ഭാരതത്തിന്റെ സ്വന്തം പോപ്പ് ഗായിക ഉഷ ഉതുപ്പ്

ആർ.ഗോപാലകൃഷ്ണൻ

🌹
🔸🔸

ഉഷ ഉതുപ്പെന്ന് കേള്‍ക്കുംമ്പോഴേ സംഗീതത്തോടൊപ്പം തടിച്ച ശരീരവും നിറഞ്ഞ ചിരിയുമാ‍ണ് മനസിലേക്ക് ഓടിയെത്തുക. എഴുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് ഉഷ.

കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാഞ്ചീപുരം സാരി ധരിച്ച് മുല്ലപ്പൂവും ചൂടി, ‘മായാ മുദ്രയായ’ വലിയ പൊട്ടും കുത്തി നിറഞ്ഞ ചിരിയോടെ അവര്‍ വേദിയില്‍ എത്തുമ്പോള്‍ തന്നെ ജനം കയ്യടിക്കും; വേദിയിൽ അഴകോടെ ആടിപ്പാടി സദസിനെ കീഴടക്കും – അവരുടെ ഗാനങ്ങളുടെ ജനസ്വാ‍ധീനം അത്രയ്ക്കുണ്ട്. ഉഷയ്ക്കും അവരുടെ പാട്ടിനുമുണ്ട് അനന്യമായ വശ്യത. ‘കരിസ്മ’ എന്നതിനെ വിളിക്കാം. സ്നേഹവും സഹാനുഭൂതിയും സന്തോഷവും ഉഷയുടെ പാട്ടുകള്‍ നമുക്കു തരുന്നു….

ഭാരതത്തിന്റെ സ്വന്തം പോപ്പ് ഗായിക എന്ന നിലയിൽ ഇന്നവർ അംഗീകരിക്കപ്പെടുന്നു…

വർഷങ്ങൾക്ക് മുമ്പ്, അറുപത്തെട്ടാമത് പിറന്നാളിന് ആഘോഷം നടന്നപ്പോൾ ഉഷ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അത്ഭുതമുളവാക്കുന്ന അനുഭവമാണിത്. തീയതി പ്രകാരം എനിക്ക് അറുപത്തെട്ടു വയസായി. എന്നാല്‍ 48 വയസായെന്നേ എനിക്ക് തോന്നുന്നുള്ളൂ. പേരക്കുട്ടികള്‍ ജനിച്ച ശേഷം എനിക്ക് വീണ്ടും യുവത്വം കൈവന്നിട്ടുണ്ട്”

🌍

‘ഉഷ അയ്യര്‍’ എന്നാണ് ആദ്യനാമം; തമിഴ്നാട്ടുകാരിയായിരുന്നു. 1947 നവംബർ 8-ന് ചെന്നൈയിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഉഷ അയ്യരുടെ ജനനം. പിതാവ് വി. എസ്. സാമി അയ്യർ ബോംബെയിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയിരുന്നു. ആറ് മക്കളിൽ അഞ്ചാമതായ ഉഷക്ക് മൂന്ന് സഹോദരിമാരും, രണ്ട് സഹോദരന്മാരും ആണുള്ളത്. സഹോദരിമാർ ഉമ പോച്ച, ഇന്ദിര ശ്രീനിവാസൻ, മായ സാമി എന്നിവർ ഗായികമാരാണ്. ബോംബേയിലാണ് ഉഷ തന്റെ സ്കൂൾ കാലഘട്ടം ചിലവഴിച്ചത്.

പരുക്കൻ സ്വരം കാരണം സ്കൂൾ (സെൻറ്. ആഗ്നസ് ഹൈസ്കൂൾ, Byculla, മുംബൈ) കാലഘട്ടത്തിൽ സംഗീതക്ലാസ്സിൽ നിന്ന് പുറത്താക്കപ്പെട്ട അനുഭവമുണ്ട് ഉഷക്ക്! 😳 പക്ഷേ, സംഗീതത്തോടുള്ള അവരുടെ അഭിനിവേശത്തോടുകൂടിയ സമീപനം കണ്ടതുകൊണ്ട് സംഗീത അദ്ധ്യാപകൻ ചില അവസരങ്ങൾ നൽകിയിരുന്നു. ഒൻപതാം വയസ്സിലാണ് ഉഷ ആദ്യമായി പൊതുവേദിയിൽ പാടുന്നത്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീതമയമായ ഒരു അന്തരീക്ഷത്തിലാണ് ഉഷ വളർന്നു വന്നത്.

🌍

പിൽക്കാലത്തു്, തന്റെ സഹോദരിമാർ സംഗീതം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്തുവെങ്കിലും ഉഷക്ക് ആദ്യമൊന്നും പൊതുവേദികൾ കിട്ടിയില്ല. ആ സമയത്ത് സംഗീതജ്ഞനായ അമീൻ സയാനിയാണ് ഉഷക്ക് ഒരു

റേഡിയോ ചാനലിൽ ഇംഗ്ലീഷ് പാട്ടുപാടാൻ സൗകര്യമൊരുക്കുന്നത്. അതിനു ശേഷം ധാരാളം അവസരങ്ങൾ ഉഷക്ക് ലഭിച്ചു.

1968-ൽ ഉഷ തന്റെ ഇംഗ്ലീഷ് സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഈ ആൽബങ്ങൾക്ക് ഇന്ത്യയിൽ നല്ല ജനസമ്മതി ലഭിച്ചു. കൂടാതെ ഈ സമയത്ത് ഉഷ ലണ്ടനിലും ചില സന്ദർശനങ്ങൾ നടത്തുകയും അവിടെ ബി.ബി.സി. റേഡിയോവിൽ ചില അഭിമുഖങ്ങൾ നൽകുകയും ചെയ്തു.

പിന്നീട്, ചെന്നൈ മൌണ്ട് റോഡിലെ ‘നയൺ ജെംസ്’ എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി ഉഷ. അവിടെ ധാരാളം അഭിനന്ദനങ്ങൾ അവർക്ക് ലഭിച്ചു. കൊൽക്കത്തയിലെ നിശാക്ലബ്ബുകളിലും ഉഷ പാട്ടുകാരിയായി. ഈ സമയത്താണ് ഉതുപ്പിനെ കണ്ടുമുട്ടിയത് എന്നും അതല്ല, കൊച്ചിയിലെ വില്ലിംഗ്ഡൺ ഐലൻഡ് കാസിനോ ഹോട്ടലിൽ (നിലവിലുള്ള ‘സിജിഎച്ച് എർത്ത്’ ഹോട്ടലിന്റെ പഴയപേര്) പാടാനെത്തിയപ്പോഴാണ് ആദ്യമായി കണ്ടതെന്നും കേട്ടിട്ടുണ്ട്.

അതിൽ പിന്നെ, ഉഷ ഡെൽഹിയിലെത്തി അവിടെ ഒബ്രോയി ഹോട്ടലിൽ ഗായികയായി തുടർന്നു. ആ സമയത്താണ്‌ ശശി കപൂർ അടങ്ങുന്ന ഒരു ചലച്ചിത്രസംഘം ഈ ഹോട്ടൽ സന്ദർശിക്കുന്നതും ഉഷയുടെ പാട്ട് കേൾക്കാനിടവരുന്നതും. ഉഷയുടെ ഗാനാലാപനം ഇഷ്ടപ്പെട്ട ഈ സംഘം, ഉഷക്ക് സിനിമയിൽ ഒരു അവസരം കൊടുക്കുകയും ചെയ്തു. അങ്ങനെ തന്റെ ചലച്ചിത്രപിന്നണി സംഗീത ജീവിതം ബോളിവുഡിൽ ‘ഹരേ രാമ ഹരേ കൃഷ്ണ’ (1971) എന്ന ചിത്രത്തിൽ പാടി തുടങ്ങി. ഈ ചിത്രത്തിലെ “ദം മാറോ ദം” എന്ന ഗാനത്തിന്റെ ഒരു ഭാഗം ഉഷയാണ്‌ പാടിയത്.

സിനിമയിലെ കഥയിൽ “നല്ല പെൺകുട്ടി”ക്ക് വേണ്ടി ലതാ മങ്കേഷ്‌കറും “ചീത്ത പെൺകുട്ടി”ക്ക് വേണ്ടി ഉഷ അയ്യരും പാടിയ ഈ ഗാനം ഒരു യുഗ്മഗാനമാണ് ആദ്യം ഉദ്ദേശിച്ചത്; പക്ഷേ, കഥാഗതിയിൽ ചില മാറ്റങ്ങൾ കാരണം, ആശാ ഭോസ്ലെ പാടിയ സോളോ ആയി ഗാനം അവസാനിച്ചു… എന്നിരുന്നാലും, ഓരോ ചരണത്തിന്റെയും അവസാനം “ആ..ആ..ആ…” എന്ന ശബ്ദം ഉഷാ അയ്യരുടേതാണ്, അവർ തന്നെയാണ് “ഹരേ കൃഷ്ണ ഹരേ രാമ” എന്ന് കോറസിനൊപ്പം വന്യമായി ‘ജപിക്കുന്ന’തും.

🌍
മലയാള സിനിമയായ ‘ചട്ടക്കാരി’യിൽ (1974) ഉഷ ഉതുപ്പ്, സ്വയം കമ്പോസ് ചെയ്ത്, പാടിയ ‘Love is Just Around’ ആണ് സിനിമയിലെ ആദ്യ പൂർണ്ണഗാനം.

“Love was just around the corner……”- ‘ചട്ടക്കാരി’യിലെ ഉഷ ഉതുപ്പ് പാടിയ ഗാനം:

1970-കൾ, 1980-കൾ: ഈ കാലഘട്ടത്തിൽ സംഗീത സംവിധായകരായ ആ.ഡി. ബർമൻ, ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ഉഷ ധാരാളം ഗാനങ്ങൾ ആലപിച്ചു.

ഉഷയുടെ പല ഹിറ്റുകളും പിറക്കുന്നത് 1960, 1970, 1980-കളിലാണ്. 16 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഇവർ. ഇതിൽ ബംഗാളി, ഹിന്ദി, ഇംഗ്ലിഷ്, പഞ്ചാബി,അസ്സമീസ്, ഒറിയ, ഗുജറാത്തി, മറാത്തി, കൊങ്ങണി, മലയാളം, കന്നട, തമിഴ്, തുളു , തെലുഗു എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ ഡച്ച്, ഫഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സിംഹളീസ്, സ്വഹിലി, റഷ്യൻ, നേപ്പാളീസ്, അറബിക്, ക്രേയോൾ, സുളു, സ്പാനീഷ് എന്നീ വിദേശഭാഷകളിലും പാടിയിട്ടുണ്ട്.

🌍
ഉഷ ഉതുപ്പിന്റെ ചില പ്രശസ്തമായ ഗാനങ്ങൾ:
# “രംബാ ഹോ ഹോ ഹോ” ( Armaan 1981 ) വ അതിപ്രശസ്തമായ ഒരു ഗാനം തന്നെ…

# “ഹരി ഓം ഹരി…” | പ്യാര ദുശ്മൻ (1080) | ബപ്പി ലഹരി | പാടിയത്: ഉഷ ഉതുപ്പ് (ഈ പാട്ടുന് ഫിലിംഫയർ അവാർഡ് നോമിനേഷൻ കിട്ടി )

# “കൊയ് യഹാ ആഹാ നച്ചേ നച്ചേ കൊയ് വഹാ ആഹാ നച്ചേ നച്ചേ…” | ‘ഡിസ്കൊ ഡാൻസർ’ (1982) | സംഗീതം: ബപ്പി ലഹരി | പാടിയവർ: ഉഷ ഉതുപ്പ്, ബപ്പി ലഹരി, കോറസ്:
https://www.youtube.com/watch?v=bAipM6942Xs

മലയാളം പാട്ട്: “പീതാംബര ഓ കൃഷ്ണ…” സിനിമ: ‘ശിവതാണ്ഡവം’ (1977- മലയാള സിനിമ) – ഗാനരചന & സംഗീതം: എം ബി ശ്രീനിവാസൻ| പാടിയത്: ഉഷ ഉതുപ്പ്, കമൽ ഹാസൻ | (സിനിമാ സംവിധാനം: എൻ. ശങ്കരൻ നായർ):

🌍

രാജ്യാന്തര തലത്തിൽ നിരവധി സ്റ്റേജുകളിൽ തന്റെ ഗാനാലാപന മികവ് തെളീച്ചിട്ടുണ്ട് ഉഷ ഉതുപ്പ്.
ഉഷ ഉതുപ്പ് ഒരു അഭിനേത്രി കൂടിയാണ്: ചില ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1972 ലെ ‘ബോംബെ ടു ഗോവ’ എന്ന ഹിന്ദി ചിത്രത്തിൽ അമിതാബ് ബച്ചൻ, ശത്രുഘ്നൻ സിൻ‌ഹ എന്നിവരോടൊപ്പവും അഭിനയിച്ച ഉഷ, 2006-ൽ ‘പോത്തൻ വാവ’ എന്ന മലയാള സിനിമയിൽ ‘കുരുവീട്ടിൽ മറിയാമ്മ വക്കീൽ’ ആയി, മമ്മൂട്ടിയുടെ അമ്മയായി, അഭിനയിച്ചു.

🌍

ഉഷ ഇപ്പോള്‍ കൊല്‍ക്കത്തയിലാണ് സ്ഥിര താമസം. കൊൽക്കത്തക്കാർ സ്നേഹാദരങ്ങളോടെ അവരെ വിളിക്കുന്നത് ‘ദീതി’ എന്നാണ്. രാമു അയ്യരായിരുന്നു ആദ്യത്തെ ഭര്‍ത്താവ്‌; മരിച്ചുപോയി. കോട്ടയംകാരനായ (കോട്ടയം മണർകാട് പൈനുംകല്ലിലെ) ജനി ചാക്കോ ഉതുപ്പിനെ വിവാഹം ചെയ്തതോടെ മലയാളത്തിന്‍റെ മരുമകളായി.

സണ്ണി മകനും, അഞ്ജലി മകളുമാണ്‌. (ഉഷയുടെ ഭർത്താവിന്റെ പിതാവ് സിഖ് റെജിമെന്റിലെ ബ്രിഗേഡിയർ സി.സി. ഉതുപ്പിന് പ്രശസ്തമായ എ.വി.എസ്.എം. അവാർഡ് 1973-ൽ രാഷ്ട്രപതി വി.വി.ഗിരിയിൽ നിന്ന് കിട്ടിയിട്ടുണ്ട്. )

‘7 Khoon Maaf’ (2011) സിനിമയിൽ പാടിയതിന്, ‘ഫിലിംഫയർ അവാർഡ്’ നേടി; പദ്മശ്രീ (2011) നൽകി രാഷ്ട്രം ഇവരെ ആദരിച്ചിട്ടുണ്ട്.


                               (കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക