ഡോ ജോസ് ജോസഫ്
2024 ജനുവരിയിൽ മലൈക്കോട്ടെ ബാലിവനായി സ്ക്രീനിലെത്തിയ മോഹൻലാൽ വർഷത്തിൻ്റെ അവസാനം തീയേറ്ററുകളിലെത്തുന്നത് ബറോസ് എന്ന നിധി കാക്കുന്ന ഭൂതമായാണ്.
നാടോടി കഥകളിൽ നിന്നിറങ്ങി വന്ന രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകന് നൽകുന്നത് ശരാശരി സംതൃപ്തി മാത്രം.1980 ലെ ക്രിസ്തുമസിന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിൽ ക്യാമറയ്ക്കു മുന്നിലെത്തിയ മോഹൻലാൽ 44 വർഷത്തിനു ശേഷം മറ്റൊരു ക്രിസ്തുമസ്സിന് ക്യാമറയ്ക്കു പിന്നിൽ സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ നരേന്ദ്രൻ പ്രേക്ഷകരെ ഞെട്ടിച്ചുവെങ്കിൽ ബറോസിൽ മോഹൻലാൽ അത്തരം അത്ഭുതമൊന്നും സൂക്ഷിച്ചു വെച്ചിട്ടില്ല.നിധി കാക്കുന്ന ഭൂതം എന്ന മിത്തിൽ ചുറ്റിക്കറങ്ങുന്ന ബറോസിൻ്റെ തിരക്കഥ ദുർബ്ബലമാണ്. സംഭാഷണങ്ങൾ അതിനാടകീയം.കഥാപാത്രങ്ങൾ പ്രേക്ഷകരെ സ്പർശിക്കുന്നില്ല. പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടു നിർമ്മിച്ചിരിക്കുന്ന ചിത്രം ആവശ്യത്തിലധികം വലിച്ചു നീട്ടിയിട്ടുമുണ്ട്.154 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം.
മലയാളത്തിലെ ആദ്യ ത്രീ ഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ പ്രതിഭ തെളിയിച്ച ജിജോ പുന്നൂസാണ് ബറോസിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ആദ്യ ഘട്ടത്തിൽ ജിജോ ചിത്രം ഉപേക്ഷിച്ചു പോയതും പിന്നീട് തിരക്കഥയിൽ വരുത്തിയ ഒത്തുതീർപ്പുകളും സംവിധായകനെന്ന നിലയിലുള്ള മോഹൻലാലിൻ്റെ ഡ്രീം പ്രോജക്ടിൻ്റെ ചലച്ചിത്ര ഭാഷയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കഥയുടെ സൂക്ഷ്മാംശങ്ങൾ പോലും സ്പൂണിൽ കോരി നൽകാനുള്ള ശ്രമം ചിലയിടങ്ങളിൽ ബോറടിപ്പിക്കും. തിരക്കഥ ശക്തമായിരുന്നുവെങ്കിൽ മോഹൻലാലിൻ്റെ കന്നി സംവിധാന സംരംഭം വേറൊരു ലെവലിലേക്ക് ഉയരുമായിരുന്നു. ത്രീ ഡിയും വി എഫ് എക്സും ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ മികവാണ് ചിത്രത്തെ ഒരു പരിധി വരെ രക്ഷിച്ചിരിക്കുന്നത്.
പോർച്ചുഗീസ് നാടോടിപ്പാട്ടായ ഫദോയുടെ പശ്ചാത്തലത്തിലാണ് സംവിധായകൻ ബറോസിൻ്റെ കഥ അവതരിപ്പിക്കുന്നത്. നാലു നൂറ്റാണ്ട് മുമ്പ് ഗോവയിൽ പോർച്ചുഗീസ് വൈസ്രോയിയായിരുന്നു ക്രിസ്റ്റാവോ ഡി ഗാമ. ഗാമത്തമ്പുരാൻ്റെ വിശ്വസ്തനായ ഭൃത്യനായിരുന്നു മലബാറിൽ നിന്നും അടിമകൾക്കൊപ്പം കൊണ്ടുവന്ന ബറോസ്.ഗാമയുടെ മകൾ ഇസബെല്ലക്ക് ബറോസ് ” ബറോസ് പപ്പ”യായിരുന്നു.
ബാഹുബലിക്ക് കട്ടപ്പ എന്നതു പോലെയായിരുന്നു ഗാമയ്ക്ക് ബറോസ്.വിശ്വസ്തതയാണ് ബറോസിന് ജീവിതം.ഗാമ പറഞ്ഞാൽ ബറോസ് എന്തും അനുസരിക്കും. കർണാടകത്തിൽ നിന്നും ആക്രമണമുണ്ടായപ്പോൾ ഗാമയ്ക്ക് നിധി ഉപേക്ഷിച്ചു നാടു വിടേണ്ടി വന്നു.
