February 18, 2025 5:29 am

അനിൽകുമാറിന് വായ്പ ; സി.പി.എം നേതാവ് സി.കെ ചന്ദ്രന്റെ അറിവോടെ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ അനിൽകുമാറിന് വായ്പ നൽകിയത് സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ ചന്ദ്രന്റെ അറിവോടെയാണെന്ന് ബോർഡിലെ സി.പി.എം പ്രതിനിധിയായിരുന്ന ഇ.സി ആന്റോ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ബാങ്കിന്റെ മുൻ മാനേജർ ബിജു കരീമും അക്കൗണ്ടന്റ് സി.കെ ജിൽസുമാണ് തട്ടിപ്പിന് കൂട്ടു നിന്നവരിൽ പ്രധാനികൾ. റബ്‌കോ ഏജന്റ് ബിജോയ്, കിരൺ തുടങ്ങിയവരെല്ലാം ഇവരുടെ ബിനാമികളാണെന്നും ആന്റോ പറഞ്ഞു.

മുൻ മന്ത്രി എ.സി മൊയ്തീൻ, മുൻ എം.പി പി.കെ ബിജു തുടങ്ങിയ നേതാക്കൾക്ക് പങ്കുണ്ടെന്നത് ഊഹാപോഹമാണ്. കരുവന്നൂർ ബാങ്കിൽ തന്നെ പരിചയപ്പെടുത്തിയത് ആന്റോയാണെന്ന് കഴിഞ്ഞ ദിവസം അനിൽകുമാർ വെളിപ്പെടുത്തിയിരുന്നു. രാജീവ് എന്നൊരാളാണ് അനിൽകുമാറിനെപ്പറ്റി തന്നോട് പറഞ്ഞത്. ഒരു ദിവസം ബാങ്കിൽ വച്ച് ഇയാളെ പരിചയപ്പെട്ടിരുന്നുവെന്നും, രേഖകൾ കൃത്യമാണെങ്കിൽ വായ്പ കിട്ടുമെന്ന് അനിൽകുമാറിനോട് പറഞ്ഞിരുന്നതെന്നും ആന്റോ വെളിപ്പെടുത്തി.

സി.കെ ചന്ദ്രനെ കൂടാതെ എൻ.ബി രാജു, പീതാംബരൻ മാസ്റ്റർ, ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങുന്ന സബ്കമ്മിറ്റിയാണ് ദൈനംദിന പ്രവർത്തനം നടത്തിയിരുന്നത്. 10,000 മുതലുള്ള ചെറിയ വായ്പാ അപേക്ഷകളേ ഭരണസമിതിയിൽ വരാറുണ്ടായിരുന്നുള്ളൂ. വലിയവ മിനിറ്റ്സിൽ എഴുതിച്ചേർത്ത് പാസാക്കുകയാണ് ചെയ്തിരുന്നതെന്നും ആന്റോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News