ഡോ ജോസ് ജോസഫ് .
ജുറാസിക് പാർക്ക് പരമ്പരയിലെ ഏഴാമത്തേതും ജുറാസിക് വേൾഡ് ഫ്രാഞ്ചൈസിയിലെ നാലമത്തേതുമായ ചിത്രമാണ് ഗാരെത് എഡ്വേഡ്സ് സംവിധാനം ചെയ്ത ജുറാസിക് വേൾഡ് റീബർത്ത്.
പണക്കൊതിയനായ ഒരു കമ്പനി മുതലാളി.ഗൂഡ ലക്ഷ്യങ്ങളോടെ ഒരു ടീമുമായി ഉപേക്ഷിക്കപ്പെട്ട ജുറാസിക് പാർക്കിൽ എത്തുന്നു.സംഘത്തിലെ ചിലരെ ദിനോസറുകൾ കൊല്ലുന്നു. ചിലർ അവസാന നിമിഷം കഷ്ടിച്ചു രക്ഷപെടുന്നു. ജുറാസിക് വേൾഡ് കഥകളുടെ സ്ഥിരം പാതയിലൂടെയാണ് ഏഴാമത്തെ ചിത്രത്തിൻ്റെയും സഞ്ചാരം.
പുതുമയ്ക്കു വേണ്ടി സമുദ്ര സഞ്ചാരികളായ ഒരു കുടുംബത്തിൻ്റെ അതിജീവന കഥ കൂടി ജുറാസിക് വേൾഡ് റീബർത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ആദ്യ ജുറാസിക് പാർക്ക് ചിത്രത്തിന് തിരക്കഥയെഴുതിയ ഡേവിഡ് കൊയെപ്പാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥ ദുർബ്ബലവും പുതുമകളില്ലാത്തതുമാണ്
ഇതിന് തൊട്ടുമുമ്പിറങ്ങിയ ജുറാസിക് വേൾഡ്:ഫാളൻ കിങ്ഡം (2018) , ജുറാസിക് വേൾഡ് ഡൊമിനിയൻ (2022) എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തിളങ്ങിയിരുന്നില്ല.ഗോഡ്‌സില്ല,റോഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഗാരെത് എഡ്വേഡ്സിൻ്റെ പുതിയ ജുറാസിക് വേൾഡ് ദിനോസർ പ്രേമികളെ സന്തോഷിപ്പിക്കും.
എന്നാൽ അമിത പ്രതീക്ഷകൾ വേണ്ട.ഭീമാകാരങ്ങളായ സ്ഥിരം ദിനോസറുകൾക്ക് ഒപ്പം സങ്കര ദിനോസറുകളെയും മ്യൂട്ടൻ്റ് ദിനോസറുകളെയും പുതിയതായി ഈ ചിത്രത്തിൽ കാണാം. അതാണ് പ്രധാന പുതുമ
ജുറാസിക് വേൾഡ് ഡൊമിനിയൻ്റെ കാലം കഴിഞ്ഞ് 5 വർഷത്തിനു ശേഷമാണ് ജുറാസിക് വേൾഡ് റീബർത്തിൻ്റെ കഥ നടക്കുന്നത്. 17 വർഷം മുമ്പ് ജുറാസിക് ഗവേഷണ ലാബിൽ നടന്ന ഒരു അത്യാഹിതത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം.
മ്യൂട്ടൻ്റ് ദിനോസറുകളെയും സങ്കരയിനം ദിനോസറുകളെയും സൃഷ്ടിക്കാനായിരുന്നു ഈ ലാബിലെ ഗവേഷണം.പിന്നീട് കഥ ഇന്നത്തെ കാലഘട്ടത്തിലേക്ക് വരുന്നു.ദിനോസറുകൾ ഭൂമിയിൽ പുനരവതരിച്ചിട്ട് 32 വർഷം കഴിയുന്നു.കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം ഒട്ടേറെ ദിനോസറുകൾ ചത്തൊടുങ്ങി.
