കള്ളപ്പണക്കേസ്: സി പി എം നേതാക്കൾ കൂടുതൽ കുരുക്കിലേക്ക്

കൊച്ചി: സിപിഎം നേതാക്കളായ മുൻ മന്ത്രി എ.സി.മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ തുടങ്ങിയരുടെ ബിനാമി ആയിരുന്നു സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാർ എന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ്.

കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ ഇടനിലക്കാരൻ കെ.എ.ജിജോറിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ ബോധിപ്പിച്ചപ്പോൾ ആണ് ഇക്കാര്യം പുറത്തുവന്നത്.

കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സതീഷ്കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇ.ഡി. പ്രതിയുടെ ഉന്നതബന്ധങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പിഎംഎൽഎ) പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വ്യാപാരി സംഘടനാ നേതാവ് ബിന്നി ഇമ്മട്ടി, റിട്ട. എസ്പി കെ.എം.ആന്റണി, ഡിവൈഎസ്പിമാരാ‍‍യ ഫെയ്മസ് വർഗീസ്, വേണുഗോപാൽ എന്നിവരുടെ ബെനാമി പണവും സതീഷ്കുമാറിന്റെ പക്കലുണ്ടെന്നാണു ജിജോറിന്റെ മൊഴി.

നൂറു രൂപയ്ക്കു 3 രൂപ പലിശ നിരക്കിൽ ഇവരിൽനിന്നു വാങ്ങുന്ന ബെനാമി നിക്ഷേപം നൂറിനു പത്തു രൂപ നിരക്കിലാണു സതീഷ്കുമാർ മറ്റുള്ളവർക്കു പലിശയ്ക്കു നൽകിയിരുന്നതെന്നും മൊഴിയിൽ വിശദീകരിക്കുന്നുണ്ട്.

സതീഷ്കുമാറിന്റെ പല വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്കും മുൻ ഡിഐജി എസ്.സുരേന്ദ്രൻ ഇടനിലക്കാരനും തർക്കങ്ങളിൽ മധ്യസ്ഥനുമായി ഇടപെട്ടു കമ്മിഷൻ വാങ്ങിയിരുന്നതായി ജിജോർ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം.വർഗീസിനെ 24നു ചോദ്യംചെയ്യാൻ‌ വിളിപ്പിച്ചിട്ടുണ്ട്. സി പി എമ്മിൻ്റെ വ്യാപാരി വ്യവസായി സംഘടനാ നേതാവ് ബിന്നി ഇമ്മട്ടിയെയും ഇ.ഡി. ചോദ്യംചെയ്യും.

റിമാൻഡിൽ കഴിയുന്ന 4 പ്രതികൾക്കു പുറമേ കൂടുതൽ പേരെ പ്രതിചേർത്ത് ഇ.ഡി. പ്രതിപ്പട്ടിക പുതുക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കും. സതീഷ്കുമാറിനു പുറമേ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷൻ, ഇടനിലക്കാരൻ പി.പി.കിരൺ, മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരാണു ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.