ഡോ ജോസ് ജോസഫ്
“അധികാരത്തിനെതിരെയുള്ള മനുഷ്യൻ്റെ പോരാട്ടം, മറവിക്കെതിരെയുള്ള ഓർമ്മയുടെ പോരാട്ടമാണ് “. മിലൻ കുന്ദേരയുടെ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വാചകം ടാഗ് ലൈനാക്കിയാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയുടെ തുടക്കം.
സ്വേഛാധിപതികൾ അധികാരം നിലനിർത്താൻ ചരിത്രത്തിലെ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങൾ മറവിയിലേക്ക് തള്ളി വിടാൻ ശ്രമിക്കുമെന്നാണ് ” ചിരിയുടെയും മറവിയുടെയും പുസ്തകം” എന്ന നോവലിൽ മിലൻ കുന്ദേര പറയുന്നത്.സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർ നടത്തുന്ന പോരാട്ടങ്ങളുടെ ഓർമ്മകളാണ് വ്യവസ്ഥിതിയുടെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെയുള്ള സമരങ്ങളിൽ ഊർജ്ജം നിറയ്ക്കുന്നത്.
കേരളത്തിലെ ആദിവാസി സമര ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളിലൊന്നായ വയനാട് മുത്തങ്ങ ഭൂസമരത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ടൊവിനോ തോമസ് നായക വേഷത്തിെലെത്തുന്ന നരിവേട്ട. ഷെയ്ൻ നിഗം നായകനായ ഇഷ്ക് ( 2019) എന്ന ചിത്രത്തിനു ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് അബിൻ ജോസഫാണ്. 139 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
2003 ഫെബ്രുവരി 19-നായിരുന്നു മുത്തങ്ങയിൽ ആദിവാസി ഗോത്ര മഹാസഭയുടെ കുടിൽ കെട്ടിയുള്ള സമരം അവസാനിപ്പിക്കാൻ പോലീസ് വെടിവെയ്പ് നടന്നത്.സംഭവത്തിൽ ഒരു പോലീസുകാരനും ഒരു ആദിവാസിയും മരിച്ചു.ഏ കെ ആൻ്റണി മന്ത്രി സഭയുടെ കാലത്ത് നടന്ന ഭൂസമരത്തിന് നേതൃത്വം നൽകിയത് സി കെ ജാനുവും ഗീതാനന്ദനുമായിരുന്നു.
2003 നവംബറിലാണ് നരിവേട്ടയുടെ തുടക്കം.കുട്ടംതെറ്റിയ ഒറ്റയാനായ ഒരു നരിയെ വേട്ടയാടിപ്പിടിക്കുന്നതു പോലെ ഒരു സംഘം പോലീസുകാർ വർഗീസ് പീറ്റർ ( ടൊവിനോ തോമസ് ) എന്ന പോലീസ് കോൺസ്റ്റബിളിനെ കീഴടക്കുന്നു. ആരാണ് വർഗീസ്, എന്താണ് അയാൾ ചെയ്ത കുറ്റം എന്നതിലേക്ക് സിനിമ പിന്നീട് കടക്കുന്നു. നോൺ-ലീനിയറായി മുന്നോട്ടും പിന്നോട്ടും പോയാണ് കഥയുടെ ചുരുൾ നിവരുന്നത്. നായകന് വർഗീസ് എന്ന പേര് നൽകിയിരിക്കുന്നതും വയനാട്ടിലെ ആദിവാസി സമര ചരിത്രങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.
ഇതിനിടയിൽ തുടക്കത്തിൽ വയനാട്ടിലെ ആദിവാസികളുടെ ജീവിത സാഹചര്യങ്ങളിലേക്കും ചിത്രം പോകുന്നു. കുടിയേറ്റക്കാരായ ‘വന്നവാസി’കളുടെ കടന്നു കയറ്റത്തോടെ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടു.നാട്ടിൽ നടക്കുന്ന എല്ലാ മോഷണങ്ങളും അവരുടെ തലയിലായി. ആരും ജോലിക്ക് വിളിക്കില്ല.
അരിയില്ല. കാറ്റത്ത് പറന്നു പോകുന്ന കുടിലിൽ പട്ടിണിയിലാണ് ജീവിതം. ആദിവാസികൾ സംഘടിക്കണമെന്നും സ്വന്തമായ ഭൂമിയാണ് പ്രശ്നത്തിന് പരിഹാരമെന്നും ഗോത്ര സഭാ നേതാക്കളായ സി കെ ശാന്തിയും (ആര്യ സലിം) മധുവും ( പ്രശാന്ത് മാധവൻ ) ആഹ്വാനം ചെയ്യുന്നു.
കുട്ടനാട്ടുകാരനായ വർഗീസ് പീറ്റർ ഒരു തൊഴിലന്വേഷകനാണ്. കർഷകനായിരുന്ന അച്ഛൻ കടക്കെണിയിൽ കുരുങ്ങി ആത്മഹത്യ ചെയ്തു. സ്വന്തമായുള്ള 40 സെൻ്റ് കൃഷി ഭൂമി കൊണ്ട് ഒന്നുമാകില്ല. വില്ലേജ് അസിസ്റ്റൻ്റ്, പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റുകളിൽ ഉണ്ടെങ്കിലും ചെറിയ ജോലികളിലൊന്നും താല്പര്യമില്ല.
സ്വാർത്ഥനായ വർഗീസിന് തൻ്റെ സാഹചര്യങ്ങളുമായി ഒത്തു പോകാത്ത വലിയ സ്വപ്നങ്ങളാണ്. കാമുകി നാൻസിയുമായുളള ( പ്രിയംവദ കൃഷ്ണൻ ) താൽക്കാലിക ബ്രേക്കും വീട്ടിലെ ദാരിദ്യാവസ്ഥയും പോലീസ് കോൺസ്റ്റബിൾ ജോലിയിൽ ചേരാൻ അയാളെ നിർബ്ബന്ധിതനാക്കുന്നു. വർഗീസിൻ്റെ കുട്ടനാടൻ ജീവിതവും കാമുകിയുമായുള്ള ചുറ്റിക്കളികളുമായി അല്പം മന്ദഗതിയിലാണ് ചിത്രത്തിൻ്റെ ആദ്യ പകുതി.
ആദിവാസികൾക്ക് ഭൂമിയും ഉപജീവന മാർഗ്ഗങ്ങളും ഉറപ്പു നൽകി മുഖ്യമന്ത്രി ഒപ്പിട്ടു നൽകിയ കരാർ ഒന്നര വർഷമായിട്ടും നടപ്പാക്കാത്തതിനെ തുടർന്ന് ഗോത്ര മഹാസഭ സമരത്തിനിറങ്ങി. വയനാട് ചീയമ്പത്ത് നൂറു കണക്കിന് ആദിവാസികൾ വനഭൂമിയിൽ കുടിൽ കെട്ടിയാണ് സമരം.
പോരാട്ടം കടുത്തതോടെ ഭരണകൂടത്തിൻ്റെ പ്രതിഛായ മോശമാകുന്നുവെന്ന തിരിച്ചറിവിൽ സമരം ഒതുക്കാനുള്ള തന്ത്രങ്ങളുമായി പോലീസ് രംഗത്തിറങ്ങി. സമരം നേരിടാൻ വയനാട്ടിലേക്കയച്ച പ്രത്യേക സ്ക്വാഡിൻ്റെ ഭാഗമായി വർഗീസ് പീറ്ററും സമരഭൂമിയിലെത്തി. കോൺസ്റ്റബിൾ ബഷീർ അഹമ്മദായിരുന്നു ( സുരാജ് വെഞ്ഞാറമ്മൂട് ) വർഗീസിൻ്റെ അടുത്ത കൂട്ടുകാരൻ.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അതിജീവന പോരാട്ടങ്ങളെ അടിച്ചമർത്താൻ ഭരണകൂടങ്ങൾ എന്തെല്ലാം നീച തന്ത്രങ്ങൾ പയറ്റുമെന്നാണ് ചിത്രത്തിൻ്റെ രണ്ടാം പകുതി കാണിക്കുന്നത് .ഡി ഐ ജി രഘുറാം കേശവദാസിനാണ് ( ചേരൻ ) ഭരണകൂടത്തിൻ്റെ ഇമേജ് സംരക്ഷിക്കാനും സമരം അവസാനിപ്പിക്കാനുമുള്ള നടപടികളുടെ നേതൃത്വം.പുറമെ വളരെ സോഫ്റ്റ് ആണെങ്കിലും തികഞ്ഞ തന്ത്രശാലിയാണ് കേശവദാസ്.
വയനാട് ഭൂസമരത്തിനു പിന്നിൽ സായുധരായ മാവോയിസ്റ്റുകളാണെന്നാണ് സമരം തകർക്കാൻ അയാൾ കൊണ്ടുവരുന്ന പ്ലോട്ട്.സംസ്ഥാന ഭരണത്തിലെ ഉന്നതരുടെ അറിവോടെയാണ് എല്ലാ നീക്കവുമെന്ന് അയാൾ പറയുന്നുമുണ്ട്.
അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങളുടെ കഥ പറഞ്ഞ് ശ്രദ്ധേയമായ രണ്ട് തമിഴ് ചിത്രങ്ങളാണ് അടുത്ത കാലത്ത് പുറത്തിറങ്ങിയ ജിഗ്ഗർതണ്ട ഡബിൾ എക്സും വിടുതലൈ പാർട് രണ്ടും.
ആദ്യം വ്യവസ്ഥിതിയുടെ ഭാഗമായി നിൽക്കുകയും പിന്നീട് തെറ്റ് തിരുത്താൻ അടിച്ചമർത്തപ്പെട്ടവരുടെ ചേരിയിലേക്ക് നിലപാട് മാറ്റുകയും ചെയ്യുന്നവരാണ് രണ്ട് ചിത്രങ്ങളിലെയും നായകന്മാർ. തുടക്കത്തിൽ വ്യവസ്ഥിതിയുടെ ഭാഗമായി നിൽക്കുന്നവനാണ് നരിവേട്ടയിലെ നായകൻ വർഗീസ്.
അധികാരശ്രേണിയോട് വിധേയനാണ് അയാൾ.ഉന്നതാധികാരികൾ നൽകുന്ന എല്ലാ ആഖ്യാനങ്ങളും അയാളും ചോദ്യങ്ങളില്ലാതെ വിശ്വസിക്കുന്നു. ഒരു പോലീസുകാരൻ്റെ അമിതാവേശത്തോടെ ആദിവാസി യുവാവായ താമിയെ (പ്രണവ് തിയോഫൈൻ) മർദ്ദിക്കുന്നുമുണ്ട് വർഗീസ്.
ആദിവാസികൾ നേരിടുന്ന കൊടിയ പീഢനങ്ങൾ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്ന അയാൾ പിന്നീട് സത്യം തിരിച്ചറിഞ്ഞ് നീതിയുടെ ഭാഗത്തേക്ക് മാറുകയാണ്. ആദിവാസികളുടെ വീക്ഷണത്തിലൂടെയല്ല, വർഗീസ് എന്ന പോലീസുകാരൻ്റെ കാഴ്ച്ചകളിലൂടെയാണ് കഥയുടെ ചുരുൾ അഴിയുന്നത്.
ടൊവിനോയുടെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് വർഗീസ് പീറ്റർ. സ്വാർത്ഥനായ യുവാവിൽ തിന്നും നീതിക്കു വേണ്ടി പോരാടുന്ന ഒറ്റയാനായ പോലീസുകാരനിലേക്കുള്ള പരിണാമം ടൊവിനോ അതിഗംഭീരമായി അവതരിപ്പിച്ചു.ഹീറോയിസത്തിൻ്റെ പ്രതിഛായകൾ തട്ടിയെറിഞ്ഞു കൊണ്ടുള്ള കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിൽ ടൊവിനോ നടത്തിയിരിക്കുന്നത്.
പുറമെ വളരെ നല്ലവനാന്നെങ്കിലും ഭരണകൂടത്തിൻ്റെ താല്പര്യം സംരക്ഷിക്കാൻ ഏത് കൗശലവും പ്രയോഗിക്കാൻ മടിക്കാത്ത കേശവ് ദാസിനെ തമിഴ് സംവിധായകൻ കൂടിയായ ചേരൻ ഭംഗിയാക്കി. നല്ലവനായ പോലീസുകാരൻ ബഷീറിൻ്റെ വേഷത്തിൽ എത്തിയ സുരാജ് മനസ്സിൽ നിന്നും മായില്ല.
കാഴ്ച്ചയിൽ സി കെ ജാനുവിനെ അനുസ്മരിപ്പിക്കുന്ന സി കെ ശാന്തിയെ അവതരിപ്പിച്ച ആര്യ സലീമും ആദിവാസി യുവാവ് താമിയുടെ വേഷത്തിൽ എത്തിയ പ്രണവും തിളങ്ങി. നായിക നാൻസിയായി വന്ന പ്രിയംവദ കൃഷ്ണന് അധികമൊന്നും ചെയ്യാനില്ല.
അനാവശ്യ വളച്ചുകെട്ടലുകളില്ലാത്ത റിയലിസ്റ്റിക്കായ തിരക്കഥയാണ് അബിൻ ജോസഫ് നരിവേട്ടക്കു വേണ്ടി എഴുതിയിരിക്കുന്നത്. അതിജീവന പോരാട്ടങ്ങളുടെ ഓർമ്മകളാണ് വ്യവസ്ഥിതിയുടെ അമിതാധികാര പ്രവണതകൾക്ക് കടിഞ്ഞാണിടുന്നതെന്ന രാഷ്ട്രീയം തീവ്രമായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ അനുരാജ് മനോഹർ വിജയിച്ചു.വിജയ് യുടെ ഛായാഗ്രഹണം,
ജേക്സ് ബിജോയ് യുടെ സംഗീതം, ഷമീർ മുഹമ്മദിൻ്റെ എഡിറ്റിംഗ് എന്നിവ ചിത്രത്തിൻ്റെ നിലവാരം ഉയർത്തി.ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സനും ടിപ്പു ഷാനും ചേര്‍ന്നാണ് നരിവേട്ട നിര്‍മിച്ചത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)