തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ന്യൂഡല്‍ഹി:  ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിനിൽക്കേ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു.രാജിയുടെ കാരണം വ്യക്തമല്ല.

അദ്ദേഹത്തിന്റെ നിയമനം വിവാദമായിരുന്നു. നിയമനത്തിന് എതിരെ സുപ്രീംകോടതിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയിരുന്നു. രാജി രാഷ്ട്രപതി അംഗീകരിച്ചു. 2027 വരെയായിരുന്നു അരുണ്‍ ഗോയലിന്റെ കാലാവധി.

മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അരുണ്‍ ഗോയല്‍ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.

പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫിസറായ അരുണ്‍ ഗോയല്‍ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയേറ്റെടുത്തത്. കേന്ദ്രഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുണ്‍ ഗോയല്‍ 2022 നവംബര്‍ 18നാണ്
സ്വയം വിരമിച്ചത്.ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു.പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതലയും വഹിച്ചിട്ടുണ്ട്.