അതി വിശ്വസ്തനായ ബറോസിനെയാണ് ഡി ഗാമ നിലവറയിൽ ഒളിപ്പിച്ചു വെച്ച നിധിയുടെ കാവൽ ഏൽപ്പിച്ചത്.ബറോസിനെ ഒപ്പം കൊണ്ടു പോകാതെ നിധി കാക്കുന്ന ഭൂതമായി മാറ്റിയതിനു പിന്നിൽ വലിയൊരു ചതിയുണ്ടായിരുന്നു. ബറോസിനു വഴികാട്ടികളായി ഡൂഡു എന്ന ആഫ്രിക്കൻ .പാവയും ഭാവി രേഖപ്പെടുത്തിയിരിക്കുന്ന മാന്ത്രിക ഗ്രന്ഥവും ഒപ്പമുണ്ട്.ബറോസും ഡൂഡുവും തമ്മിലുള്ള സംഭാഷണങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
നാലു നൂറ്റാണ്ടുകൾ കഴിഞ്ഞു.വർത്തമാന കാല ഗോവയിലേക്കു വരുമ്പോൾ ഗാമയുടെ ഹെറിറ്റേജ് പാലസ് ലേലത്തിനു വെച്ചിരിക്കുകയാണ്. അതു പൊളിച്ചു മാറ്റി പകരം കാസിനോ പണിത് വികസനം കൊണ്ടു വരാനാണ് സർക്കാർ പ്രോജക്ട്.കാസിനോക്കെതിരെ ചേരി നിവാസികൾ സമരത്തിലാണ്. ലേലത്തിൽ പങ്കെടുക്കാൻ വ്യവസായി റോൺ മാധവും മകൾ ഇസയും ഗോവയിലെത്തുന്നു.സ്കൂളിൽ റിബലാണ് നിഷേധിയായ ഇസ.
അതിനാൽ സസ്പെൻഷനിലുമാണ്. അമ്മയില്ലാത്ത ഇസയുടെ റിബൽ പെരുമാറ്റമൊന്നും പ്രേക്ഷകരുമായി വൈകാരികമായി ബന്ധിപ്പിക്കാനാവുന്നില്ല.ഡി ഗാമയുടെ 13 -മത്തെ തലമുറയിലെ 13 വയസ്സുകാരിയാണ് ഇസ.ഇതോടെ ബറോസിന് നിധി അനന്തരാവകാശിയെ ഏൽപ്പിച്ച് മടങ്ങാനുള്ള സമയമായി.
പോർച്ചുഗീസ് നാടോടിക്കഥ, ഗോവൻ സംസ്ക്കാരം ,മലബാറിൽ നിന്നുള്ള അടിമ, ആഫ്രിക്കൻ മന്ത്രവാദിനി, ഇന്ത്യൻ രാഷ്ട്രീയം പോർച്ചുഗീസ് കള്ളന്മാർ ,ചതിഎന്നിങ്ങനെ പല ഘടകങ്ങൾ ഇതിനിയിൽ തമ്മിൽ പരസ്പരം ചേരാതെ ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. നിധി തിരിച്ചേൽപ്പിക്കാൻ ഓടുന്നതിനിടയിൽ ഇസയെ ശാന്തയായ നല്ല കുട്ടിയാക്കി മാറ്റാനും ഭൂതം ശ്രമിക്കുന്നു.
നിധിയിരിക്കുന്ന അറയുടെ താക്കോൽ ഇസയ്ക്ക് ഭൂതം ഇപ്പോൾ കൈമാറിയേക്കുമെന്ന് തോന്നിപ്പിമെങ്കിലും അത് പിന്നെയും നീളുന്നു. ബറോസിൻ്റെ അചഞ്ചലമായ വിശ്വസ്തയെ വിശ്വസ്തത കൊണ്ടു നേരിടുന്ന ആഫ്രിക്കൻ മസ്സക്കാരോ മന്ത്രവാദിനിയുടെ മന്ത്ര-തന്ത്രങ്ങളൊന്നും പ്രേക്ഷകരെ വേണ്ട പോലെ സ്പർശിക്കുന്നിക്കുന്നില്ല –
ചിത്രത്തിൻ്റെ ഒറ്റപ്പെട്ട ഭാഗങ്ങൾ ദൃശ്യഭംഗി കൊണ്ട് മികച്ചതാണ്. ചിത്രം മൊത്തത്തിലെടുക്കുമ്പോൾ ആ മികവില്ല. സമുദ്രത്തിനുളളിലെയും പാലസിനുള്ളിലെയും ഇസയുടെ പാട്ടു രംഗങ്ങൾ നന്നായെടുത്തിട്ടുണ്ട്. എന്നാൽ ക്ലൈമാക്സ് രംഗങ്ങളിൽ ഇസയുടെ മുഖത്ത് പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന വൈകാരിക ഭാവങ്ങൾ ഒന്നും മിന്നി മറയുന്നില്ല.
