ദളിതർക്ക് നേരെയുള്ള സവർണ്ണക്കാഴ്ചയെ കെട്ടിയേൽപ്പിച്ച നോവൽ

In Featured, Special Story
March 16, 2024

കൊച്ചി:മിക്കവാറും സിലബസുകളിൽ മലയാളത്തിലെ ദളിത് എഴുത്തുകാരെ പരാമർശിക്കാതെ, പുറത്തുനിന്നും കെട്ടിയിറക്കുന്നതിൽ വലിയ വ്യഗ്രതയും ശ്രദ്ധേയമാണ്.

അത്തരത്തിൽ ഒരു കെട്ടിയിറക്കലാണ് ജയമോഹന്റെ നൂറുസിംഹാസനങ്ങൾ എന്ന നോവലാഘോഷങ്ങളും ചെയ്തുവച്ചിട്ടുള്ളത് .  ജയമോഹന്റെ “നൂറുസിംഹാസനങ്ങൾ”  എന്ന പുസ്തകത്തെക്കുറിച്   ഡോ വാസു എ കെ ഫേസ്ബുക്കിലെഴുതുന്നു.’മഞ്ഞുമ്മൽ ബോയ്സ്  ” എന്ന സിനിമയെക്കുറിച്ചുള്ള ജയമോഹന്റെ നിരൂപണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു 

ജയമോഹൻ സൃഷ്ടിച്ച ഒഥല്ലോയാണ് നൂറുസിംഹാസനങ്ങൾ എന്ന് അവതാരിക എഴുതിയ കൽപ്പറ്റ നാരായണൻ പ്രഖ്യാപിക്കുന്നുണ്ട്. വിശ്വോത്തരനോവൽ എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണിവിടെ പ്രകടമായിട്ടുള്ളത് .കേരളത്തിലെ യൂണിവേഴ്സിറ്റികൾ ആഘോഷിക്കുകയും സിലബസുകളിൽ ആവശ്യത്തിലേറെ സ്ഥാനംപിടിക്കുകയും ചെയ്ത നോവലാണ് ജയമോഹനന്റെ

നൂറു സിംഹാസനങ്ങൾ. മലയാളത്തിലെ സവർണ്ണ മാധ്യമങ്ങളും അവരുടെ കുഴലൂത്തുകാരായ സാഹിത്യ വിമർശകരും ദളിത് സാഹിത്യം എന്ന് ആവർത്തിച്ചു പറഞ്ഞ് ദളിതർക്ക് നേരെയുള്ള സവർണ്ണക്കാഴ്ചയെ കെട്ടിയേൽപ്പിച്ച അറു പിന്തിരിപ്പൻ നോവലാണിത്….ഡോ വാസു  തുടരുന്നു .

