തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് നടന്‍ ഭീമൻ രഘു. മുഖ്യമന്ത്രിയോട് തനിക്ക് വിധേയത്വം വിനയവുമുണ്ട്. ആ സമയം താനൊരു പോലീസുകാരനായി മാറിയെന്നും ഭീമൻ രഘു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നമ്മുടെ ഒരു സംസ്‌കാരമുണ്ട്. ഞാൻ ഇരുന്നതിന്റെ നേരെ എതിരായിട്ടാണ് മൈക്ക് വച്ചിരുന്നത്. അദ്ദേഹം അവിടെ നിന്ന് നേരെ നോക്കിയപ്പോൾ എന്നെ കണ്ട് ചിരിച്ചു. ചിരിച്ചപ്പോൾ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞതായി എനിക്ക് മനസ്സിലായി. ഈ സാഹചര്യത്തിൽ ഞാൻ അറിയാതെ ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കുകയായിരുന്നു, ഭീമൻ രഘു പറഞ്ഞു.
ഇതൊരിക്കലും ഒരു പ്രചാരം ലഭിക്കുന്നതിനായി ചെയ്ത കാര്യമല്ല. സംസാരം കഴിഞ്ഞതിന് ശേഷമാണ് ഇരുന്നത്. അച്ഛനോടുള്ള സ്നേഹം മുഖ്യമന്ത്രിയോട് തോന്നി. എഴുന്നേറ്റ് നിന്ന സാഹചര്യത്തിൽ താനൊരു പോലീസുകാരനായി മാറി. മുഖ്യമന്ത്രിയുടെ സുരക്ഷാ ചിന്തകൾ മനസിൽ വന്നതായും അദ്ദേഹം പറഞ്ഞു.
അലൻസിയറിന്റെ പരാമർശം സ്ത്രീകളെ അപമാനിക്കാൻ വേണ്ടിയാകില്ല. മനസിൽ തോന്നിയത് വിളിച്ചുപറഞ്ഞത് മാത്രം. വനിതകളെ വേദനിപ്പിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച വെെകീട്ട് 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാഗന്ധിയിൽ നടക്കുന്നതിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടൻ സദസിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നൽകിയാണ് ഭീമൻ രഘു കസേരയിലിരുന്നത്.
രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേർന്നത്. അന്ന് താരം എ.കെ.ജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെയെന്നപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് അന്ന് ഭീമൻ രഘു പ്രതികരിച്ചത്.