2 ഡിയിലായിരുന്നിട്ടു പോലും നിലവറക്കുള്ളിലെ നിധി ശേഖരം മലയാളത്തിൽ ഐ വി ശശി അലാവുദ്ദീനും അത്ഭുതവിളക്കിലും മറ്റും ഇതിലും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. സന്തോഷ് രാമനാണ് കലാസംവിധാനം.3 -ഡിയിൽ ചിത്രീകരിച്ചിട്ടും നിധിയിരിക്കുന്ന നിലവറയുടെ ചില രംഗങ്ങൾ സെറ്റിട്ടതു പോലെ തോന്നിക്കും.
ബറോസെന്ന നിധി കാക്കുന്ന ഭൂതമായി ഇതു വരെ കാണാത്ത വേഷപ്പകർച്ചയിലാണ് മോഹൻലാൽ എത്തുന്നത്. കുട്ടികൾക്കു വേണ്ടിയുള്ള ചിത്രമായതിനാലാവാം മൃദു ഭാവങ്ങളാണ് ലാലേട്ടനിൽ കൂടുതൽ.ആൻ്റണി പെരുമ്പാവൂർ, ഗുരു സോമസുന്ദരം, പ്രണവ് മോഹൻലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ പരിചിത മുഖങ്ങൾ.ഇസയായെത്തുന്ന മായാ റാവു വെസ്റ്റ് കഥാപാത്രത്തോട് പൂർണ്ണമായ തന്മയത്വം പ്രാപിച്ചിട്ടില്ല.
റോൺ മാധവായെത്തിയ തുഹിൻ മേനോനും പോര.ഇഗ്നാഷ്യോ മറ്റിയോസ്, സീസർ ലോറൻ്റെ, മെൽവിൻ ഗ്രെഗ് കോസിസോചുക്വു, അമൽ പിബി, കീർത്തന കുമാർ, സുനിത റാവു,ലിഡിയൻ നാദസ്വരം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
വ്യക്തതയും ഭംഗിയുമുള്ളതാണ് ബറോസിലെ ത്രീ ഡി കാഴ്ച്ചകൾ. സന്തോഷ് ശിവൻ്റെ ക്യാമറ അത് ഭംഗിയായി പകർത്തിയിട്ടുണ്ട്. 19കാരൻ ലിഡിയൻ നാദസ്വരത്തിൻ്റെ സംഗീതവും മാർക്ക് കിലിയൻ്റെ പശ്ചാത്തല സംഗീതവും മികച്ചതാണ്. ചിത്രത്തിലെ ഗായകൻ കൂടിയാണ് മോഹൻലാൽ.ലാൽ പാടുന്ന ‘ഇസബെല്ല,കരളിൻ പൊൻ നിലാവാണു നീ ‘ എന്ന ഗാനം കൊള്ളാം.
ബി സന്തോഷ് കുമാറാണ് എഡിറ്റർ. ചിത്രത്തിൻ്റെ ദൈർഘ്യം എഡിറ്റ് ചെയ്ത് ഒരു 30 മിനിറ്റെങ്കിലും കുറച്ചിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നാവുമായിരുന്നു. ജ്യോതി മദ്നാനി സിങിൻ്റെ വസ്ത്രാലങ്കാരം നന്നായിട്ടുണ്ട്. സംഘട്ടന രംഗങ്ങളും വളരെ മൃദുവായാണ് ചിത്രീകരിച്ചിരിക്കുന്നത്.ബ്രി ൻലി കാഡ്മാനാണ് വി എഫ് എക്സ് ലീഡ് സൂപ്പർവൈസർ.
സംവിധായകൻ കഠിനാദ്ധ്വാനം ചെയ്തിട്ടും ബറോസ് പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് എത്തിയില്ല. ഒരു ഫാൻ്റസി ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളുമുള്ള ചിത്രം ലക്ഷ്യം വെയ്ക്കുന്നത് കുട്ടികളായ പ്രേക്ഷകരെയാണെങ്കിലും പൂർണ്ണമായും കുട്ടികളെ തൃപ്ത്രിപ്പെടുത്തണമെന്നില്ല.
ഒരു മികച്ച ഇൻ്റർനാഷണൽ ചിത്രമൊരുക്കാനുള്ള അവസരം സംവിധായകൻ പാഴാക്കിയെന്നു വേണം പറയാൻ. നിർമ്മാണത്തലുണ്ടായ കാലദൈർഘ്യവും തിരക്കഥയിൽ വരുത്തിയ വിട്ടുവീഴ്ചകളുമെല്ലാം കാരണങ്ങളാകാം.
——————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 156