ന്യൂയോർക്ക്: നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഗർഭധാരണവും.19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിയാറുകാരി ഗർഭം ധരിച്ചതായി റിപ്പോർട്ട്.
കൊളംബിയ യൂണിവേഴ്സിറ്റി ഫെർട്ടിലിറ്റി സെൻ്ററിലെ ഡോക്ടർമാർ, ഒരു കുഞ്ഞിനായി ശ്രമിച്ചുകൊണ്ടിരുന്ന ദമ്പതികളിൽ പുതിയ നിർമ്മിത ബുദ്ധി സംവിധാനം പരീക്ഷിക്കുകയായിരുന്നു
സെൻ്റർ ഡയറക്ടർ ഡോ. സെവ് വില്യംസിൻ്റെ നേതൃത്വത്തിലുള്ള കൊളംബിയൻ സംഘം വികസിപ്പിച്ചെടുത്ത രീതിയാണ് ഗർഭധാരണത്തിന് വഴിയൊരുക്കിയത്.
ഇത് അസൂസ്പെർമിയ അല്ലെങ്കിൽ ശുക്ലത്തിൽ കണ്ടെത്താനാവുന്ന ബീജങ്ങളുടെ അഭാവം എന്ന അവസ്ഥയെ നേരിടാൻ സഹായിക്കുന്നതായിരുന്നു. അമേരിക്കയിൽ വന്ധ്യതയുടെ ഏകദേശം 40% പുരുഷന്മാരുമായി ബന്ധപ്പെട്ടതാണ്. അതിൽ ഏകദേശം 10 ശതമാനം കേസുകൾക്ക് കാരണം അസൂസ്പെർമിയയാണ്.
അടുത്തിടെ വരെ, ബീജസങ്കലനം നടത്താൻ ആവശ്യമായ ബീജങ്ങളുടെ അഭാവം പരിഹരിക്കാൻ ദാതാവിൻ്റെ ബീജം ഉപയോഗിക്കുകയായിരുന്നു പതിവ്.അതല്ലാതെ ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
അസൂസ്പെർമിയ ഉള്ള ഒരു പുരുഷൻ്റെ ബീജ സാമ്പിൾ നഗ്നനേത്രങ്ങൾക്ക് സാധാരണമായി തോന്നുമെങ്കിലും, മൈക്രോസ്കോപ്പ് വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നതെന്ന് വില്യംസ് പറയുന്നു. വളരെ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധർക്ക് പോലും ഈ സാമ്പിളുകളിൽ ബീജങ്ങൾ കണ്ടെത്താൻ കഴിയാറില്ല.
ഇവിടെയാണ് നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം. വില്യംസും സഹപ്രവർത്തകരും ബീജങ്ങളെ കണ്ടെത്താനുള്ള ഒരു നിർമ്മിത ബുദ്ധി അൽഗോരിതം ഒരു ഫ്ലൂയിഡിക് ചിപ്പുമായി സംയോജിപ്പിച്ച് അഞ്ച് വർഷം ഗവേഷണം നടത്തി.
ഈ ചിപ്പിലൂടെ ശുക്ല സാമ്പിൾ ഒരു ചെറിയ ട്യൂബിലൂടെ കടന്നുപോകും.നിർമ്മിത ബുദ്ധി ബീജങ്ങളെ കണ്ടെത്തിയാൽ, ശുക്ലത്തിൻ്റെ ആ ചെറിയ ഭാഗം ഒരു പ്രത്യേക ട്യൂബിലേക്ക് തിരിച്ചുവിട്ട് ശേഖരിക്കും. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന കുറച്ച് ബീജങ്ങൾ പിന്നീട് സൂക്ഷിക്കാനോ മരവിപ്പിക്കാനോ ഒരു അണ്ഡത്തിൽ ബീജസങ്കലനം നടത്താനോ ഉപയോഗിക്കാം.
പുതിയ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടെത്താൻ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ സമാനമായ സമീപനങ്ങളിൽ നിന്നാണ് ‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ഈ രീതിക്ക് പ്രചോദനം ലഭിച്ചത്,
“കോടിക്കണക്കിന് നക്ഷത്രങ്ങളാൽ നിറഞ്ഞ ആകാശത്തേക്ക് നോക്കി ഒരു പുതിയ നക്ഷത്രത്തെയോ ഒരു പുതിയ നക്ഷത്രത്തിൻ്റെ ജനനത്തെയോ കണ്ടെത്താൻ കഴിയുമെങ്കിൽ, കോടിക്കണക്കിന് കോശങ്ങളിലൂടെ നോക്കി നമ്മൾ തിരയുന്ന ആ പ്രത്യേക കോശത്തെ കണ്ടെത്താൻ അതേ സമീപനം ഉപയോഗിക്കാം,” വില്യംസ് പറയുന്നു.
ഈ സാഹചര്യത്തിൽ, “വളരെ വളരെ വളരെ അപൂർവമായ ബീജങ്ങളെ” കണ്ടെത്താൻ സ്റ്റാർ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
“ഇതൊരു ആയിരം വൈക്കോൽ കൂമ്പാരങ്ങളിൽ ഒളിപ്പിച്ച സൂചി കണ്ടെത്തുന്നതിന് തുല്യമാണെന്ന് ഞാൻ ഉപമിക്കുന്നു. എന്നാൽ ഇതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് ചെയ്യാൻ കഴിയും – കൂടാതെ വളരെ മൃദലമായതിനാൽ വീണ്ടെടുക്കുന്ന ബീജങ്ങൾ ഒരു അണ്ഡത്തിൽ ബീജസങ്കലനം നടത്താൻ ഉപയോഗിക്കാം.”-വില്യംസ് വിശദീകരിക്കുന്നു.
2025 മാർച്ചിൽ സ്റ്റാർ ഉപയോഗിച്ച് ഗർഭം ധരിച്ച ആദ്യ ദമ്പതികളുടെ പേര് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. റോസിയും ഭർത്താവും എന്ന് അവരെ വിളിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ഓർത്തഡോക്സ് ജൂത വിശ്വാസികളാണ് ഈ ദമ്പതികൾ. റോസിക്ക് ഇപ്പോൾ നാലുമാസം ഗർഭമുണ്ടെന്ന് വില്യംസ് അറിയിച്ചു. ഡിസംബറിൽ പ്രസവം ഉണ്ടാവുമെന്നാണ് കരുതുന്നത്.