ദിവസ കൂലി തൊഴിലാളിയോട് ഏറ്റുമുട്ടുന്ന നിങ്ങളാണോ കമ്മ്യൂണിസ്റ്

In Featured, Special Story
May 02, 2024

 

 

കൊച്ചി: ” കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു” മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ .

തന്റെ  വാഹനത്തിന് പോകാൻ സൈഡ് തന്നില്ലെന്ന് ആരോപിച്ചായിരുന്നു ആര്യാ രാജേന്ദ്രനും കാറിൽ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് കെഎസ്ആർടിസി തടഞ്ഞു നിർത്തിയത്. എന്നാൽ സം​ഗതി വിവാദമായതോടെ ബസ്സ് തടഞ്ഞില്ലെന്നായിരുന്നു ആര്യയുടെ വാദം. എന്നാൽ പിന്നീട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആര്യയുടെ വാദം പൊളിഞ്ഞതോടെ നിരവധി പേരാണ് ആര്യയ്ക്കും എംഎൽഎയും ആര്യാ രാജേന്ദ്രന്റെ ഭർത്താവുമായി സച്ചിൻ ദേവിനുമെതിരെ രം​ഗത്ത് എത്തിയിരിക്കുന്നത്.

 നിയമത്തിന്റെ വഴി സ്വീകരിക്കാതെ ആര്യ ചെയ്ത പ്രവർത്തി ജനാധിപത്യ വിരുദ്ധമാണെന്നും.  നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണെന്നുമാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. 

============================================================

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട ആര്യാ…നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാൻ …പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന എന്നെ വല്ലാതെ തളർത്തി…ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി..ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..