കൊച്ചി: “കരുമാടികുട്ടന്റെ വിഗ്രഹം ജൈനമാകാനാണ് സാധ്യത. ട്രാവൻകൂർ സ്റ്റേറ്റ് മാന്വലിലും കരുമാടിക്കുട്ടൻ ജൈന വിഗ്രഹമാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. കരുമാടിക്കുട്ടനെ ബുദ്ധ വിഗ്രഹമാക്കിയത് ഈയടുത്ത കാലത്താണ്.സത്യത്തിൽ കരുമാടിക്കുട്ടൻ ആരെങ്കിലും തകർത്ത വിഗ്രഹം പോലെയല്ല, പണി പൂർത്തിയാക്കാതെ പാതി വഴിയിൽ ഉപേക്ഷിച്ച പോലെയാണ് തോന്നുന്നത് “. എഴുത്തുകാരനും ഡോക്ടറുമായ മനോജ് ബ്രൈറ്റ് ഫേസ്ബുക്കിലെഴുതുന്നു …
ബുദ്ധ വിഗ്രഹങ്ങളിൽ ഇടതു തോളിൽ (ചിലപ്പോഴൊക്കെ രണ്ടു തോളും മൂടുന്ന രീതിയിൽ) ഉത്തരീയം ധരിച്ചിരിക്കും. ഇതിനെ ഉപവീതം എന്നു പറയും. ബുദ്ധപ്രതിമകൾ ഒരിക്കലും നഗ്നമായിരിക്കില്ല. എന്നാൽ ദിഗംബര വിഭാഗത്തിൽ പേറുന്ന ജൈന പ്രതിമകൾ നഗ്നമായിരിക്കും (ജൈനർ നഗ്ന സന്യാസിമാരാണ്). ശ്വേതാതാംബര വിഭാഗത്തിൽ പെടുന്ന ജൈന വിഗ്രഹങ്ങൾ അരയിൽ ഒരു വസ്ത്രം ധരിച്ചിരിക്കും..മനോജ് തുടരുന്നു
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :————————————
=================================================================================
ബുദ്ധ വിഗ്രഹങ്ങളിൽ ഇടതു തോളിൽ (ചിലപ്പോഴൊക്കെ രണ്ടു തോളും മൂടുന്ന രീതിയിൽ) ഉത്തരീയം ധരിച്ചിരിക്കും. ഇതിനെ ഉപവീതം എന്നു പറയും. ബുദ്ധപ്രതിമകൾ ഒരിക്കലും നഗ്നമായിരിക്കില്ല. എന്നാൽ ദിഗംബര വിഭാഗത്തിൽ പേറുന്ന ജൈന പ്രതിമകൾ നഗ്നമായിരിക്കും (ജൈനർ നഗ്ന സന്യാസിമാരാണ്). ശ്വേതാതാംബര വിഭാഗത്തിൽ പെടുന്ന ജൈന വിഗ്രഹങ്ങൾ അരയിൽ ഒരു വസ്ത്രം ധരിച്ചിരിക്കും.
വിഗ്രഹങ്ങൾക്ക് നീണ്ട കാതുകൾ ബുദ്ധമതത്തിലും, ജൈന മതത്തിലും പൊതുവായി കാണാം. ലൗകിക ജീവിതം നയിച്ചിരുന്ന കാലത്ത് കനത്ത ആഭരണങ്ങൾ ധരിച്ചിരുന്നതിന്റെ സൂചനയാണ് അത്. ഇത്തരം സാമ്യങ്ങൾ ഉപയോഗിച്ചാണ് ബുദ്ധ ആരാധകർ കണ്ണിൽ കാണുന്ന വിഗ്രഹങ്ങളെല്ലാം (വിശേഷിച്ച് ജൈന വിഗ്രഹങ്ങൾ) അവരുടെ സ്വന്തമാക്കുന്നത്. സത്യത്തിൽ കേരളത്തിൽ കാര്യമായ ബുദ്ധമത സ്വാധീനമൊന്നും ഉണ്ടായിട്ടില്ല. ഒരു പക്ഷെ വ്യാപാര പാതകളിൽ എവിടെയെങ്കിലും ചെറിയ ബുദ്ധ സംഘങ്ങൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും കേരളത്തിൽ ഒരു കാലത്തും വ്യാപകമായി ബുദ്ധമതം ഉണ്ടായിരുന്നിട്ടില്ല.