ഭൂമദ്ധ്യ രേഖയോട് ചേർന്ന ചൂട് കൂടിയ മേഖലകളിലെ അവയ്ക്ക് അതിജീവിക്കാനാവുകയുള്ളു. കരീബിയൻ ദ്വീപുകൾക്ക് സമീപം സെൻ്റ് ഹ്യൂബർട്ട് ദ്വീപിൽ ഏതാനും ദിനോസറുകൾ അവശേഷിക്കുന്നുണ്ടെന്നാണ് നിഗമനം.
ഒരു വിലക്കപ്പെട്ട പ്രദേശമാണ് ആ ദ്വീപ്. അവിടെ എന്തു നടക്കുന്നുവെന്ന് ആർക്കും അറിയില്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളും ആ ദ്വീപിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
മാർട്ടിൻ ക്രെബ്സ്(റുപെർട് ഫ്രണ്ട് ) എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി മുതലാളി ദിനോസറിൻ്റെ ഡിഎൻഎ ശേഖരിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുന്നു. ദിനോസർ ഡിഎൻഎ ഉപയോഗിച്ച് മനുഷ്യരിലെ ഹൃദ്രോഗങ്ങൾ തടയാമെന്നാണ് കണ്ടെത്തൽ. ഇതിലൂടെ മനുഷ്യൻ്റെ ആയുസ്സ് വർധിപ്പിക്കാം. പദ്ധതി വിജയിച്ചാൽ ആയിരക്കണക്കിന് കോടികളാണ് ലാഭം.
ജീവനുള്ള ദിനോസറുകളുടെ രക്തസാമ്പിളുകൾ തന്നെ ശേഖരിക്കണം. ഇത്തരം ദൗത്യങ്ങളിൽ പരിചയ സമ്പന്നയായ സോറാ ബെന്നറ്റിനെ (സ്കാർലറ്റ് ജോഹാൻസൻ) വൻ തുക വാഗ്ദാനം ചെയ്ത് മാർട്ടിൻ കൂടെ കൂട്ടുന്നു.
പാലിയൻ്റോളജിസ്റ്റ് ഹെൻറി ലൂമിസാണ് (ജൊനാഥൻ ബെയ്ലി)സംഘത്തിലെ മറ്റൊരു പ്രധാനി.ബോട്ട് ഓടിക്കാനും ദൗത്യത്തിൽ സഹായിക്കാനും ക്യാപ്റ്റനായി സോറയുടെ സുഹൃത്ത് ഡങ്കനും(മഹർഷല അലി) ഇവരുടെ കൂടെ ചേരുന്നു.
സമുദ്രത്തിൽ ജീവിക്കുന്ന മൊസോസോറസ്,വായുവിൽ ജീവിക്കുന്ന ക്വെറ്റ്സാൽകോട്ട്ലസ്, കരയിൽ ജീവിക്കുന്ന ടൈറ്റാനോസോറസ് എന്നീ മൂന്ന് ദിനോസർ സ്പീഷിസുകളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കാൻ സംഘം പുറപ്പെടുന്നു.
ചിത്രത്തിൻ്റെ ആദ്യ പകുതി ഇഴഞ്ഞാണ് പോകുന്നത്. സോറയുടെയും ഹെൻറിയുടെയും സംഭാഷണത്തിലൂടെ അവരുടെ ഭൂതകാലം പറയാൻ കുറെ സമയം പാഴാക്കുന്നു. ഈ സംഘത്തിൻ്റെ യാത്രയോടൊപ്പം സമാന്തരമായി മറ്റൊരു കുടുംബവും സമുദ്രത്തിൽ യാത്ര ചെയ്യുന്നുണ്ട്.
റൂബെൻ (മാനുവൽ ഗാർസിയ റുൾഫോ ), മകൾ തെരേസ (ലുണാ ബ്ലെയിസ് ), ഇസബെല്ല (ആഡ്രിന മിരാൻഡ ) തെരേസയുടെ സുഹൃത്ത് സേവിയർ (ഡേവിഡ് ലൊകാർണോ ) എന്നിവർ സഞ്ചരിച്ചിരുന്ന ബോട്ട് ദിനോസർ ആക്രമണത്തിൽ തകർക്കപ്പെട്ടുന്നു.
