ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ചാമ്പ്യന്‍മാര്‍

In Editors Pick, കായികം
August 13, 2023

ചെന്നൈ: അവസാന വിസില്‍വരെ ആവേശം നിറഞ്ഞു നിന്ന ത്രില്ലര്‍ ഫൈനലിനൊടുവില്‍ മലേഷ്യയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടത്തില്‍ മുത്തമിട്ടു. ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്റ്റേഡിയം വേദിയായ കലാശപ്പോരില്‍ ഇടവേളയ്ക്ക് പിരയുമ്പോള്‍ 1-3ന് പിന്നിലായിരുന്ന ഇന്ത്യ പിന്നീട് ഗംഭീര ിരിച്ചു വരവ് നടത്തി 4-3ന് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുകയായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നാലാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍മാരാകുന്നത്. നാല് തവണ ഈ കിരീടം നേടുന്ന ഒരേ ഒരു ടീമാണ് ഇന്ത്യ.

ഏഴാം മിനിട്ടില്‍ ജുഗ്‌രാജിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും 14-ാം മിനിട്ടില്‍ അബു കമാല്‍ അസ്രയിലൂടെ മലേഷ്യ ഒപ്പമെത്തി.18-ാം മിനി്ടില്‍ റാസി റഹിമിലൂടെ മുന്നിലെത്തിയ മലേഷ്യ 28-ാം മിനിട്ടില്‍ അമീനുദ്ദീന്‍ മുഹമ്മദ് നേടിയ ഗോളിലൂടെ ലഡ് ഇരട്ടിയാക്കി. മലേഷ്യ 3-1ന് മുന്നില്‍. എന്നാല്‍ പതറാതെ പൊരുതിയ ഇന്ത്യ

അവസാന ക്വാര്‍ട്ടറിന് മുന്‍പ് ഹര്‍മ്മന്‍ പ്രീതിലൂടെ രണ്ടാം ഗോള്‍ നേടി. തൊട്ടുപിന്നാലെ ഗുര്‍ജന്ത് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു. കനത്ത പോരാട്ടത്തിനിടെ 57-ാം മിനിട്ടില്‍ അക്ഷദീപിന്റെ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ ചരിത്ര ജയം ഉറപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയാകെ 29 ഗോളുകള്‍ നേടി. ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് സിംഗാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. 300 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ളമലയാളി താരം പി.ആര്‍ ശ്രീജേഷും ടീമിലുണ്ടായിരുന്നു. ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊറിയയെ കീഴടക്കി ജപ്പാന്‍ മൂന്നാം സ്ഥാനം നേടി.

ചരിത്രം വിജയം നേടിയ ഇന്ത്യന്‍ കളിക്കാര്‍ക്ക് ഹോക്കി ഇന്ത്യ 3 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 1.50 ലക്ഷം വീതവും നല്‍കും.