ഡോ ജോസ് ജോസഫ്
ഒരിക്കൽ ജനപ്രിയ നായകനെന്ന് ഫാൻസ് വിശേഷിപ്പിച്ചിരുന്ന ദിലീപിൻ്റെ 150ാ മത്തെ ചിത്രമാണ് “പ്രിൻസ് ആൻഡ് ഫാമിലി.
ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം.
നായകനായ ദിലീപിൻ്റെ നിലവിലുള്ള അവസ്ഥയെ പ്രിൻസ് എന്ന കഥാപാത്രത്തിലൂടെ വെളളപൂശാനുള്ള ആത്മാർത്ഥമായ ശ്രമം തൻ്റെ കന്നി സംവിധാന സംരംഭത്തിൽ ബിൻ്റോ നടത്തിയിട്ടുണ്ട്. “ദിലീപേട്ടൻ പാവമാടാ” എന്ന ഫാൻസിൻ്റെ ലൈനാണ് നായകനായ പ്രിൻസിനും സംവിധായകൻ നൽകിയിരിക്കുന്നത്.
” വരുന്നവനും പോകുന്നവനുമെല്ലാം കോക്രി കാണിക്കുന്നു ” എന്ന നായകൻ്റെ വിലാപം ദിലീപിൻ്റെ നിലവിലെ അവസ്ഥയെ സൂചിപ്പിക്കുന്നു. ഒരു തെറ്റും ചെയ്യാനാവാത്ത മഹാമനസ്സിന് ഉടമയാണ് നൂറു ശതമാനവും സത്യസന്ധനായ നായകൻ പ്രിൻസ്. നുണ വിറ്റ് ജീവിക്കുന്നവരുടെ ഒരു കപട സമൂഹത്തിൽ ജീവിക്കാൻ കഷ്ടപ്പെടുകയാണ് അയാൾ.
ദിലീപ് ചിത്രങ്ങളിലെ പതിവ് ‘തന്ത വൈബ് ‘ വിട്ട് ചെറുപ്പക്കാരിയായ നായികയിലൂടെ യൂത്ത് വൈബ് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. എങ്കിലും സമീപ കാലത്തെ ദിലീപ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ‘പ്രിൻസ്’ തരക്കേടില്ല എന്നു പറയാം.
ശരാശരി പ്രേക്ഷകരെ തൃപ്തിപ്പെടുത്തും.ദിലീപിൻ്റെ 34 വർഷത്തെ സിനിമാ ജീവിതത്തെ അടയാളപ്പെടുത്തുന്ന പഴയ ചിത്രങ്ങളുടെ മൊണ്ടാഷ് തുടക്കത്തിൽ കാണിക്കുന്നുണ്ട്.പഴയ ദിലീപ് ചിത്രങ്ങളിലെ നായകൻ്റെ കോമാളിത്തരങ്ങളോ അമിതാഭിനയമോ പ്രിൻസ് ആൻഡ് ഫാമിലിയിൽ ഇല്ല.
അതെല്ലാം ചെറുപ്പക്കാരിയായ നായികക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. വിൻ്റേജ് ദിലീപിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമവുമില്ല.പുതിയ കാലഘട്ടത്തിലെ സോഷ്യൽ മീഡിയ വിപ്ലവം കഥയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ദിലീപ് ചിത്രങ്ങളുടെ പതിവ് ട്രാക്കുകളിൽ കൂടി തന്നെയാണ് പ്രിൻസ് ആൻഡ് ഫാമിലിയുടെയും യാത്ര.ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.
മധ്യ തിരുവിതാംകൂറിലെ ചക്കാലക്കൽ എന്ന കർഷക കുടുംബത്തിലെ മൂത്ത മകനാണ് പ്രിൻസ്.കെട്ടുപ്രായം കഴിഞ്ഞ് വർഷങ്ങളായിട്ടും കല്യാണമൊന്നും നടക്കുന്നില്ല.ഫാഷൻ ഡിസൈനറാണ് പ്രിൻസ്. ബ്രൈഡൽ മേക്ക് ഓവറിനു വേണ്ടി ഒരു സംരംഭവും നാട്ടിൽ നടത്തുന്നുണ്ട്.
നല്ല നിലയിൽ നടന്നു പോകുന്ന സ്ഥാപനത്തിൽ കെ കെ എന്നു വിളിക്കുന്ന സുഹൃത്ത് കൃഷ്ണകുമാറാണ് ( ജോണി ആൻ്റണി ) പ്രധാന സഹായി. ഊണു കട നടത്തുന്ന സഫിയയാണ് (മഞ്ജു പിള്ള) പ്രിൻസിൻ്റെ മറ്റൊരു സുഹൃത്ത്.പ്രിൻസിൻ്റെ അപ്പൻ ബേബി (സിദ്ദിഖ് ) മാണി കേരളാ കോൺഗ്രസ്സിൻ്റെ പ്രാദേശിക നേതാവാണ്.വീട്ടുകാര്യങ്ങളിൽ ഉത്തരവാദിത്വമില്ലാതെ പൊതുപ്രവർത്തനവുമായി നടക്കുന്നു. അമ്മ ജാൻസി ( ബിന്ദു പണിക്കർ ). പ്രിൻസിന് ജിൻസ് ( ധ്യാൻ ശ്രീനിവാസൻ), ഷിൻസ് (ജോസുകുട്ടി ജേക്കബ്ബ്) എന്നിങ്ങനെ രണ്ട് ഇളയ സഹോദരന്മാരാണ്.
ഏറ്റവും ഇളയവൻ ഷിൻസ് ആദ്യമെ കെട്ടി.രണ്ടാമത്തവൻ ജിൻസിൻ്റെ കല്യാണവും കഴിഞ്ഞു. അലസന്മാരായ അനുജൻമാരുടെയും കുടുംബത്തിൻ്റെയും എല്ലാ ചെലവുകളും പ്രിൻസിൻ്റെ ചുമലിലാണ്.ഇന്നത്തെ കാലത്തും ഇങ്ങനെയും സഹോദരൻമാരോ എന്ന് ചോദിച്ചു പോകും വിധം നിരുത്തരവാദപരമാണ് അവരുടെ കോമാളിത്തരങ്ങൾ.
പലവിധ പ്രശ്നങ്ങളാൽ നട്ടം തിരിയുന്നതിനാൽ ‘ഉറങ്ങിയിട്ട് വർഷങ്ങളായി എന്നാണ് പ്രിൻസിൻ്റെ കരച്ചിൽ.
പ്രിൻസിന് കല്യാണ ആലോചനകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല.ഭാര്യയാകാൻ പോകുന്ന പ്രോഡക്ടിനെ ‘ കുറിച്ചുള്ള പ്രിൻസിൻ്റെ സങ്കൽപ്പrങ്ങളും നിബന്ധനകളുമാണ് കല്യാണം ഒത്തുവരാത്തതിൻ്റെ കാരണം. കെട്ടുപ്രായം കഴിഞ്ഞെങ്കിലും പ്രിൻസിന് ഭാര്യയായി ചെറുപ്പക്കാരികൾ തന്നെ വേണം.
ഇടക്ക് ബാങ്ക് ജോലിക്കാരിയായ ഒരു യുവതിയെ പ്രിൻസ് നോട്ടമിടുന്നുണ്ടെങ്കിലും ആലോചന ആ കുട്ടിയുടെ അമ്മയിൽ ചെന്ന് അവസാനിക്കുന്നു. കുട്ടിയുടെ അമ്മയുടെ പ്രായം പ്രിൻസിൻ്റെ പ്രായവുമായി തികച്ചും ചേരും.എന്നാൽ ‘പ്രോഡക്ടിനെ ‘ കുറിച്ചുള്ള സങ്കല്പങ്ങളുമായി ഒത്തു പോകാത്തതിനാൽ ജീവിതത്തിൽ ഇനിയൊരു ‘പ്രിൻസസ്സ് ‘ വേണ്ട എന്ന കടുത്ത തീരുമാനത്തിലേക്ക് പ്രിൻസ് എത്തുകയാണ്.
ഈ ഘട്ടത്തിൽ ചിഞ്ചു റാണി (റാണിയ റാണാ ) എന്ന 24 കാരി പ്രിൻസിൻ്റെ വധുവായി എത്തുന്നതോടെ ഒന്നാം പകുതി അവസാനിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്ലോഗറുമാണ് ചിഞ്ചു റാണി. 3.5 മില്യൺ ഫോളോവേഴ്സുള്ള ചിഞ്ചു ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതെത്താൻ എന്തു കടുംകൈയ്യും ചെയ്യും.രണ്ടാം പകുതി നിറയെ ചിഞ്ചുവിൻ്റെ കോമാളിത്തരങ്ങളും എടുത്തു ചാട്ടങ്ങളുമാണ്. മലബാർ മൊഞ്ചത്തി എതിരാളിയായി എത്തുന്നതോടെ ചിഞ്ചുവിൻ്റെ പരാക്രമങ്ങൾ പരിധി വിടുന്നു.
അതോടെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതെത്താൻ കൈവിട്ട കളികളിലേക്ക് കടക്കുകയാണ് ചിഞ്ചു.നായകനും നായികയും തമ്മിലുള്ള പ്രായ വ്യത്യാസം ചിത്രത്തിൽ നന്നായി മുഴച്ചു നിൽക്കുന്നുണ്ട്. ഉദിത് നാരായണൻ്റെ പാട്ട് കൊണ്ടു വന്നിട്ടു പോലും ഇവർ തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ ഒട്ടും വർക്ക് ഔട്ടായിട്ടില്ല.
തന്ത വൈബും യൂത്ത് വൈബും പോലെ വേർപിരിഞ്ഞു നിൽക്കുന്നു.ഒടുവിൽ ‘കഥയിലെ രാജകുമാരിയും ഗോപകുമാരനും ‘ ഒന്നാവുന്ന ദിലീപ് ചിത്രങ്ങളുടെ പതിവ് ശൈലിയിൽ തന്നെ പ്രിൻസ് ആൻഡ് ഫാമിലിയും അവസാനിക്കുന്നു. സോഷ്യൽ മീഡിയയിൽ ദശലക്ഷ കണക്കിന് ഫോളോവേഴ്സ് ഉണ്ടായാലും പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം കുടുംബമല്ലാതെ മറ്റാരും കൂട്ടിനുണ്ടാകില്ലെന്ന ഉപദേശവും നായകൻ നൽകുന്നുണ്ട്
സിനിമയുടെ ആദ്യാവസാനം നായകനായ ദിലീപിൻ്റെ ഇന്നത്തെ അവസ്ഥയെ വെള്ളപൂശാനുള്ള മൂടിവെച്ച ശ്രമം സംവിധായകൻ നടത്തിയിട്ടുണ്ട്. ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ വിമർശനം നടത്തുന്നവരുടെ തള്ളയെ പറയുന്നതിനു പകരം ‘നെഗറ്റീവോളികൾ ‘ എന്ന പട്ടം ആവർത്തിച്ച് ചാർത്തി കൊടുക്കുന്നുണ്ട്. തെളിവുകളില്ലാതെ ഓൺലൈൻ മീഡിയക്കാർ നിരപരാധികൾക്കെതിരെ കുറ്റം വിധിക്കുന്നുവെന്നാണ് വിമർശനം.
മറ്റുള്ളവരുടെ ആറ്റിട്യൂഡ് നന്നാക്കാൻ ഉപദേശിക്കുന്നവർ സ്വന്തം കാര്യത്തിൽ അതു പാലിക്കുന്നില്ല. സോഷ്യൽ മീഡിയ സത്യം അന്വേഷിക്കാതെ നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിക്കുന്നു.” കേരളത്തിൽ ആർക്കും സത്യം അറിയണ്ട. ആദ്യം കേൾക്കുന്നതാണ് സത്യം. ദൈവം തമ്പുരാൻ ഇറങ്ങി വന്ന് സാക്ഷി പറഞ്ഞാലും ആരും വിലക്കെടുക്കില്ല”. എന്നാണ് നായകൻ അഭിമുഖീകരിക്കുന്ന അവസ്ഥയെക്കുറിച്ച് ജോണി ആൻ്റണിയുടെ കെ കെ എന്ന കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നത്.
സ്ഥിരം കണ്ടു വരാറുള്ള കോമാളിത്തരങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും അമിതാഭിനയവും ഒഴിവാക്കിയാണ് ദിലീപ് പ്രിൻസിനെ അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ പകുതിയിലെ കുടുംബ രംഗങ്ങളിലും രണ്ടാം പകുതിയിലെ വൈകാരിക രംഗങ്ങളിലും ദിലീപ് നന്നായിട്ടുണ്ട്. എന്നാൽ മകളുടെ പ്രായമുള്ള നായികയുമായുള്ള പ്രണയം പാളി. അമിതാഭിനയം കൊണ്ട് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതാണ് റാണിയയുടെ ചിഞ്ചുറാണി. ക്ലൈമാക്സിൽ മാത്രമാണ് മിതത്വം.
ജോണി ആന്റണി, സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള എന്നിവരും മന്ത്രിയുടെ വേഷത്തിൽ എത്തിയ ഉർവ്വശിയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. കോമാളിയായ അനുജൻ്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.
രെണ ദിവെയുടെ ഛായാഗ്രഹണവും സാഗർ ദാസിൻ്റെ എഡിറ്റിംഗും മികച്ചതാണ്.ജേക്സ് ബിജോയുടെ സംഗീതവും കൊള്ളാം. ഷാരിസ് മുഹമ്മദ് എഴുതിയ തിരക്കഥയിലെ കഥാപാത്രങ്ങൾക്ക് ആഴമില്ല.134 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിൻ്റോ സ്റ്റീഫനാണ്.മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)