ലണ്ടന്‍: കുര്‍ബാനയ്ക്ക് എത്തുന്ന വിശ്വാസികള്‍ കുത്തനെ കുറഞ്ഞു. മിക്ക പള്ളികളും കാട് പിടിച്ച് നശിക്കുന്നു. കൊറോണ അടങ്ങിയിട്ടും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ രക്ഷപെടുന്നില്ല.
പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നതെന്ന്ചെംസ്ഫഡ് ബിഷപ്പ് ആയ ഗലി ഫ്രാന്‍സിസ് ദെഹ്ഖാനി പറയുന്നു.
കോവിഡിനു മുമ്പ് എല്ലാ ആഴ്ചയിലും ഏകദേശം 8,54,000 വിശ്വാസികള്‍ കുര്‍ബാനയ്ക്കും മറ്റുമായി എത്താറുണ്ടായിരുന്നു. 2023 ല്‍ അത് 6,85,000 ആയി. പ്രതിവാര അനുഷ്ഠാനങ്ങള്‍ക്കായി എത്താറുണ്ടായിരുന്ന 1,69,000 വിശ്വാസികള്‍ അപ്രത്യക്ഷരായി. മോസ്‌കുകളില്‍ പോകുന്നവരേക്കാള്‍, അല്ലെങ്കില്‍ കത്തോലിക്ക പള്ളികളില്‍ പോകുന്ന വിശ്വാസികളെക്കാള്‍ കുറവാണ് ആംഗ്ലിക്കന്‍ സഭയുടെ പള്ളികളില്‍ പോകുന്നവരുടെ എണ്ണം.
ഇത് പരിഹരിക്കാൻ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനാണ് ബിഷപ്പുമാര്‍ സഭ അധികൃതരോട് പറയുന്നത്.ഇത്രയധികം കുറവ് എങ്ങനെയുണ്ടാകുന്നു എന്നതാണ് സഭ അധികൃതരെ വലയ്ക്കുന്ന ചോദ്യം. ഉപയോഗിക്കാതെ കിടക്കുന്ന പള്ളികലുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇംഗ്ലണ്ടിലെ മൊത്തം 16,000 പള്ളികളില്‍ 12,500 പള്ളികള്‍ ചരിത്ര പ്രാധാന്യമുള്ളതായിട്ടാണ് കരുതപ്പെടുന്നത്. ഇവയുടെ പകുതി പള്ളികള്‍ക്ക് ഗ്രേഡ് വണ്‍ സ്റ്റാറ്റസുമുണ്ട്. അതായത്,ഇവയ്ക്ക് ചരിത്രത്തില്‍ ഉള്ള പ്രാധാന്യം വളരെ കൂടുതലാണെന്നര്‍ത്ഥം.
ഏറ്റവും പുതിയ കണക്കനുസരിച്ച് 3000 മുതല്‍ 5000 വരെ പാരിഷ് പള്ളികള്‍ അടച്ചുപൂട്ടി.അല്ലെങ്കിൽ വല്ലപ്പോഴും മാത്രം ഉപയോഗിക്കുകയോ അതല്ലെങ്കില്‍ സ്വന്തമായി ഒരു വികാരി ഇല്ലാത്തവയോ ആണ്. അതേസമയം, ഈ പള്ളികള്‍ എല്ലാം തന്നെ അറ്റകുറ്റപണികള്‍ നടത്തി പരിപാലിക്കാന്‍ ഏകദേശം 1 ബില്യന്‍ പൗണ്ട് ചെലവും വരുന്നുണ്ട്. ഇത് സഭയ്ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. ഇത്തരം അടച്ചുപൂട്ടപ്പെട്ട പള്ളികള്‍ പ്രാദേശിക കൗണ്‍സിലുകളെ ഏല്‍പ്പിക്കണമെന്നും, അവ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നുമുള്ള ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.