തൃണമൂൽ എം.പി മഹുവ മൊയ്‌ത്രക്കെതിരെ പരാതി

In Editors Pick, Special Story
October 21, 2023

ഡൽഹി: അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ സഹായിച്ചെന്ന വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ വെളിപ്പെടുത്തലോടെ തൃണമൂൽ ലോക്‌സഭാ എം.പി മഹുവ മൊയ്‌ത്ര പ്രതിരോധത്തിൽ. മഹുവയ്‌ക്കെതിരെയുള്ള വ്യവസായിയുടെ സത്യവാങ്‌മൂലം ലഭിച്ചിട്ടുണ്ടെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നൽകിയ പരാതി പരിഗണിക്കുന്ന പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ് സോങ്കർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ദർശൻ സത്യവാങ്‌മൂലം നൽകിയതെന്നും ലോക്‌സഭയിൽ നിന്ന് തന്നെ പുറത്താക്കലാണ് ബി.ജെ.പി ലക്ഷ്യമെന്നും മഹുവ പറഞ്ഞു.

എത്തിക്‌സ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിൽ മഹുവ മൊയ്‌ത്രയുമായുള്ള സൗഹൃദം ശരിവച്ച ദർശൻ ഹിരാനന്ദാനി, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദാനിയെയും ആക്രമിച്ച് പ്രശസ്‌തി നേടാമെന്ന് മഹുവ കരുതിയെന്നും പറയുന്നു. ചോദ്യങ്ങൾ തയ്യാറാക്കി നൽകാൻ മഹുവയുടെ പാർലമെന്റ് അക്കൗണ്ട് താൻ ഉപയോഗിച്ചു. എം.പി തന്നിൽ നിന്ന് ആനുകൂല്യങ്ങളും സമ്മാനങ്ങളും ആവശ്യപ്പെട്ടതായും ഹിരാനന്ദാനി അവകാശപ്പെടുന്നു. നിഷികാന്ത് ദുബെ ലോക്‌സഭാ സ്‌പീക്കർക്ക് നൽകിയ കത്തിലെ ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണിത്. മഹുവയ്‌ക്കെതിരായ പരാതിയിൽ ഈമാസം 26ന് നിഷികാന്തിൽ നിന്ന് കമ്മിറ്റി മൊഴിയെടുക്കും.

ബി.ജെ.പിയും പ്രധാനമന്ത്രിയുടെ ഓഫീസും ഹിരാനന്ദാനിയെ ഭീഷണിപ്പെടുത്തി സത്യവാങ്‌മൂലം നിർബന്ധിച്ച് വാങ്ങിയതാണെന്ന് മഹുവ ആരോപിച്ചു. ബിസിനസ് തകർക്കുമെന്നും സി.ബി.ഐ കേസുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി. വെറും കടലാസിൽ എഴുതി നൽകിയ സത്യവാങ്‌മൂലത്തിന് വിശ്വാസ്യതയില്ല. പ്രമുഖ വ്യവസായിക്ക് ഔദ്യോഗിക ലെറ്റർഹെഡ് ഇല്ലെങ്കിൽ നോട്ടറി രേഖകൾ ഉപയോഗിക്കാമായിരുന്നു,​ അവർ ചൂണ്ടിക്കാട്ടി

അതിനിടെ,​ നിഷികാന്ത് ദുബെയ്‌ക്കും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രിക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ കേസിൽ നിന്ന് മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കർനാരായൺ പിൻമാറി. മഹുവയ്‌ക്കെതിരെ സി.ബി.ഐയിൽ നൽകിയ പരാതി പിൻവലിക്കാൻ ഗോപാൽ ശങ്കർനാരായൺ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചെന്ന് ദേഹാദ്രായി കോടതിയിൽ അറിയിച്ചിരുന്നു. ഇതിൽ കോടതി അതൃപ്‌തി അറിയിച്ചതിനെ തുടർന്നാണ് പിൻമാറ്റം. കേസ് ഒക്‌ടോബർ 31ലേക്ക് മാറ്റി.