ലണ്ടൻ: മരണം മുന്നിൽ കാണുന്ന രോഗികൾക്ക് വൈദ്യസഹായത്തോടെ മരിക്കാൻ അനുമതി നൽകുന്ന ബിൽ ബ്രിട്ടീഷ് ജനസഭ പാസാക്കി. ഇനി പ്രഭുസഭയുടെ അംഗീകാരവും രാജകീയ അനുമതിയും കൂടി ലഭിച്ചാൽ നിയമാവും.
ദീർഘകാലമായി തുടരുന്ന ധാർമ്മികവും സാമൂഹികവുമായ സംവാദങ്ങൾക്ക് ഇതോടെ വിരാമമായി.”ടെർമിനലി ഇൽ അഡൽറ്റ്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ” എന്നറിയപ്പെടുന്നതാണ് ഈ നിയമം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ഒരു സുപ്രധാന സാമൂഹിക പരിഷ്കരണമായാണ് ഈ നിയമനിർമ്മാണം വിലയിരുത്തപ്പെടുന്നത്.
മാറാരോഗം ബാധിച്ച് ആറുമാസത്തിൽ താഴെ മാത്രം ജീവിതം പ്രതീക്ഷിക്കുന്നവർക്ക് ഈ നിയമം അനുഗ്രമാണ്. കടുത്ത വേദനയിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം നേടുന്നതിനായി, സ്വന്തം ഇഷ്ടപ്രകാരം ജീവൻ അവസാനിപ്പിക്കാൻ ഈ നിയമം അവർക്ക് അവസരം നൽകുന്നു.
പുതിയ നിയമപ്രകാരം, ദയാവധത്തിന് അപേക്ഷിക്കുന്നതിന് കർശനമായ വ്യവസ്ഥകൾ പാലിക്കണം. അപേക്ഷകൻ മാനസികമായി ആരോഗ്യവാനും, മാറാരോഗം ബാധിച്ച് ആറുമാസത്തിൽ താഴെ മാത്രം ജീവിതം പ്രതീക്ഷിക്കുന്ന വ്യക്തിയുമായിരിക്കണം. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ളവരെ മാത്രം ഇത് പരിഗണിക്കില്ല.
അപേക്ഷ തികച്ചും സ്വമേധയാ ഉള്ളതും, വ്യക്തവും, അറിവോടെയുള്ളതുമായിരിക്കണം. സാന്ത്വന പരിചരണവും വേദന സംഹാരികളും ഉൾപ്പെടെയുള്ള എല്ലാ ചികിത്സാ സാധ്യതകളെക്കുറിച്ചും രോഗിയുമായി സംസാരിക്കണം. രോഗിയുടെ തീരുമാനം ഓരോ ഘട്ടത്തിലും സ്ഥിരീകരിക്കണം. ഏത് സമയത്തും തീരുമാനം മാറ്റാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരിക്കണം.
രണ്ട് സ്വതന്ത്ര ഡോക്ടർമാർ അപേക്ഷകൻ്റെ യോഗ്യതാ മാനദണ്ഡങ്ങളും, നിർബന്ധമില്ലാതെ സ്വമേധയാ എടുത്ത തീരുമാനവുമാണെന്ന് സ്ഥിരീകരിക്കണം. രോഗിയുടെ മാനസിക ശേഷിയെക്കുറിച്ച് സംശയമുണ്ടെങ്കിൽ അല്ലെങ്കിൽ ഡോക്ടർക്ക് രോഗത്തെക്കുറിച്ച് മതിയായ അറിവില്ലെങ്കിൽ, ഒരു സ്വതന്ത്ര വിദഗ്ദ്ധനെ അഭിപ്രായം തേടണം.
മുമ്പ്, രണ്ട് ഡോക്ടർമാർ അപേക്ഷ അംഗീകരിച്ചാൽ, ഹൈക്കോടതിയിൽ സമർപ്പിക്കുകയും, നിയമം കൃത്യമായി പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുകയും വേണം. എന്നാൽ, ജഡ്ജിയുടെ അംഗീകാരം എന്ന വ്യവസ്ഥ നീക്കം ചെയ്തിട്ടുണ്ട്.
