റിയോ തത്സുകിയുടെ ‘ദുരന്ത’ പ്രവചനം: ജപ്പാൻ ആശങ്കയിൽ

ടോക്കിയോ : എഴുപതുകാരിയായ മാംഗാ കലാകാരി റിയോ തത്സുകിയുടെ ജൂലൈ 5-ലെ ‘ദുരന്ത’ പ്രവചനത്തെക്കുറിച്ചുള്ള ആശങ്കയിൽ ജപ്പാൻ. പ്രവചനം യാഥാർത്ഥ്യമാകുമോ ഇല്ലയോ എന്ന് ശനിയാഴ്ച അറിയാം.

ടോക്കറ ദ്വീപുകളിൽ അടുത്തിടെയുണ്ടായ ഭൂകമ്പ പരമ്പരകളുടെയും നങ്കായി ട്രഫ് മേഖലയിലെ വലിയ ഭൂകമ്പ സാധ്യതയുടെയും പശ്ചാത്തലത്തിൽ ജപ്പാൻ ജനതയും സർക്കാരും കനത്ത ജാഗ്രതയിലാണ്.

മഹാദുരന്തം സംഭവിക്കുമെന്ന പ്രവചനം ചർച്ചാ വിഷയമായതോടെ, ജനങ്ങൾക്കിടയിൽ വലിയ ഉത്കണ്ഠയാണ് നിറയുന്നത്. എന്നാൽ, ഇത്തരം പ്രവചനങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്ന് ജപ്പാനിലെ ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ ഏജൻസികളും സർക്കാരും ആവർത്തിച്ച് വ്യക്തമാക്കുന്നു.

Ryo Tatsuki: The Manga Artist Behind Japan's Mega-Tsunami Prediction

1999-ൽ പുറത്തിറങ്ങിയ റിയോ തത്സുകിയുടെ “ദി ഫ്യൂച്ചർ ഐ സോ” എന്ന മാംഗാ പുസ്തകത്തിലെ പ്രവചനങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണം. 1995-ലെ കോബെ ഭൂകമ്പം, 2011-ലെ ടോഹോകു ഭൂകമ്പവും സുനാമിയും, ഫ്രെഡി മെർക്കുറിയുടെയും ഡയാന രാജകുമാരിയുടെയും മരണം, കോവിഡ്-19 മഹാമാരി എന്നിവയെല്ലാം തത്സുകി നേരത്തെ പ്രവചിച്ചിരുന്നതായി പറയുന്നുണ്ട്. ഇത് അവരുടെ പുതിയ പ്രവചനത്തിന് വലിയ പ്രചാരം നൽകി.

2021-ൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ പുതിയ പതിപ്പിലാണ് “മഹാദുരന്തം” സംഭവിക്കുമെന്ന് തത്സുകി പ്രവചിച്ചത്. ഫിലിപ്പീൻ കടലിൽ ശക്തമായ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകുമെന്നും ഇത് 2011-ലെ സുനാമിയേക്കാൾ മൂന്നിരട്ടി വലിയ തിരമാലകൾക്ക് കാരണമാകുമെന്നും ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ കടലിനടിയിൽ വിള്ളൽ സംഭവിക്കുമെന്നുമായിരുന്നു പ്രവചനം.

ഈ പ്രവചനം സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും ചില ഹാഷ്ടാഗുകൾ ട്രെൻഡിംഗാവുകയും ചെയ്തു. ഇത് ജപ്പാനിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചു.

ജൂലൈ ആദ്യ ദിവസങ്ങളിലെ ജപ്പാനിലേക്കുള്ള ടൂറിസം ബുക്കിംഗുകളിൽ, പ്രത്യേകിച്ച് ഹോങ്കോംഗ്, ചൈന, തായ്‌വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്, ഗണ്യമായ കുറവുണ്ടായി. ചില വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സാമ്പത്തിക മേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്.

തത്സുകിയുടെ പ്രവചനം കാപ്പി കടകളിലും, ബാറുകളിലും, സമൂഹമാധ്യമങ്ങളിലും സജീവ ചർച്ചാ വിഷയമാണ്. ചിലർ പ്രവചനത്തിൽ വിശ്വസിക്കുമ്പോൾ, മറ്റുചിലർ സംശയത്തോടെയും പരിഹാസത്തോടെയും ഇതിനെ കാണുന്നു.

ജപ്പാൻ കാലാവസ്ഥാ ഏജൻസി ഉൾപ്പെടെയുള്ള ശാസ്ത്രീയ സ്ഥാപനങ്ങളും സർക്കാരും തത്സുകിയുടെ പ്രവചനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ഭൂകമ്പങ്ങളോ സുനാമികളോ കൃത്യമായി പ്രവചിക്കാൻ നിലവിലെ സാങ്കേതിക വിദ്യകൾക്ക് കഴിയില്ലെന്നും അവർ ഓർമ്മിപ്പിച്ചു.

ശാസ്ത്രീയ അടിത്തറയില്ലാത്ത കിംവദന്തികൾ അവഗണിക്കണമെന്നും യഥാർത്ഥ ദുരന്ത നിവാരണ മാർഗ്ഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ശക്തമായ മുന്നറിയിപ്പ് സംവിധാനങ്ങൾ, കെട്ടിടനിർമ്മാണ ചട്ടങ്ങൾ, പതിവ് ദുരന്ത നിവാരണ പരിശീലനങ്ങൾ എന്നിവയാണ് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള ഏറ്റവും മികച്ച വഴികളെന്നും അവർ സർക്കാർ വക്താക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News