നേര്; മോഹന്‍ലാലിന്റെ തിരിച്ചുവരവ്

ഡോ. ജോസ് ജോസഫ്

സമാധാനമായി ജീവിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കടന്നു വന്നു. വരുണ്‍ എന്ന യുവാവായ ആ അതിഥിയുടെ കാമാസക്തി കുടുംബത്തില്‍ വിതച്ച ദുരന്തവും അതിനെ ആ കുടുംബം നേരിടുന്നതുമായിരുന്നു ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളുടെ ഇതിവൃത്തം. ദൃശ്യം ചിത്രങ്ങള്‍ക്കും ട്വൊല്‍ത്ത് മാനും ശേഷം ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലും കുടുംബത്തിന്റെ സ്വസ്ഥതയിലേക്ക് അതിക്രമിച്ചു കയറുന്ന യുവാവിനെ കാണാം. ഈ യുവാവിന്റെ വഴി പിഴച്ച ജീവിതം ഒരു കുടുംബത്തില്‍ വിതച്ച ദുരന്തത്തിന്റെ ത്രെഡില്‍ നിന്നാണ് നേര് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ദൃശ്യത്തിലേതു പോലെ സസ്‌പെന്‍സോ ട്വിസ്റ്റുകളോ നേരില്‍ ഇല്ല. വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നേരെ കഥ പറഞ്ഞു പോകുന്ന കോര്‍ട്ട് റൂം ഡ്രാമയാണ് നേര്.ഏറെക്കാലത്തിനു ശേഷം മോഹന്‍ ലാലില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പ്രകടനം നേരില്‍ കാണാം. സംവിധായകന്‍ ജിത്തു ജോസഫും അഡ്വക്കേറ്റ് കൂടിയായ അഭിനേത്രി ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 152 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ചിത്രം തുടങ്ങുമ്പോള്‍ തന്നെ നേര് എന്താണെന്ന് പ്രേക്ഷകര്‍ക്ക് വ്യക്തമാകും.പ്രതി ആര് നിരപരാധി ആര് എന്നെല്ലാം തുടക്കത്തിലെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയാം. തിരുവനന്തപുരത്ത് തുമ്പയില്‍ പട്ടാപ്പകല്‍ സാറ (അനശ്വര രാജന്‍)എന്ന അന്ധയായ യുവതിയെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തുന്നു.മുഹമ്മദ് (ജഗദീഷ്) എന്ന ശില്പിയുടെ മകളാണ് സാറ.ഉപ്പയും ഉമ്മയും പുറത്തു പോയ സമയത്താണ് മകള്‍ പീഡിപ്പിക്കപ്പെട്ടത്. 12 വയസ്സുവരെ സാറയ്ക്ക് കാഴ്ച്ചയുണ്ടായിരുന്നു. പിന്നീടാണ് കാഴ്ച പോയത്. സ്പര്‍ശനം കൊണ്ട് ആരെയും തിരിച്ചറിയുന്ന സാറയും സ്‌കള്‍പ്ച്ചര്‍ നിര്‍മ്മാണത്തില്‍ മിടുക്കിയാണ്. സാറ നല്‍കിയ സൂചനകളില്‍ നിന്നും അടുത്ത വീട്ടില്‍ അതിഥിയായി വന്നു പോയ മൈക്കിള്‍ (ശങ്കര്‍ ഇന്ദുചൂഡന്‍) എന്ന യുവാവിനെ പോലീസ് പ്രതിയാക്കുന്നു. അന്ധയായ സാറ മാത്രമാണ് ഏക സാക്ഷി.

സമ്പന്നനായ ബിസിനസ്സുകാരന്റെ മകനായ മൈക്കിളിനു വേണ്ടി കോടതിയിലെത്തുന്നത് സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റായ രാജശേഖരനാണ് ( സിദ്ദിഖ്). സഹായത്തിന് മകള്‍ പൂര്‍ണിമയുമുണ്ട് (പ്രിയാമണി). പ്രതിയെ രക്ഷപ്പെടുത്താന്‍ രാജശേഖരന്‍ സര്‍വ്വ സന്നാഹങ്ങളുമൊരുക്കുന്നു. സാറയ്ക്കു വേണ്ടി കോടതിയിലെത്താന്‍ സീനിയര്‍ അഭിഭാഷകര്‍ ആരും തയ്യാറാകുന്നില്ല. ഈ സന്നിഗ്ദ ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ പോള്‍ വര്‍ഗീസിന്റെ (ഗണേഷ് കുമാര്‍) സഹായത്തോടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.വിജയമോഹനെ (മോഹന്‍ലാല്‍ ) കണ്ടെത്തുന്നത്.ആത്മവിശ്വാസം നഷ്ടപ്പെട്ട് ജോലിയില്‍ നിന്നും പിന്മാറി ഒതുങ്ങിക്കഴിയുകയായിരുന്നു വിജയമോഹന്‍.ശക്തനായ എതിരാളി രാജശേഖരനെ നേരിട്ട് കോര്‍ട്ട് ട്രയലില്‍ വിജയമോഹന്‍ തന്റെ പഴയ ഫോം വീണ്ടെടുക്കുന്നു. സാറയ്ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും അയാള്‍ സഞ്ചരിക്കുന്നു. അഡ്വക്കേറ്റ് വിജയമോഹന്റെ മാത്രമല്ല, നടന്‍ മോഹന്‍ലാലിന്റെ കൂടി ശക്തമായ തിരിച്ചു വരവാണ് നേര്.

വിജയമോഹന്‍, രാജശേഖരന്‍, സാറ, ജഡ്ജ് (മാത്യു വര്‍ഗീസ്) എന്നീ നാല് കഥാപാത്രങ്ങളിലൂടെയാണ് കോര്‍ട്ട് റൂം ഡ്രാമ ഏറിയ സമയവും മുന്നോട്ടു പോകുന്നത്. അതു വരെയും ചിത്രത്തില്‍ ഇല്ലാതിരുന്ന കഥാപാത്രങ്ങള്‍ ട്രയലിന്റെ ഓരോ ഘട്ടത്തിലും പുതുതായി എത്തുന്നു. വിചാരണ രംഗങ്ങളില്‍ കൂടുതലും ക്ലോസ് അപ് ഷോട്ടുകളാണ്.കഥാപാത്രങ്ങളുടെ ജീവിതങ്ങളിലേക്ക് വഴുതി മാറാതെ കുറ്റകൃത്യം തെളിയിക്കുന്നതിലാണ് തിരക്കഥ ശ്രദ്ധ നല്‍കിയിരിക്കുന്നത്. കോടതി രംഗങ്ങള്‍ വളച്ചു കെട്ടലുകളില്ലാതെ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിട്ടുണ്ട്.

മാസ് ഡയലോഗുകളോ അതിഭാവുകത്വമോ ഇല്ലാതെ വളരെ നിയന്ത്രണത്തോടെയും മിതത്വത്തോടെയുമാണ് മോഹന്‍ലാല്‍ വിജയമോഹനെ അവതരിപ്പിക്കുന്നത്. ക്രിമിനല്‍ ബുദ്ധിയുള്ള അഡ്വ.രാജശേഖരാനായി സിദ്ധിഖ് നടത്തുന്ന പ്രകടനം മോഹന്‍ലാലിന് ഒപ്പം നില്‍ക്കുന്നതാണ്. പ്രേക്ഷകരെ വെറുപ്പിക്കുന്നതില്‍ സിദ്ധിഖിന്റെ കഥാപാത്രം വിജയിച്ചു.അനശ്വര രാജന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമാണ് നേരിലെ സാറ. അന്ധയായ പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയും അതിജീവനത്തിനുള്ള പോരാട്ടവുമൊക്കെ അനശ്വര ഉജ്വലമാക്കി. ഗൗരവക്കാരനായ ജഡ്ജായി മാത്യു വര്‍ഗീസും സാറയുടെ പിതാവായ മുഹമ്മദായി ജഗദീഷും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വിജയമോഹന്റെ സഹായി ആയി എത്തുന്ന അഹാനയായി തിരക്കഥാകൃത്തു കൂടിയായ ശാന്തി മായാദേവിയും തിളങ്ങി.

സസ്‌പെന്‍സുകളില്ലാതിരുന്നിട്ടും പ്രേക്ഷകരെ ചിത്രം കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത് സംവിധായകന്‍ ജിത്തു ജോസഫിന്റെ ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതവും മികച്ചതാണ്. വി എസ് വിനായകനാണ് എഡിറ്റര്‍.മോഹന്‍ലാല്‍ എവിടെയും പോയിട്ടില്ലെന്നും നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മികച്ച പ്രകടനം നടത്താനുള്ള ‘ഫയര്‍’ ഇപ്പോഴും ബാക്കിയുണ്ടെന്നും നേര് തെളിയിക്കുന്നു.