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :-
———————————————————————————-
ജയമോഹന്റെ നൂറുസിംഹാസനങ്ങൾ ദലിത് സാഹിത്യമേയല്ല .
ദലിത് അവഹേളന കെട്ടുകാഴ്ച്ച മാത്രമാണ്. “ഒരു ദളിത് യുവതിയുടെ കദനകഥ” എന്ന
എം മുകുന്ദന്റെ നോവൽ ,
അപൂർവങ്ങളിൽ അപൂർവ്വങ്ങളായ ഒരു ദുരന്തത്തെ
ദളിത് സ്ത്രീക്ക്മേൽ കെട്ടിവച്ചുകൊണ്ട് ദലിത് സാഹിത്യ വായനാ ലോകം തന്നിലേക്ക് തുറന്നെടുക്കുക എന്ന ദുഷ്ടലാക്കിലാണ് ഉണ്ടായി വന്നത്.
ദളിത് സാഹിത്യം എന്ന പേരിൽ വിദ്ധ്യാർഥികൾ പഠിക്കേണ്ടത് തകഴിയുടെ തോട്ടിയുടെ മകനും കടമ്മനിട്ടയുടെ കിരാതവൃത്തവുമൊക്കെയാണെന്ന് ശഠിക്കുന്നവരാണ് ഇവിടത്തെ സവർണ്ണ സിലബസ് നിർമ്മിത ബുദ്ധികൾ.
മിക്കവാറും സിലബസുകളിൽ മലയാളത്തിലെ ദളിത് എഴുത്തുകാരെ പരാമർശിക്കാതെ, പുറത്തുനിന്നും കെട്ടിയിറക്കുന്നതിൽ വലിയ വ്യഗ്രതയും ശ്രദ്ധേയമാണ്.
അത്തരത്തിൽ ഒരു കെട്ടിയിറക്കലാണ് ജയമോഹന്റെ നൂറുസിംഹാസനങ്ങൾ എന്ന നോവലാഘോഷങ്ങളും ചെയ്തുവച്ചിട്ടുള്ളത് .
ഈ വക സാഹിത്യ പഠനങ്ങൾ എന്ത് ബോധമാണ് വിദ്യാർത്ഥികളിൽ നൽകിയിട്ടുണ്ടാവുക ?
ദളിതരായ ആളുകളിൽമാത്രം അവരുടെ പൂർവ്വകാല ദുരനുഭവത്തിന്റെ ഓർമ്മകൾ , അതിൻ്റ തുടർച്ചകളായി എക്കാലവും വേട്ടയാടിക്കൊണ്ടിരിക്കുന്നു മാത്രമല്ല, അതിനെ മറികടക്കാൻ ഉന്നതവിദ്യാഭ്യാസംകൊണ്ടും ഉന്നതമായ ഉദ്യോഗപദവി കൊണ്ടുമൊന്നും സാധ്യമാവുകയില്ലെന്നുള്ള അറുപിന്തിരിപ്പൻ ബോധമാവും വിദ്യാർത്ഥികളിൽ പടർത്തുക.
————————————————————————————————————————————-
കേരളത്തിലെ യൂണിവേഴ്സിറ്റികൾ ആഘോഷിക്കുകയും സിലബസുകളിൽ ആവശ്യത്തിലേറെ സ്ഥാനംപിടിക്കുകയും ചെയ്ത നോവലാണ് ജയമോഹനന്റെ
നൂറു സിംഹാസനങ്ങൾ. മലയാളത്തിലെ സവർണ്ണ മാധ്യമങ്ങളും അവരുടെ കുഴലൂത്തുകാരായ സാഹിത്യ വിമർശകരും ദളിത് സാഹിത്യം എന്ന് ആവർത്തിച്ചു പറഞ്ഞ് ദളിതർക്ക് നേരെയുള്ള സവർണ്ണക്കാഴ്ചയെ കെട്ടിയേൽപ്പിച്ച അറു പിന്തിരിപ്പൻ നോവലാണിത്.
———————————————————————————————————————————————–
സർക്കാരിലെ ഉന്നത പദവികൾക്കൊന്നും ദളിതരെ പറ്റില്ല അവർ പാരമ്പര്യ തൊഴിൽ ചെയ്യേണ്ടവരാണ് എന്ന സവർണ്ണ ബോധം തന്നെയാണ് ഈ നോവലിലൂടെ അവർ ഒളിച്ചുകടത്തുന്നത്
ദളിതരിൽ നിന്ന്
IAS കാരും
IPS കാരും ഡോക്ടർമാരും എൻജിനീർമാരും അധ്യാപകരുമൊക്കെയായി ഏറ്റവും മികവുപുലർത്തുന്നവർ കേരളത്തിൽ സജീവമാകുന്ന കാലത്താണ് ഇത്തരം സാഹിത്യാഭാസങ്ങൾ ഉണ്ടായി വരുന്നത് എന്നിടത്താണ് അത് സവർണ്ണതയുടെ അസ്വസ്ഥതാസാഹിത്യമാണിവകളെന്ന സ്വയംപ്രഖ്യാപനമുള്ളത് .
ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കീഴിൽ ഇവിടത്തെ സവർണരായ ഉദ്യോഗസ്ഥരും അനുഭവിച്ചിരുന്ന കീഴാളത ചരിത്രത്തിലും സാഹിത്യത്തിലും നമ്മൾ നിരവധി കണ്ടിട്ടുണ്ട്.
ലൈംഗികാടിമത്തമായ ദേവദാസിത്വവും ഇതര ദാസ്യജീവിതത്തിൽ അധിഷ്ഠിതമായ സഹന പാരമ്പര്യം ഇവിടത്തെ സവർണർക്കുമുണ്ട്.
————————————————————————————————————————
സവർണ്ണരുടെ അത്തരം പാരമ്പര്യങ്ങളുടെ ദുരന്തഓർമ്മ അവരുടെ ഉദ്യോഗ നിർവഹണങ്ങളിൽ പുരോഭാരമായി വരാറുണ്ടെന്നതരത്തിൽ ഒരു കൃതിയും മലയാളത്തിലുണ്ടായിട്ടില്ല.
സംബന്ധം പോലുള്ള ദുരാചാരങ്ങൾ നിലനിന്നതിനാൽ, സ്ഥിരാവസ്ഥയിൽ ഒരു ഭർത്താവില്ലാത്തതിന്റെ ദുര്യോഗങ്ങളുള്ള അമ്മയുടെ അസ്വസ്ഥതകൾ സവർണ്ണ ഉദ്യോഗസ്ഥന്റെ ഉദ്യോഗ നിർവ്വഹണത്തിൽ ഭാരമായി വരുന്നെന്ന സൂചനകളുള്ള കൃതികളുമില്ല.
————————————————————————————————————————————————-