രണ്ട് മെഡിക്കൽ വിലയിരുത്തലുകൾക്കിടയിൽ കുറഞ്ഞത് ഏഴ് ദിവസത്തെ ഇടവേളയും,ഹൈക്കോടതിയുടെ അംഗീകാരത്തിന് ശേഷം 14 ദിവസത്തെ അധിക കാലയളവും ഉണ്ടായിരിക്കണം.
മരുന്നുകൾ നിർദ്ദേശിക്കുന്നതിനും, കൊണ്ടുപോകുന്നതിനും, നൽകുന്നതിനും കർശനമായ പ്രോട്ടോക്കോളുകൾ ഉണ്ടാകും. പരിശീലനം ലഭിച്ച ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ മേൽനോട്ടത്തിൽ വേണം ഇത്. മരുന്ന് സ്വയം നൽകണം. ഉപയോഗിക്കാതെ ഇരുന്നാൽ ഉടൻ നീക്കം ചെയ്യണം.
നിയമത്തിൻ്റെ പ്രയോഗം സൂക്ഷ്മമായി നിരീക്ഷിക്കണം. ഓരോ ദയാവധത്തിൻ്റെയും വിശദാംശങ്ങൾ ശേഖരിച്ച് വർഷം തോറും പ്രസിദ്ധീകരിക്കണം.
വഞ്ചന, ഭീഷണി അല്ലെങ്കിൽ സമ്മർദ്ദം എന്നിവയിലൂടെ ഒരു വ്യക്തിയെ ദയാവധത്തിന് പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാക്കുന്ന പുതിയ കുറ്റകൃത്യങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രേഖകൾ കെട്ടിച്ചമയ്ക്കുന്നതും, നശിപ്പിക്കുന്നതും, മറച്ചുവെക്കുന്നതും നിയമവിരുദ്ധമായിരിക്കുമെന്ന് ബിൽ പറയുന്നു.
ബ്രിട്ടനിൽ ഈ നിയമനിർമ്മാണം നടക്കുമ്പോൾ, ഇന്ത്യയിലെ ദയാവധ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. നിലവിൽ, ഇന്ത്യയിൽ രോഗിയുടെ ജീവൻ നേരിട്ട് അവസാനിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അത് കൊലപാതകമായി ഇത് കണക്കാക്കപ്പെടുന്നു.
എന്നാൽ, ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യുകയോ ചികിത്സ നിർത്തുകയോ ചെയ്ത് രോഗിയെ സ്വാഭാവിക മരണത്തിന് അനുവദിക്കുന്ന രീതി ചില കർശനമായ വ്യവസ്ഥകളോടെ സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.
2018-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി പ്രകാരം, “മരണമൊഴി” അല്ലെങ്കിൽ “അഡ്വാൻസ് മെഡിക്കൽ ഡയറക്റ്റീവ്” എന്ന ആശയം ഇന്ത്യയിൽ നിയമപരമാക്കി.
ഒരു വ്യക്തിക്ക് രോഗം മൂലം സ്വയം തീരുമാനമെടുക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ, എന്ത് ചികിത്സ വേണം, ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യണമോ വേണ്ടയോ എന്നതിനെക്കുറിച്ച് മുൻകൂട്ടി എഴുതിവയ്ക്കാൻ ഇത് അനുവദിക്കുന്നു. 2023-ൽ സുപ്രീം കോടതി ഈ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ലളിതമാക്കി.
ദയാവധം നിയമവിധേയമാക്കുന്നതിനെക്കുറിച്ച് നിലവിൽ ഇന്ത്യ സർക്കാർ ആലോചനകൾ നടത്തുന്നില്ല. എന്നാൽ, പാസീവ് ദയാവധവുമായി ബന്ധപ്പെട്ട്, “യൂത്തനേഷ്യ (റെഗുലേഷൻ) ബിൽ, 2019” എന്ന പേരിൽ ഒരു സ്വകാര്യ അംഗം ഒരു ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു .അതിനപ്പുറമുള്ള ചർച്ചകളൊന്നും നടക്കുന്നുമില്ല.
ദയാവധം നിയമവിധേയമാക്കുന്നത് സംബന്ധിച്ച് വിപുലമായ ചർച്ചകളും നിയമനിർമ്മാണവും ഇനിയും നടക്കാനുണ്ട്. ധാർമ്മികവും മതപരവും സാമൂഹികവുമായ നിരവധി ചോദ്യങ്ങൾ ഈ വിഷയത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് വലിയ തടസ്സമായി വരുമെന്ന കാര്യം തീർച്ച.