April 28, 2025 7:54 pm

കുട്ടികളെ റാഞ്ചൽ തുടർക്കഥയാവുന്നു

തിരുവനന്തപുരം: സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് വർദ്ധിക്കുന്നു. ബ്യൂറോയുടെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊല്ലത്ത് ഏഴ് വയസുകാരി പെണ്‍കുട്ടി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവമാണ് ഈ കണക്കുകൾ വീണ്ടും ചർച്ചയാക്കുന്നത്. പോലീസ് തിരച്ചിൽ ഊർജ്ജിതമായപ്പോൾ കൊല്ലം ആശ്രാമം മൈതാനത്ത് അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു.

ഇത് കേരളത്തിലെ ഈ വര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടുപോകല്‍ കേസല്ലെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016 ല്‍ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.

2017 ല്‍ 184 കുട്ടികളെയും 2018 ല്‍ 205 കുട്ടികളെയും 2019 ല്‍ 280 കുട്ടികളെയും റാഞ്ചിക്കൊണ്ടുപോയി.
2020 ല്‍ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ല്‍ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ കണക്ക് പ്രകാരം 2022 ല്‍ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഈ കേസുകളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് ബ്യൂറോയുടെ കണക്ക്.

സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികള്‍ കൊല്ലപ്പെട്ടതായും കണക്കുകളില്‍ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല.

2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലും കുട്ടികള്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത് 2021 ലാണ്, 41. അതിന് മുന്‍പ് 2016 ല്‍ 33 കുട്ടികള്‍ കൊല്ലപ്പെട്ടു.

2020 ല്‍ 29 കുട്ടികളാണ് വധിക്കപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികളും കൊല്ലപ്പെട്ടു. 2019 ല്‍ 25 കുട്ടികളാണ് കൊല ചെയ്യപ്പെട്ടതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരമുള്ള വിവരങ്ങളാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News