May 13, 2025 12:33 pm

ഈ സമുദായത്തിലാണ് ഏറ്റവുമധികം സ്ത്രീധനക്കച്ചവടങ്ങൾ

കൊച്ചി: സ്ത്രീധനം മരണക്കുരുക്കാകുന്ന കാലമാണിത്ഇസ്ലാമിൽ സ്ത്രീധനം ഹറാമാണ് . എന്നിട്ടും ഈ സമുദായത്തിലാണ് ഏറ്റവുമധികം സ്ത്രീധനക്കച്ചവടങ്ങൾ നടക്കുന്നത്”  എഴുത്തുകാരി സബീന എം സാലി  ഫേസ്ബുക്കിലെഴുതുന്നു .

“രണ്ടു കുടുംബങ്ങൾ ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീധനത്തിന്റെ പൊങ്ങച്ചപ്രകടനങ്ങളല്ല മറിച്ച് സ്നേഹവും പരസ്പരവിശ്വാസവുമാണ് മുറുകെപ്പിടിക്കേണ്ടതെന്് ഓർമിപ്പിച്ചു കൊണ്ടാണ് സബീനയുടെ കുറിപ്പ്. ഭാര്യവീട്ടുകാർ നൽകിയ ഉപഹാരം സ്നേഹപൂർവം നിരസിച്ച ഭർത്താവിനെക്കുറിച്ചും സബീന ഓർമ്മിക്കുന്നു.”

 


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സ്ത്രീധനക്കൊടുക്കൽ വാങ്ങലുകളുടെ കോട്ടകൊത്തളങ്ങൾ ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളാണെന്ന് പൊതുവെ എല്ലാവർക്കുമറിയാം . എൻറെ ഉപ്പയും ഉമ്മയും കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടക്കാരാണ് . ഉപ്പ , കൊച്ചിൻ പോർട്ടിലെ ജോലി ആവശ്യാർഥം എനിക്ക് രണ്ട് വയസ്സുള്ളപ്പോൾ കുടുംബമായിട്ട് എറണാകുളത്ത് സ്ഥിരതാമസമാക്കി . എനിക്ക് ശേഷം മൂന്ന് അനുജത്തിമാർ കൂടി ഉണ്ടായി . ആൺമക്കൾ ഇല്ല . ഞങ്ങൾ വളരും തോറും നാട്ടുകാർക്ക് ആധിയായി . കൊല്ലംകാരല്ലേ നാലെണ്ണത്തിനെ പറഞ്ഞുവിടാൻ ഇദ്ദേഹത്തിനെക്കൊണ്ടാവുമോ എന്നൊക്കെയായിരുന്നു അവരുടെ ചിന്തകൾ .

മൂത്ത പുത്രി എന്ന നിലയിൽ സ്വാഭാവികമായും ബന്ധുജനങ്ങളിൽ നിന്ന് ആലോചനകൾ വന്നതൊക്കെ കൊല്ലത്ത് നിന്ന് തന്നെ . തുലാസിൽ തൂക്കി സ്ത്രീധനം വാങ്ങും എന്നുറപ്പ് . അതുകൊണ്ട് തന്നെ അത്തരം ആലോചനകളൊക്കെ ബുദ്ധിപൂർവ്വം ഒഴിവാക്കി . ചെക്കന് വിലകൂടിയ വാച്ച് , സ്ത്രീധനമെന്ന ഭീമമായ തുകയ്ക്ക് പുറമേ പോക്കറ്റ് മണി (പോക്കറ്റ് പണി ) ലേറ്റസ്റ്റ് മോഡൽ വിലകൂടിയ കാർ ഒക്കെയാവാമല്ലോ അവരുടെ ഡിമാന്റ് . അങ്ങനെയുള്ളവൻമാരെ നമുക്ക് വേണ്ട എന്നങ്ങ് തീരുമാനിച്ചു .