ജാതി കീഴാളതയുടെ എല്ലാ ഭാരങ്ങളും ദളിതരിൽ മാത്രം നിക്ഷേപിക്കുന്ന സവർണ്ണ സാഹിത്യമെഴുത്തിന്റെ ദുഷ്ടലാക്കാണ് ഇത്തരം രചനകളുടെ ചേതോവികാരമെന്നത് ഇന്ന് എല്ലാവർക്കും തിരിച്ചറിയാൻ കഴിയും .
സവർണ്ണോദാരതാ സാഹിത്യമെന്നോ ഔദാര്യസാഹിത്യമെന്നോ ഇത്തരം പൈങ്കിളിസാഹിത്യത്തെ നമുക്ക് പേരിട്ടുവിളിക്കാൻ കഴിയും.
തകഴിയുടെ തോട്ടിയുടെ മകൻ
രണ്ടിടങ്ങഴി തുടങ്ങിയ നോവലുകളെയും,
കടമ്മനിട്ട തുടങ്ങിയവരുടെ കിരാതവൃത്തം കുറത്തി തുടങ്ങിയ കവിതകളെയുമെല്ലാം അത്തരം ഔദാര്യസാഹിത്യമായാണ് വിലയിരുത്തേണ്ടത് .
സവർണ്ണതയുടെ അവർണ്ണരോടുള്ള വെറുപ്പിനുപോലും ഇത്തരം കൃത്രിമ ദയാവായ്പിനേക്കാൾ നീതിയുണ്ടെന്നതാണ് സത്യം.
സവർണ്ണ ഉദാരതയുടെയും ഇത്തരം മലിന സാഹിത്യമെഴുത്തുകൾ ഇനിയും കേരളത്തെ നാറ്റിക്കും എന്ന് കരുതിയിരിക്കേണ്ടതുണ്ട്.
സന്തോഷ് ഏച്ചിക്കാനം. ഉണ്ണി ആര് തുടങ്ങിയവരിൽ നിന്നുമൊക്കെ ഇത്തരം കുടിയേറ്റവാസനയുടെ കഥകൾ ഉണ്ടായി വന്നിട്ടുണ്ട്.
———————————————————————————————————————————————
ജയമോഹൻ സൃഷ്ടിച്ച ഒഥല്ലോയാണ് നൂറുസിംഹാസനങ്ങൾ എന്ന്
അവതാരിക എഴുതിയ കൽപ്പറ്റ നാരായണൻ പ്രഖ്യാപിക്കുന്നുണ്ട്.
വിശ്വോത്തരനോവൽ എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണിവിടെ പ്രകടമായിട്ടുള്ളത്.
കറുത്ത വർഗ്ഗക്കാർക്ക് നേരെയുള്ള വെളുത്ത വർഗ്ഗക്കാരുടെ ദൂരക്കാഴ്ചയാണ് ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകം . വെള്ളക്കാരിയും അതിസുന്ദരിയുമായ ഡെസ്ഡിമോണിയെ കറുത്ത വർഗ്ഗക്കാരനായ ഒഥല്ലോ വിവാഹം ചെയ്യുമ്പോൾ ഒഥല്ലോയുടെ അപകർഷതാബോധം പ്രവർത്തിച്ച് ഭാര്യയെ സംശയിച്ചു കൊലപ്പെടുത്തുന്നു എന്നതാണ് ഒഥല്ലോയുടെ ഇതിവൃത്തം.
——————————————————————————————————————————————————–

