നാഗാലാൻ്റിൽ പ്രതിഷേധിച്ച് വോട്ടു ചെയ്യാതെ നാലുലക്ഷം പേർ

ന്യൂഡൽഹി: പ്രത്യേക സംസ്ഥാനം വേണം എന്ന ആവശ്യം ഉന്നയിച്ച് നാഗാലാൻ്റിലെ ഏക ലോക്സഭാ സീററിലേയ്ക്ക് നടന്ന വോട്ടെടുപ്പിൽ നിന്ന് നാലുലക്ഷം പേർ വിട്ടുനിന്നു.

സംസ്ഥാനത്തെ ആറ് ജില്ലകളിലും പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉയർത്തി ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഈസ്‌റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ  ജനങ്ങളോട്  വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആറിടത്തും വോട്ടിങ് ശതമാനം പൂജ്യമായി. 738 പോളിംഗ് സ്റ്റേഷനുകളിൽ ആരുമെത്തിയില്ല.

ഈസ്‌റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ ഫ്രോണ്ടിയർ നാഗാലാൻഡ് – പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട്. മോൺ, തുൻസാങ്, ലോംഗ്‌ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ ആറ് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് സംഘടന പറയുന്നു. 60 അംഗ നാഗാലാൻഡ് നിയമസഭയിൽ ഈ പ്രദേശത്തിന് 20 സീറ്റുകളാണുള്ളത്.