നിക്ഷേപമുണ്ടായിട്ടും വിദഗ്ധ ചികിൽസയ്ക്കു പണമില്ലാതെ മരിച്ചു

In Featured, Special Story
October 05, 2023

കൊച്ചി : കരുവന്നൂർ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും വിദഗ്ധ ചികിൽസയ്ക്കു പണം കിട്ടാതെ നിക്ഷേപകൻ മരിച്ചതിൽ പ്രതിഷേധം ശക്തം. കരുവന്നൂർ സ്വദേശിയായ ശശിയാണ് അഞ്ചു ദിവസം മുമ്പ് മരിച്ചത്. 

കരുവന്നൂര്‍ സഹകരണബാങ്കില്‍ 14 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും ചികിൽസയ്ക്കു വേണ്ടി ശശിയ്ക്ക് കൈ നീട്ടേണ്ടി വന്നു. ഭിന്നശേഷിക്കാരനായിരുന്ന അൻപത്തിമൂന്നുകാരൻ ശശിയ്ക്കായിരുന്നു ഈ ദുരിതാവസ്ഥ . ഒരു ലക്ഷത്തി 90,000 രൂപയാണ് ബാങ്ക് നൽകിയത്. ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.  സെപ്തംബര്‍ 30 നാണ് ശശി മരിച്ചത്. ജന്മനാ ഭിന്നശേഷിക്കാരനായിരുന്നു. ശരീരം തളർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയും നടത്തി. വിദഗ്ധ ചികിൽസ നൽകാൻ കുടുംബം ആഗ്രഹിച്ചിരുന്നു. പക്ഷേ, പണം ഉണ്ടായില്ല. ബാങ്കിലെ മുഴുവൻ നിക്ഷേപവും തിരിച്ചു കിട്ടിയിരുന്നെങ്കിൽ വിദഗ്ധ ചികിത്സ നൽകാമായിരുന്നു. ആശുപത്രിയിലെ ബിൽ തുകയായ അഞ്ചു ലക്ഷം സമാഹരിക്കാനും കുടുംബം ഏറെ കഷ്ടപ്പെട്ടു.

അമ്മയും ശശിയും മാത്രമായിരുന്നു വീട്ടിൽ താമസം. ശശിയുടെ മരണത്തോടെ അമ്മ മാത്രമായി വീട്ടിൽ . ശശിയുടെ സഹോദരി മിനിയ്ക്കും ബാങ്കിൽ അഞ്ചു ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഈ തുകയും തിരിച്ചു കിട്ടിയിട്ടില്ല.