ഈ കുടുംബവും ദിനോസറുകളെ തേടിയിറങ്ങിയ സംഘവും ഇൻ ജെൻ കമ്പനി ഉപേക്ഷിച്ചു പോയ ജുറാസിക് പാർക്കിലാണ് അവസാനം എത്തിച്ചേരുന്നത്.പിന്നീട് നടക്കുന്നതെല്ലാം മുൻ ജുറാസിക് വേൾഡ് ചിത്രങ്ങളിൽ കണ്ടതിൻ്റെ ആവർത്തനമാണ്.
ആദ്യ ജുറാസിക് ചിത്രത്തിൻ്റെ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാളാണ്. സ്ഥിരം ദിനോസറുകളെ ആവർത്തിച്ചു കാണുമ്പോഴുള്ള വിരസത മാറ്റാൻ മ്യൂട്ടൻ്റുകൾ, ഹൈബ്രിഡുകൾ തുടങ്ങിയ പുതിയ വക ഭേദങ്ങളെ ജുറാസിക് വേൾഡ് റീബർത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ജുറാസിക് വേൾഡ് റീബർത്തിലെ ഏറ്റവും അപകടകാരികളായ പുതിയ ദിനോസറുകളാണ് മ്യൂട്ടഡോണുകൾ. അവയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നത് ചിത്രത്തിൻ്റെ ക്ലൈമാക്‌സിന്റെ ഒരു വലിയ ഭാഗമാണ്.
മ്യൂട്ടേറ്റഡ് വെലോസിറാപ്റ്ററുകളാണ് മ്യൂട്ടാഡോണുകൾ. കൗശലക്കാരും. മികച്ച വേട്ടക്കാരുമാണ്. ഡിസ്റ്റോർട്ടസ് റെക്സ് അല്ലെങ്കിൽ ഡി-റെക്സ് എന്നറിയപ്പെടുന്ന ഒരു പുതിയ ഹൈബ്രിഡ് ദിനോസറിനെയും ചിത്രത്തിൽ കാണാം.സ്റ്റാർ വാർസിലെ റാൻകോർ, ഏലിയനിലെ സെനോമോർഫ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഭീകര ജീവിയുടെ സൃഷ്ടി.
ജുറാസിക് വേൾഡ് റീബർത്തിൽ കാണുന്ന ഏറ്റവും മനോഹരമായ ദിനോസർ വകഭേദങ്ങളിലൊന്നാണ് അക്വിലോപ്‌സ്.ഇവയ്ക്ക് ട്രൈസെറാടോപ്പുകളുമായി നേരിയ ശാരീരിക സാമ്യതകൾ കാണാം. ഭംഗിയുള്ള ഈ കുഞ്ഞൻ ദിനോസർ ഇസബെല്ലയെ എപ്പോഴും പിന്തുടരുന്നുണ്ട്.വെലോസിറാപ്റ്റർ,
ഡിലോഫോസോറസ്,ടൈറനോസോറസ് റെക്സ്(ടി. റെക്സ്), സ്പിനോസോറസ്, അങ്കിലോസോറസ് തുടങ്ങിയ ദിനോസർ സ്പീഷിസുകളെയെല്ലാം ചിത്രത്തിൽ കാണാം.66 ദശലക്ഷം വർഷം മുമ്പ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ദിനോസറുകളുടെ പുനസൃഷ്ടി 1993 ൽ ഇറങ്ങിയ ആദ്യ ജുറാസിക് പാർക്ക് ചിത്രം മുതലെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.
മികച്ച സയൻസ് ഫിക്ഷനെന്നതിനൊപ്പം ഗംഭീരമായ ദൃശ്യവിരുന്നു കൂടിയാണ് ജുറാസിക് വേൾഡ് റീബർത്ത്.ജോൺ മത്തീസൻ്റെ ക്യാമറ ദൃശ്യങ്ങൾ അതി മനോഹരമായി പകർത്തിയിട്ടുണ്ട്.ജുറാസിക് വേൾഡ് സിനിമകളിൽ സാധാരണ കണ്ടു വരുന്നതു പോലെ റീബർത്തിലും മുൻ ജുറാസിക് സിനിമകളെ കുറിച്ചുള്ള ധാരാളം സൂചനകൾ കാണാം.
—————————————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക