മതനിന്ദ: പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം

In Editors Pick, ലോകം
August 17, 2023

കറാച്ചി: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല മേഖലയിലാണ് സംഭവം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ശുചീകരണ തൊഴിലാളി മതഗ്രന്ഥത്തെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെ മതനിന്ദ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്നലെ രാവിലെ ഇയാളുടെ വീട് ആക്രമിച്ച നൂറുകണക്കിലേറെ പേര്‍ ഇയാള്‍ താമസിച്ചിരുന്ന ക്രിസ്ത്യന്‍ കോളനിക്കും അവിടുത്തെ അഞ്ച് പള്ളികള്‍ക്കും നേരെ ആക്രമണം നടത്തി. പള്ളിയ്ക്കുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ അക്രമികള്‍ തീയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആയുധധാരികളായ ജനക്കൂട്ടം തെരുവുകളില്‍ നിറഞ്ഞതോടെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചു.

അക്രമികളെ ഭയന്ന് മേഖലയിലുള്ളവര്‍ വീടുവിട്ടിറങ്ങിയോടിയെന്നും പല വീടുകളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയെന്നും ഒരു ക്രിസ്ത്യന്‍ നേതാവ് പറഞ്ഞു. ഒരു സെമിത്തേരിയ്ക്ക് നേരെയും ആക്രമണമുണ്ടായി. പൊലീസ് അക്രമം തടഞ്ഞില്ലെന്നും ആരോപണമുണ്ട്.

സംഘര്‍ഷ മേഖലയില്‍ പൊലീസ് സാന്നിദ്ധ്യം മറികടന്നായിരുന്നു ആക്രമണം. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ അര്‍ദ്ധസൈനിക വിഭാഗമായ റേഞ്ചര്‍മാരെ വിന്യസിക്കുമെന്ന് പഞ്ചാബ് പ്രവിശ്യ ഭരണകൂടം അറിയിച്ചു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പാക് കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ ഉല്‍ ഹഖ് കക്കര്‍ പറഞ്ഞു.

മതനിന്ദയുടെ പേരില്‍ പാകിസ്ഥാനില്‍ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും ഇതിന് മുമ്പും അരങ്ങേറിയിട്ടുണ്ട്. ജൂണില്‍ 22കാരന് മതനിന്ദയുടെ പേരില്‍ വധശിക്ഷ വിധിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ഒരു യുവാവിനെ പൊലീസ് സ്റ്റേഷനുള്ളില്‍ അതിക്രമിച്ച് കടന്ന ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നിരുന്നു. 2021ല്‍ ശ്രീലങ്കന്‍ പൗരനായ ഒരു ഫാക്ടറി മാനേജരെയും ജനങ്ങള്‍ കൊന്നിരുന്നു.