ജയമോഹനന്റെ നൂറുസിംഹാസനങ്ങൾ എന്ന നോവലിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദളിതനെ വിവാഹംചെയ്യുന്ന സവർണ സ്ത്രീയായ സുധയുടെ സ്ഥാനവും ഒഥല്ലോയിലെ
ഡെസ്ഡിമോണയുടേതാണ്.
ദളിതർ, അവർ എത്ര ഉന്നതസ്ഥാനം അലങ്കരിക്കുന്നവരായിരുന്നാൽ പോലും , സവർണർ വിവാഹം ചെയ്താൽ സ്വന്തം ജീവിതം അപകടപ്പെടും എന്ന മിശ്രഭയമാണ് ഇത്തരം കൃതികളിലൂടെ ഒളിച്ചുകടത്തുന്നത്.
പെറുക്കിത്തീനികളും അലഞ്ഞുതിരിയുന്നവരും മാത്രമായി ദളിതരെ ഭൂതകാലത്തിൽ നോക്കിക്കണ്ട് അവതരിപ്പിക്കുമ്പോൾ സവർണ്ണരെ വർത്തമാനകാലത്തിൽ മാത്രം നിർത്തി അവതരിപ്പിക്കുന്നു എന്നതാണ് ഇത്തരം കഥയെഴുത്തുകളിൽ മറനീക്കി പുറത്തുവരുന്ന വംശീയത.
ഒരു ദളിത് ഐ.എ.എസ് ഉദ്യോഗസ്ഥൻ നീതി നടപ്പാക്കുകയില്ല മറിച്ച് സ്വജനപക്ഷപാതിത്വം മാത്രമേ കാണിക്കൂ എന്നത് എന്തൊരു അതിവായനയാണ് .
ഇന്നത്തെ സംവിധാനങ്ങളിൽ പ്രത്യേകിച്ചും സ്വജനപക്ഷപാതിത്വം കാണിക്കാൻ കഴിയാത്തത് ദലിത്ഉദ്യോഗസ്ഥർക്ക് മാത്രമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കാരണം അയാളെ എല്ലാവരും ആവശ്യത്തിലേറെ നിരീക്ഷിക്കുന്നുണ്ടാവും. എന്നാൽ സവർണ്ണ വിഭാഗങ്ങൾ നിരവധി സ്വജനപക്ഷപാതം കാണിച്ചതിൻ്റെ കേൾവികൾ നമുക്ക് മുന്നിലുണ്ട്.
———————————————————————————————————————————————-
      സവർണ്ണ വിഭാഗങ്ങൾ കാണിച്ച സ്വജനപക്ഷപാതിത്വം തിരിച്ചിട്ട് ദളിതരിലേക്ക് ചേർക്കുന്നു എന്ന
     ക്രൈം കൂടി നൂറുസിംഹാസനങ്ങൾ എന്ന നോവലിൽ ജയമോഹൻ എഴുതിച്ചേർക്കുന്നുണ്ട് .
ഡോ. ബി ആർ അംബേദ്കറുടെ പിതാവ് ബ്രിട്ടീഷ് ഗവൺമെന്റിൽ പട്ടാള ഉദ്യോഗസ്ഥനായിരുന്നു .പിതാവിൻറെ പിതാവിനും പട്ടാളത്തിൽ ഉദ്യോഗം ഉണ്ടായിരുന്നു. ആരെക്കാളും ബുദ്ധികൂർമ്മതയുള്ള അപൂർവ വ്യക്തിത്വമായാണ് ഡോ.ബി ആർ അംബേദ്കർ ജനിച്ചത്. അംബേക്കറുടെ വളർച്ച സവർണ്ണ ഉദ്യോഗസ്ഥരുടെ ദാനമാണ് എന്നത് , എല്ലാത്തിന്റെയും പിതൃത്വം തങ്ങളിൽ ചേർത്തുനിർത്താനുള്ള ബ്രാഹ്മണിസത്തിൽനിന്നുമാത്രം ഉണ്ടാവുന്നതാണ്.
—————————————————————————————————————————————————-

ദലിത് ഉദ്യോഗസ്ഥന്റെ വളർച്ച മാത്രമല്ല ഡോ.അംബേദ്കറുടെ വളർച്ചയും സവർണ്ണ ഉദ്യോഗസ്ഥന്റെ ദാനം എന്ന് സ്ഥാപിക്കാനും ജയമോഹന്റെ നൂറുസിംഹാസനങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
സവർണ്ണ ഉദാരതാവാദത്തിന്റെ തനിമുഖമാണവിടെ പ്രകടമാവുന്നത്.
ഭാഷാപരമായ സൗന്ദര്യം അല്പം പോലും നോവലിൽ കടന്നു വന്നിട്ടില്ല.
നോവൽ എന്ന സാഹിത്യ സങ്കേതത്തിന്റെ രൂപവും അതിൽ തെല്ലും പ്രകടമല്ല ,
എന്നിട്ടും ഇങ്ങനെയൊരു പൈങ്കിളിസാഹിത്യം ആഘോഷിച്ചതിൽ മലയാള പ്രസിദ്ധീകരണങ്ങളുടെയും അവരുടെ കുഴലൂത്തുകാരായ സാഹിത്യ വിമർശകരുടെയും വംശീയത പ്രകടമാണ്.
ദലിത് സാഹിത്യം എന്ന പേരിൽ ഇത്തരം ദളിത് വിരുദ്ധ സാഹിത്യം പഠിപ്പിക്കുന്നത് സർവ്വകലാശാലകൾ അടിയന്തരമായി നിർത്തിവയ്ക്കുകയാണിനി വേണ്ടത്.