുണ്ടെന്ന് ഒളപ്പമണ്ണ പിന്നീടെഴുതി. ഇവിടെയെത്തിയ ശേഷമാണ് ഹരിശ്രീ ടിംബർ ഇൻഡസ്ട്രീസ് തുടങ്ങി മരക്കച്ചവടത്തിലേക്കു കടന്നത്. ആലുവയിൽ യൂണിയൻ ടൈൽ വർക്സ് എന്ന ഓട്ടുകമ്പനി നടത്തിയ ആശാൻ തന്നെ മുൻഗാമി. എന്നാൽ, ‘ചന്തയിലളന്നിട്ടു വിറ്റഴിച്ചതു മേന്മേലെന്നെയോ മരമോ ഞാൻ’ എന്നു ശങ്കിച്ചപ്പോൾ മരക്കച്ചവടം നിർത്തി.

വീണ, കല്പന, കിലുങ്ങുന്ന കയ്യാമം, അശരീരികൾ, ഇലത്താളം, കുളമ്പടി, തീത്തൈലം, റബ്ബർ, വൈഫും മറ്റ് കവിതകളും, പാഞ്ചാലി, ഒലിച്ചുപോകുന്ന ഞാൻ, കഥാ കവിതകൾ, നങ്ങേമകുട്ടി, ആനമുത്ത്, അംബ, സുഫല, ദു:ഖമാവുക സുഖം, നിഴലാന, ജാലകപക്ഷി, വരിനെല്ല് എന്നിവയാണ് കൃതികൾ.എല്ലാ കവിതകളും അവതാരികകളും പഠനങ്ങളും ഉൾക്കൊള്ളിച്ച് ഒരു ബൃഹദ്കൃതി ‘നിത്യകല്യാണി’ എന്ന പേരിൽ 2014ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

 കേരള സാഹിത്യ അക്കാദമി അവാർഡ് (1966), കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് (1989), ഓടക്കുഴൽ അവാർഡ്, എൻ.വി സ്മാരക അവാർഡ് (1993), ഉള്ളൂർ അവാർഡ് (1994), സമഗ്രസംഭാവനയ്ക്ക് ആശാൻ പുരസ്‌കാരം (1998) കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് (1998)…എന്നിവ ലഭിച്ചിട്ടുണ്ട്