ബ്രോക്കർ ആലുവക്കാരനായ മുഹമ്മദ് സാലിയുടെ ആലോചനയുമായി വരുമ്പോൾ ആദ്യം പറഞ്ഞത് ഒരു ഡിമാന്റും ഇല്ലാത്ത ടീമ്സ് ആണെന്നാണ് . അങ്ങനെ ആലോചന പുരോഗമിച്ചു . എനിക്ക് ആകെയുണ്ടായിരുന്ന ഡിമാന്റ് പയ്യന് നല്ല ഹൈറ്റ് ഉണ്ടാവണം എന്നോടൊപ്പം വിദ്യാഭ്യാസം വേണം താടി വളർത്തരുത് .

പയ്യൻ ഗൾഫിൽ ആണ് . അവിടെ ബാങ്കിൽ ആണ് ജോലി . തരക്കേടില്ല എന്ന് തോന്നിയപ്പോൾ ഫോട്ടോ പരസ്പരം കൊടുത്തയച്ചു . അത് കണ്ട ഞങ്ങൾ പരസ്പരം ഞെട്ടി . താടിയുള്ള ഫോട്ടോ . എനിക്ക് വേണ്ട എന്ന് ഞാൻ കട്ടായം പറഞ്ഞു . പയ്യന് കൊടുത്തു വിട്ടത് ഞാൻ തലയിൽ തട്ടമിടാത്ത ഫോട്ടോ . ദീനും ദുനിയാവും ഇല്ലാത്ത പെണ്ണിനെ എനിക്കും വേണ്ട എന്ന് അവിടുന്നും അറിയിപ്പ് വന്നു .


പക്ഷെ സംഗതി അതല്ല രസം . കല്യാണാലോചനയുമായി ബന്ധപ്പെട്ട് ഒരിക്കൽ വീട്ടിൽ വന്ന പയ്യന്റെ വാപ്പ എൻറെ വാപ്പയുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി . ആലുവയിൽ നിന്ന് എറണാകുളത്ത് വരുമ്പോഴൊക്കെ അദ്ദേഹം വീട്ടിൽ വരിക പതിവായി . പെണ്ണും ചെക്കനും കല്യാണം വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് അവർ അടുത്ത പദ്ധതി ആലോചിച്ചു . കല്യാണത്തിന് അവൻ താടി വടിയ്ക്കും ആ വാപ്പ എനിക്ക് വാക്ക് തന്നു . കല്യാണം കഴിഞ്ഞാൽ മകൾ തലയിൽ തട്ടമിടും എൻറെ വാപ്പ അങ്ങോട്ടും. ചെക്കനെ ഭീഷണിപ്പെടുത്താനും ഇന്ന ഇന്ന ഡിമാൻറ്സ് ഉണ്ടെന്ന് അറിയിക്കാനും അന്ന് വാട്സാപ്പ് ഇല്ല ല്ലോ .

അങ്ങനെ വാപ്പാമാരുടെ വാക്കിൽ വിശ്വസിച്ചു ഒടുവിൽ കല്യാണം നടന്നു എന്ന് വേണം പറയാൻ .

കല്യാണ ദിവസം താടി വടിക്കാതെ വന്ന ചെക്കനെ കണ്ട് പുതിയ പെണ്ണ് വീണ്ടും ഞെട്ടി . തിരക്കിനിടയിൽ സമയം കിട്ടിയില്ല മോളെ അവൻ വടിച്ചോളും . ആ വാപ്പ ന്യായീകരിച്ചു . താടിയൊക്കെ വടിച്ച് അവൻ നിക്കാഹിന് വരണം എന്നായിരുന്നു എന്റെയും ആഗ്രഹം എന്നിട്ട് കണ്ടില്ലേ ഒരു സാധാ പാന്റ്സും ഷർട്ടും ഇട്ടോണ്ട് താടീം വച്ച് . ആ പിതാവും ദുഃഖം മറച്ചുവച്ചില്ല .

മരുമോൻ കോട്ടും സ്യൂട്ടുമിട്ട് വരണം എന്നായിരുന്നു എൻറെ ഉപ്പയുടെ ആഗ്രഹം . ഡ്രസ്സ് ഉപ്പ എടുത്തുകൊടുക്കും എന്നറിയിച്ചിട്ടും ചെക്കൻ അത് അംഗീകരിക്കാൻ തയ്യാറായില്ല പക്ഷെ അന്ന് തൊട്ട് ഇന്നുവരെ കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മൂപ്പർക്ക് സമയം കിട്ടിയിട്ടില്ല താടി വടിക്കാൻ . താടി വിശ്വാസത്തിന്റെ ഭാഗമാണത്രെ .

ഓഹ്‌ പറഞ്ഞു വന്നത് സ്ത്രീധനം ആണല്ലോ . കുടുംബത്തിലെ ആദ്യ കല്യാണം അല്ലെ . കല്യാണ നിശ്ചയത്തിന്റെയന്ന് കാർന്നോന്മാരെല്ലാം ചേർന്ന് ഒരു വാച്ചും ഒരു നിശ്ചിത തുക ഒരു കുഞ്ഞു ബാഗിലാക്കി അതും കൊണ്ട് ചെക്കന്റെ വീട്ടിൽ ചെന്നു . അവിടെ ചെന്നപ്പോഴാണറിയുന്നത് ചെക്കൻ വാച്ച് കെട്ടില്ല . എന്നാപ്പിന്നെ ബാഗും പണവും പിടിപ്പിക്കാമെന്ന് കരുതിയപ്പോൾ അതിനും ഒരുക്കമല്ല . ഒടുവിൽ എങ്ങനെയോ അവിടുത്തെ വാപ്പായെ ബാഗ് ഏൽപ്പിച്ച് കാർന്നോന്മാർ മടങ്ങി . കൊല്ലത്ത് നിന്ന് വന്ന കാർന്നോന്മാരാണെന്നോർക്കണം . ശ്ശെടാ ഇങ്ങനെയും പയ്യന്മാരോ എന്ന് അവർ മൂക്കത്ത് വിരൽ വച്ചിട്ടുണ്ടാവണം .


 

ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഉപ്പാനെക്കൊണ്ട് കഴിയും പോലെ ആരും കുറ്റം പറയാത്ത വിധം മകൾക്ക് അത്യാവശ്യം ആഭരണങ്ങളൊക്കെ ഇട്ടു തന്നെയാണ് കല്യാണപ്പന്തലിലേക്ക് കൈ പിടിച്ചത് . കല്യാണ വേദിയിൽ അമ്മായിയമ്മ മരുമോന് മോതിരം ഇടുന്ന ഒരു ചടങ്ങുണ്ട് . സബീന എന്ന് പേരൊക്കെ എഴുതിയ ഒരു പവന്റെ മോതിരം ഉമ്മ കരുതിയിരുന്നു. വിരലിൽ ഇട്ടുകൊടുക്കാൻ ഒരുങ്ങിയപ്പോൾ മൂപ്പര് അത് വാങ്ങി എനിക്ക് തന്നു . എൻറെ ഉമ്മ ആൾക്കൂട്ടത്തിൽ നാണിച്ചു .ഇന്നെവരെ അത് വിരലിൽ ഇട്ടിട്ടും ഇല്ല .

 

തലേന്ന് മൈലാഞ്ചിക്കല്യാണം ഉണ്ടായിരുന്നു . ഇന്നിപ്പോൾ മെഹന്ദി ഹൽദി മധുരം എന്നിങ്ങനെ കല്യാണം മാമാങ്കമായി കൊണ്ടാടുകയാണല്ലോ .

പറഞ്ഞു വരുന്നത് , എന്റെ ഉപ്പ കൊടുത്ത ആ തുകയുടെ ഒരു ഭാഗമാണ് , കല്യാണം കഴിഞ്ഞ ഉടനെ ഫാർമസി കോഴ്‌സിന് ചേർന്ന എനിക്ക് ഫീസടക്കാൻ ഉപയോഗിച്ചത് . മാത്രമല്ല ആ തുക വാങ്ങിയതിനെച്ചൊല്ലി മൂപ്പർ എപ്പോഴും മനോസംഘർഷം അനുഭവിച്ചിരുന്നു . ഒടുവിൽ ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ ആ തുക എൻറെ ഉപ്പാക്ക് തിരികെ കൊണ്ട് കൊടുത്തു . ഉപ്പ പലവട്ടം പറഞ്ഞു . ഞാനത് തിരികെ വാങ്ങില്ല ..എന്റെ മകൾക്ക് ഞാൻ കൊടുത്ത സമ്മാനമാണത് . അതെന്തോ എനിക്കറിയില്ല . എൻറെ ബാധ്യതയിൽ നിന്ന് ഞാനൊഴിവാകുന്നു എന്ന് പറഞ്ഞ് നിർബന്ധപൂർവ്വം അദ്ദേഹത്തെ അതേൽപ്പിച്ചു .

ഉപ്പാക്ക് വിഷമം ആയെങ്കിലും അദ്ദേഹം പിറ്റേ ദിവസം എന്നെയും കൂട്ടി ബാങ്കിൽ പോയി അത് എൻറെ പേരിൽ തന്നെ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തു . നോക്കണേ ഒരു സ്ത്രീധനത്തുകയുടെ ക്രയവിക്രയങ്ങൾ . ഇങ്ങനെയും മനുഷ്യർ സ്ത്രീധനമെന്ന ആചാരത്തെ സമീപിക്കുന്നുണ്ട് എന്നുകൂടി പറയാൻ വേണ്ടിയാണ് ഈ കുറിപ്പ് . രണ്ടു കുടുംബങ്ങൾ ബന്ധത്തിലേർപ്പെടുമ്പോൾ പൊങ്ങച്ചപ്രകടനങ്ങളല്ല മറിച്ച് സ്നേഹവും പരസ്പരവിശ്വാസവുമാണ് മുറുകെപ്പിടിക്കേണ്ടത് .


ഇസ്ലാമിൽ സ്ത്രീധനം ഹറാമാണ് . എന്നിട്ടും ഈ സമുദായത്തിലാണ് ഏറ്റവുമധികം സ്ത്രീധനക്കച്ചവടങ്ങൾ നടക്കുന്നത് . സ്ത്രീയാണ് പുരുഷന്റെ ഏറ്റവും വലിയ ധനമെന്നും മഹർ എന്ന ഒരു നിശ്ചിത തുകയോ സ്വർണ്ണമോ മറ്റേതെങ്കിലും സ്വത്തോ അവൾക്ക് അങ്ങോട്ട് നൽകി വേണം പുരുഷൻ ഒരു സ്ത്രീയെ തന്റെ പങ്കാളിയെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത് എന്ന പാഠങ്ങളെ കാറ്റിൽ പറത്തുന്ന ഇന്നത്തെ ആൺകുട്ടികളെ ഓര്ത്ത് ലജ്ജ തോന്നുന്നു .

പരസ്പരം മനസ്സിലാക്കുക സ്നേഹിക്കുക , പങ്കാളികൾ തുല്യരാണ് ,ഒരുപോലെ ദാമ്പത്യത്തിന്റെ തൂണുകളാണ് എന്ന് മനസ്സിലാക്കുന്നിടത്താണ് ജീവിതവിജയം . അത്തരം മൂല്യങ്ങൾ നമ്മുടെ മക്കളിലേക്ക് കൂടി പകർന്ന് കൊടുക്കുമ്പോൾ അന്യന്റെ മൊതല് കണ്ട് പനിക്കുന്നവരാകില്ല ഒരിക്കലും നമ്മുടെ ആൺമക്കൾ .

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News